Sunday, September 26, 2021

സഹകരണവകുപ്പിനുകീഴിലും വ്യവസായവകുപ്പിനു കീഴിലും ചിറയിൻകീഴ് താലൂക്കിൽ സഹകരണസംഘങ്ങൾ രൂപവത്കരിച്ച് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് പരാതികൾ പെരുകുന്നു

Must Read

ആറ്റിങ്ങൽ: സഹകരണവകുപ്പിനുകീഴിലും വ്യവസായവകുപ്പിനു കീഴിലും ചിറയിൻകീഴ് താലൂക്കിൽ സഹകരണസംഘങ്ങൾ രൂപവത്കരിച്ച് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് പരാതികൾ പെരുകുന്നു. നിക്ഷേപങ്ങൾ സ്വീകരിച്ചും തൊഴിൽവാഗ്ദാനം നൽകിയും ഫ്രാഞ്ചൈസികളുടെ പേരിലും ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാമെന്ന കരാറിന്മേലും പണം തട്ടിപ്പ് നടത്തിയതായാണ് പരാതികൾ. വിതരണത്തിനായി സംഘത്തിനു ഭക്ഷ്യവസ്തുക്കൾ നൽകിയ സ്ഥാപനങ്ങൾക്ക് പണം കിട്ടാനുണ്ടെന്നു കാട്ടി അവരും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്. തൊഴിൽവാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതികളിന്മേൽ നടപടിയെടുക്കുന്നതിനായി നിയമോപദേശം തേടിയിട്ടുണ്ടെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി. എസ്.സുനീഷ്ബാബു പറഞ്ഞു.

സഹകരണവകുപ്പിന് കീഴിൽ ചിറയിൻകീഴ് ഇരട്ടക്കലുങ്ക് കേന്ദ്രമാക്കി ചിറയിൻകീഴ് താലൂക്ക് ഓട്ടോറിക്ഷാത്തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (കാൽകോസ്) വ്യവസായവകുപ്പിന് കീഴിൽ ആറ്റിങ്ങൽ കേന്ദ്രമാക്കി കേരള ട്രെഡിഷണൽ ഫുഡ് പ്രോസസിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (കെ.ടി.എഫ്.ഐ.സി.എസ്. ലിമിറ്റഡ്) രൂപവത്കരിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ചിറയിൻകീഴ് സ്വദേശിയായ സജിത്കുമാറാണ് രണ്ട് സംഘത്തിന്റെയും പ്രസിഡന്റ്.

തൊഴിൽവാഗ്ദാനം നൽകി പണം തട്ടിയെന്നു കാട്ടി നാലുപേർ കഴിഞ്ഞ ദിവസം ചിറയിൻകീഴ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതി സ്വീകരിച്ചെങ്കിലും പോലീസ് നിയമോപദേശത്തിനായി കാക്കുകയാണ്. പണം നൽകിയതിനുള്ള രേഖകളോ തെളിവുകളോ ഉണ്ടെങ്കിൽ ഹാജരാക്കാൻ പോലീസ് പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.ടി.എഫ്.ഐ.സി.എസിൽ ജോലി നൽകാമെന്ന് പറഞ്ഞ് 36 പേരിൽനിന്ന് പണം വാങ്ങിയിട്ടുള്ളതായാണ് സൂചന. ഇവരിൽ ഏതാനും പേരാണ് വിവിധ സ്റ്റേഷനുകളിൽ പരാതികൾ നൽകിയിട്ടുള്ളത്. പാപ്പനംകോട് പ്രവർത്തിക്കുന്ന സ്വകാര്യ റിക്രൂട്ട്‌മെന്റ് കേന്ദ്രം വഴി തൊഴിൽതേടിയെത്തിയ പത്തോളംപേർ വഞ്ചിതരായിട്ടുണ്ടെന്നാണ് സൂചന.

സർക്കാർ സഹകരണസ്ഥാപനമായ കെ.ടി.എഫ്.ഐ.സി.എസിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മലപ്പുറം ജില്ലയിൽ ചിലരിൽനിന്ന് വൻതുകകൾ തട്ടിച്ചതായി സൂചനയുണ്ട്. ഇടുക്കി, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിലുള്ളവരും ഇത്തരത്തിൽ ഫ്രാഞ്ചൈസി തട്ടിപ്പിനിരകളായിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ നൽകാമെന്ന് പറഞ്ഞ് മലപ്പുറം സ്വദേശിയിൽനിന്ന് പണം തട്ടിയെന്നുകാട്ടി മലപ്പുറം എസ്.പി.ക്ക് ജൂലായ് 9ന് ഒരാൾ പരാതി നൽകിയിട്ടുണ്ട്. സംഘത്തിലേക്ക്‌ സാധനങ്ങൾ നൽകിയ സ്ഥാപനങ്ങൾക്ക് ലക്ഷങ്ങൾ ബാധ്യതയുണ്ടെന്നും സൂചനയുണ്ട്.

നിക്ഷേപകയുടെ പരാതിയിന്മേൽ കേസെടുത്തു

സംഘത്തിൽ സ്ഥിരനിക്ഷേപം നടത്തി തട്ടിപ്പിനിരയായ ആറ്റിങ്ങൽ സ്വദേശി രാജിയുടെ പരാതിയിന്മേൽ ചിറയിൻകീഴ്‌ പോലീസ് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തു. ഭർത്താവ് വിദേശത്ത് അപകടത്തിൽപ്പെട്ട് മരിച്ചതിനെത്തുടർന്ന് ലഭിച്ച നഷ്ടപരിഹാരത്തുകയായ 21 ലക്ഷം രൂപയാണ് രാജി കാൽകോസിന്റെ ചിറയിൻകീഴ് ശാഖയിൽ നിക്ഷേപിച്ചത്. രണ്ട് മക്കളുടെ പേരിലായിരുന്നു നിക്ഷേപം. സംഘത്തിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിൽ രാജി കുറച്ചുകാലം ജോലി ചെയ്തിരുന്നു. ഈ കാലയളവിലാണ് മറ്റൊരു ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം പിൻവലിച്ച് സംഘത്തിൽ നിക്ഷേപിച്ചത്. നിക്ഷേപ കാലാവധി 2017 ഒക്ടോബറിൽ പൂർത്തിയായതിനെത്തുടർന്ന് പണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഒഴിവുകൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

പണം ലഭിക്കാതെ വന്നതോടെ രാജി ഓഗസ്റ്റ് 19ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി.ക്കും 24ന് ചിറയിൻകീഴ് ഇൻസ്‌പെക്ടർക്കും പരാതി നൽകിയിരുന്നു. ഡിവൈ.എസ്.പി. ഓഫീസിൽ ലഭിച്ച പരാതി അന്വേഷണത്തിനായി ചിറയിൻകീഴ് സ്റ്റേഷനിലേക്ക്‌ കൈമാറിയിരുന്നു. ഈ പരാതികളിന്മേൽ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയശേഷം ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി ഇൻസ്‌പെക്ടർ ജി.ബി.മുകേഷ് പറഞ്ഞു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കൂടുതൽ രേഖകൾ പരിശോധിച്ചശേഷം കേസിൽ തുടർനടപടികളുണ്ടാകുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.

നിക്ഷേപം സ്വീകരിച്ചത് അനുമതിയില്ലാതെ

ശതമാനം പലിശയ്ക്ക് അഞ്ച് വർഷത്തേക്കായിരുന്നു നിക്ഷേപം. അനുമതിയില്ലാതെ ഇത്തരത്തിൽ നിരവധി ക്രമക്കേടുകൾ കാൽകോസുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതായാണ് സൂചന.സംഘങ്ങളുടെ പ്രസിഡന്റ് അറസ്റ്റിൽ

തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ മറവിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സംഘങ്ങളുടെ പ്രസിഡന്റ് അറസ്റ്റിൽ. ചിറയിൻകീഴ് കിഴുവിലം കൊല്ലവിളാകം വീട്ടിൽ സജിത് കുമാറി(46)നെയാണ് കരമന പോലീസ് അറസ്റ്റു ചെയ്തത്.

സജിത്തിനെതിരേ കരമന സ്റ്റേഷനിൽ മൂന്ന് പരാതികളാണുണ്ടായിരുന്നത്. വ്യവസായവകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത കേരള ട്രഡീഷണൽ ഫുഡ് പ്രോസസിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി(കെ.ടി.എഫ്.ഐ.സി.എസ്. ലിമിറ്റഡ്)യുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസിലാണ് അറസ്റ്റ്. വർക്കല സ്വദേശി സ്വരാജ്, വട്ടിയൂർക്കാവ് സ്വദേശി ജീൻ വി.ആന്റോ നെയ്യാറ്റിൻകര സ്വദേശി വിഷ്ണു എന്നിവരാണ് കരമന പോലീസിൽ പരാതി നൽകിയിരുന്നത്. കഴിഞ്ഞ ദിവസം ചിറയിൻകീഴിലുള്ള ഓട്ടോറിക്ഷത്തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെത്തി പണം തട്ടിപ്പിനിരയായവർ സജിത്തിനെ തടഞ്ഞുവെച്ചിരുന്നു. രണ്ട് സഹകരണ സംഘങ്ങളുടെയും പ്രസിഡന്റ് സജിത്താണ്. തുടർന്ന് ചിറയിൻകീഴ് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. വഞ്ചിയൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ് പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ പണം തട്ടിപ്പിന് കേസുണ്ട്. രണ്ട് സംഘങ്ങളുടെയും പേരിൽ ഒരു കോടിയിലേറെ രൂപ തട്ടിച്ചെന്നാണ് ആരോപണം.

മൂന്നുലക്ഷം രൂപ വീതമാണ് കരമന പോലീസിൽ പരാതി നൽകിയവരുടെ പക്കൽനിന്നു ജോലി വാഗ്ദാനം ചെയ്തു സജിത് വാങ്ങിയത്. എട്ടുമാസം ജോലി നൽകിയെങ്കിലും ശന്പളം പോലും നൽകിയില്ലെന്ന് ഇവരുടെ പരാതിയിൽ പറയുന്നു. പിന്നെ ജോലിയും ഇല്ലാതായി. സ്ഥാപനത്തിന്റെ കടകളിലാണ് ജോലി നൽകിയത്. പാപ്പനംകോടുള്ള ഏജൻസിവഴിയാണ് ഇവർ ജോലിക്ക് കയറിയത്. തുടർന്നാണ് ഇവർ കരമന പോലീസിൽ പരാതി നൽകിയത്.

Leave a Reply

Latest News

പള്ളനാട്ടിൽ യുവാവിനെ സംഘംചേർന്ന് മർദിച്ച നാല് സഹോദരിമാരുടെ പേരിൽ വധശ്രമത്തിന് കേസ്

മറയൂർ: പള്ളനാട്ടിൽ യുവാവിനെ സംഘംചേർന്ന് മർദിച്ച നാല് സഹോദരിമാരുടെ പേരിൽ വധശ്രമത്തിന് കേസ്. പ്രദേശവാസികളായ ജയറാണി (42), ജമുന (42), വൃന്ദ (40), ഷൈലജ (34)...

More News