Monday, November 29, 2021

കേരളപ്പിറവി ദിനത്തിൽ സ്‌കൂളുകൾ തുറക്കാൻ തകൃതിയായി ഒരുക്കങ്ങൾ നടക്കുമ്പോഴും ആശങ്കകൾ ബാക്കിയാകുകയാണ്

Must Read

കേരളപ്പിറവി ദിനത്തിൽ സ്‌കൂളുകൾ തുറക്കാൻ തകൃതിയായി ഒരുക്കങ്ങൾ നടക്കുമ്പോഴും ആശങ്കകൾ ബാക്കിയാകുകയാണ്. സ്‌കൂൾ അധികൃതർക്കും രക്ഷാകർത്താക്കൾക്കും ഉള്ള പലവിധ ആശങ്കകൾക്കിടയിലാണ് സ്കൂൾ തുറക്കുന്നത്.

നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലായി കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ 17 വിദ്യാലയങ്ങളുണ്ട്. അധ്യാപകരുടെയും അനധ്യാപകരുടെയും കോവിഡ് വാക്‌സിനേഷൻ പൂർത്തിയായത് ആശ്വാസമാകുന്നു. മൂന്നേകാൽ ലക്ഷം കുട്ടികളാണ് മേഖലയിൽ പത്താം ക്ലാസ് വരെ വിവിധ ക്ളാസുകളിലായുള്ളത്. ഇവരിൽ പകുതിയെങ്കിലും ക്ലാസിൽ എത്തുമെന്നാണ് പ്രതീക്ഷ. പലരും കുട്ടികളെ വിടാനുള്ള സമ്മതപത്രം ഇതുവരെ നൽകിയിട്ടില്ല. സ്‌കൂൾ തുറന്ന് കാര്യങ്ങൾ വിലയിരുത്തിയശേഷം തീരുമാനിക്കാമെന്ന നിലപാടിലാണ് കൂടുതൽ രക്ഷാകർത്താക്കളും.

പല സ്‌കൂളുകളിലും സ്ഥിരം അധ്യാപകരില്ല. മൂന്ന് ഉപജില്ലയിലായി 318 പ്രൈമറി അധ്യാപകരുടെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നൂറോളം ഹൈസ്‌കൂൾ അധ്യാപകരുടെ ഒഴിവുകളുമുണ്ട്. എല്ലാറ്റിലും ദിവസവേതനാടിസ്ഥാനത്തിലുള്ള താത്കാലിക നിയമനം നടക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്.

പാലോട്, നെടുമങ്ങാട്, കാട്ടാക്കട എന്നീ മൂന്നു വിദ്യാഭ്യാസ ഉപജില്ലകളിലെയും വിദ്യാഭ്യാസ ഓഫീസർമാരും ഓഫീസ് ജീവനക്കാരും സ്‌കൂളുകളിലെ ഭൗതികപ്രശ്നങ്ങൾ പരിഹരിച്ചുവരികയാണ്. സന്നദ്ധസംഘടനകളുടേയും പി.ടി.എ.യുടേയും സഹായത്തോടെ സ്‌കൂളുകൾ ഏതാണ്ട് നവീകരിച്ചു കഴിഞ്ഞു.

വിദ്യാലയച്ചുമരുകളെ കാൻവാസാക്കി ഒരു അധ്യാപകൻ

വെഞ്ഞാറമൂട്: ഇത്തവണ സ്കൂൾ തുറക്കുമ്പോൾ വിദ്യാലയ ചുമരുകളിൽ ചിത്രം വരച്ച് ആകർഷകമാക്കുകയാണ് ഒരു അധ്യാപകൻ. പരമേശ്വരം ജെ.എം.എൽ.പി.എസിലെ അധ്യാപകൻ ഒ.ബി.ഷാബുവാണ് സ്വന്തം ചെലവിൽ സ്കൂളിലെ ചുമരുകൾ ചിത്രങ്ങളാൽ മനോഹരമാക്കുന്നത്.

നാടും കാടും എന്ന വിഷയത്തിലാണ് ചിത്രങ്ങൾ. സഹജീവി സ്നേഹം, ദേശീയത തുടങ്ങിയവയെല്ലാം ചിത്രങ്ങളിലൂടെ സംവദിക്കുന്നുണ്ട്. കാളകളെ പൂട്ടുന്ന കർഷകൻ, കാട്ടിൽ നിൽക്കുന്ന ആന, മരക്കൊമ്പിലെ മയിൽ; ഇങ്ങനെ നീണ്ടുപോകുകയാണ് വരകൾ.

ഈ അധ്യാപകൻ ലോക്ഡൗൺ കാലത്ത് 70,000 രൂപ മുടക്കി ക്ലാസ് മുറികൾ ചായമടിക്കുകയും ചെയ്തു. അതിനു മുമ്പ് രണ്ടുലക്ഷം രൂപയുടെ ഫർണിച്ചർ വാങ്ങിനൽകുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ പരിസരം വൃത്തിയാക്കി

വെമ്പായം: സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് കൊഞ്ചിറ റസിഡൻറ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ കൊഞ്ചിറ ഗവ. യു.പി.എസിനു മുന്നിലെ റോഡും പരിസരവും വൃത്തിയാക്കി. കൊഞ്ചിറ ജങ്ഷനിൽനിന്നു നാലുമുക്കുവരെയുള്ള മാലിന്യം നീക്കംചെയ്തു.

സ്‌കൂൾ കുട്ടികൾക്ക് സുരക്ഷിതമായി നടന്നുപോകുന്നതിനും ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കുന്നതിനുമാണ് റസിഡൻറ്‌സ്‌ അസോസിയേഷൻ മുന്നിട്ടിറങ്ങിയത്. കൊഞ്ചിറ റസിഡൻറ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ് വി.ബി.നന്ദകുമാർ, സെക്രട്ടറി എസ്.ബാബുരാജ്, ഷിജി, വൈ.എ.റഷീദ്, മനോഹരൻനായർ, കെ.ജയൻനായർ, മോഹനൻനായർ, സുനിൽകുമാർ, ജയകുമാർ, ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

ഇതുകൂടാതെ കുടുംബശ്രീ പ്രവർത്തകർ സ്‌കൂൾ ക്ലാസുകൾക്കകം കഴുകി വൃത്തിയാക്കുകയും പരിസരം ശുചിയാക്കുകയും ചെയ്തു.

ബസുകൾ കട്ടപ്പുറത്ത്

പാലോട്: ഫസ്റ്റ് ബെല്ലിന് മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ മിക്ക സ്‌കൂൾബസുകളും കട്ടപ്പുറത്തുതന്നെ. നിരത്തിലിറങ്ങിയവ ചുരുക്കം. മിക്കവയ്ക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. എന്നാൽ, ഇതിന് ഡിസംബർ വരെ കാലാവധി നീട്ടിക്കൊടുത്തിട്ടുണ്ട്. സ്‌കൂളിന് സ്വന്തമായി ബസില്ലാത്തത് വിദ്യാർഥികളുടെ യാത്ര ദുരിതത്തിലാക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നികുതി അടച്ച് ബസുകൾ നിരത്തിലിറക്കണമെങ്കിൽ സ്‌കൂൾ പി.ടി.എ. ലക്ഷങ്ങൾ കണ്ടെത്തേണ്ടിവരും. ഈ പ്രത്യേക സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി. ബസ് സ്‌കൂൾ ആവശ്യത്തിന് മാത്രം ഓടിക്കുക എന്നതും പ്രായോഗികമല്ല. മാത്രമല്ല, സ്‌കൂൾ ബസിൽ ഒരുസീറ്റിൽ ഒരു കുട്ടിമാത്രമാക്കി യാത്ര നിജപ്പെടുത്തിയതും പ്രായോഗിക പ്രശ്നത്തിനിടയാക്കിയിട്ടുണ്ട്.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News