തിരുവനന്തപുരം: ബവ്റിജസ് ഔട്ട് ലെറ്റുകളിലെ സെക്യൂരിറ്റി ഗാർഡുകൾ അനധികൃതമായി പണപ്പിരിവു നടത്തുന്നതായും വാട്സാപ്പിൽ മുഴുകുന്നതായും പരാതി. ബവ്റിജസ് ഷോപ്പുകളിലെത്തുന്ന ഉപഭോക്താക്കൾ അകലം പാലിച്ചിട്ടുണ്ടോയെന്നു നോക്കാനും ശരീര ഊഷ്മാവ് പരിശോധിക്കാനും സെക്യൂരിറ്റി ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, സെക്യൂരിറ്റി ജീവനക്കാർ ഉപഭോക്താക്കളോട് അപമര്യാദയായി പെരുമാറുന്നതായി നിരവധി പരാതികൾ കോർപറേഷനു ലഭിച്ചു.
ഉപഭോക്താക്കളോട് മാന്യമായി പെരുമാറിയില്ലെങ്കിൽ സെക്യൂരിറ്റി ഏജൻസികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നു ഭരണവിഭാഗം മാനേജരുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
അനധികൃതമായി പണപ്പിരിവ് നടത്തുന്നതായും അമിതവില ഈടാക്കി അളവിൽ കൂടുതൽ മദ്യം വിതരണം ചെയ്യുന്നതായും പരാതി ഉയർന്നു.
സെക്യൂരിറ്റി ഗാർഡുകൾക്കു ചുമതലയില്ലാത്ത ബില്ലിങ് ഡ്യൂട്ടി, കൗണ്ടർ സെയിൽ ഡ്യൂട്ടി എന്നീ ജോലികൾ ചെയ്യുന്നതായി അന്വേഷണത്തിൽ കോർപറേഷനു മനസിലായി. ജോലി ചെയ്യാതെ സമൂഹമാധ്യമങ്ങളിൽ വ്യാപൃതരാകുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉത്തരവിറക്കിയത്. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള രണ്ട് ഏജൻസികളാണ് കോർപറേഷൻ ഔട്ട്ലറ്റുകളിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരിക്കുന്നത്.
English summary
Complaint that security guards at beverage outlets are illegally collecting money and immersing themselves in WhatsApp.