ജയ് ഭീമിനെതിരെയുള്ള പരാതി; നടന്‍ സൂര്യയ്‌ക്കെതിരെ കേസെടുത്തു; ജ്യോതികയും പ്രതി

0

ചെന്നൈ: തമിഴ് നടൻ സൂര്യയ്ക്കും ഭാര്യ ജ്യോതികയ്ക്കും എതിരെ കേസെടുക്കാൻ ചെന്നൈ കോടതി ഉത്തരവ്. ശക്തമായ പ്രമേയത്തോടെ ഏറെ ചർച്ച ചെയ്യപ്പെട്ട ജയ് ഭീം സിനിമയുമായി ബന്ധപ്പെട്ടാണ് കേസ്. ജാതി – പോലീസ് കസ്റ്റഡി പീഡനം പ്രമേയമാക്കി ചിത്രീകരിച്ച ജയ് ഭീം എന്ന സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച വേളയില്‍ സൂര്യയും ജ്യോതികയും കോടതിയില്‍ ഹാജരായിരുന്നില്ല.

സിനിമയുടെ സംവിധായകന്‍ ടിജെ ജ്ഞാനവേലിനെതിരെയും കേസെടുക്കാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. സിനിമ വണ്ണിയാര്‍ ഫോബിയ വളര്‍ത്തുന്നതാണ് എന്ന് പരാതിയില്‍ പറയുന്നു. മാത്രമല്ല, സമുദായ നേതാവിന്റെ പേര് ദുരുപയോഗം ചെയ്തതും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. വരുംദിവസങ്ങളില്‍ വലിയ വിവാദമായേക്കാവുന്ന കേസാണിത്.

ജയ് ഭീം എന്ന സിനിമ മാസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് സൈദാപേട്ട് കോടതിയുടെ ഉത്തരവ്. രുദ്ര വണ്ണിയാര്‍ സേന എന്ന സംഘടന നല്‍കിയ പരാതിയിലാണ് കോടതി നടപടി. വണ്ണിയാര്‍ സമുദായത്തെ വളരെ മോശമക്കിയിട്ടാണ് സിനിമ ഒരുക്കിയിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് പരാതിക്കാര്‍ സൈദാപേട്ട് കോടതിയെ സമീപിച്ചത്. പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെടണമെന്നും സമുദായത്തിനുണ്ടായ മാനഹാനിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിവാദ ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഇടയുള്ള സിനിമയാണിതെന്നും പരാതിയില്‍ ബോധിപ്പിച്ചു.

കഴിഞ്ഞ 29നാണ് കേസ് കോടതി വീണ്ടും പരിഗണിച്ചത്. പ്രതികള്‍ കോടതിയില്‍ ഹാജരായില്ല. കേസിലെ വിവാദ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന രേഖ ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കി. അനാവശ്യമായി സമുദായത്തെ സിനിമയിലെ പല ഭാഗങ്ങളിലും മോശമാക്കി ചിത്രീകരിച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഹര്‍ജിക്കാരുടെ വാദം ശരിവച്ച കോടതി സൂര്യ, ജ്യോതിക, ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചു.

വെലാചേരി പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം നടത്തിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ ഈ മാസം 20ന് വീണ്ടും വാദം കേള്‍ക്കും. പട്ടാളി മക്കള്‍ കക്ഷി നേതാവ് അന്‍പുമണി രാമദോസ് ആണ് ജയ് ഭീം സിനിമക്കെതിരെ ആദ്യം രംഗത്തുവന്നത്. വണ്ണിയാര്‍ സമുദായത്തെ ലക്ഷ്യമിട്ടാണ് സിനിമയെന്ന് അദ്ദേഹം ആരോപിച്ചതോടെയാണ് സമുദായം പ്രതിഷേധം ഉയര്‍ത്തിയത്.

സിനിമയില്‍ ക്രൂരനായ വേഷത്തിലെത്തുന്നത് ഒരു സബ് ഇന്‍സ്‌പെക്ടറാണ്. ഈ കഥാപാത്രം വണ്ണിയാര്‍ സമുദായത്തെ അപമാനിക്കുന്നുവെന്നും അന്‍പുമണി രാമദോസ് ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെ വണ്ണിയാര്‍ സംഘം പ്രതിഷേധം ഉയര്‍ത്തി. സംഘത്തിന്റെ ചിഹ്നം സിനിമയില്‍ അനാവശ്യമായി ഉപയോഗിച്ചതാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. ഇന്‍സ്‌പെക്ടറുടെ കസേരയുടെ പിന്‍ഭാഗത്തെ കലണ്ടറില്‍ അഗ്നി കാണിച്ചതാണ് സംഘം എടുത്തുപറയുന്നത്.
സിനിമയില്‍ ഇരകളാക്കപ്പെടുന്നവരെ മര്‍ദ്ദിക്കുന്ന ഇന്‍സ്‌പെക്ടറുടെ പേര് ഗുരുമൂര്‍ത്തി എന്നാണ്. വണ്ണിയാര്‍ സമുദായ നേതാവിന്റെ പേരും ഗുരുമൂര്‍ത്തിയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മനഃപ്പൂര്‍വമാണ് ഈ പേര് ഉപയോഗിച്ചതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. യഥാര്‍ഥ സംഭവം ആസ്പദമാക്കിയാണ് സിനിമ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ അന്തോണിസാമി എന്നാണ് ശരിക്കും ഇന്‍സ്‌പെക്ടറുടെ പേര്. ഇയാള്‍ ക്രിസ്തുമതക്കാരനായിരുന്നുവെന്നും സിനിമയില്‍ വണ്ണിയാര്‍ വിഭാഗത്തിന്റെ നേതാവിന്റെ പേര് ഉപയോഗിച്ചത് മനഃപ്പൂര്‍വമാണെന്നും സംഘടന ആരോപിക്കുന്നു.
സിനിമാ നിര്‍മാതാവായ ജ്യോതികയ്ക്ക് വണ്ണിയാര്‍ സംഘം നോട്ടീസ് അയച്ചിരുന്നു. മാപ്പ് പറയണം, വിവാദ ഭാഗങ്ങള്‍ നീക്കണം, നഷ്ടപരിഹാരമായി അഞ്ച് കോടി നല്‍കണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. സൂര്യയും ജ്യോതികയും നയിക്കുന്ന 2ഡി എന്റര്‍ടൈന്‍മെന്റ് ആണ് ജയ് ഭീം നിര്‍മിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സമുദായ നേതാക്കളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here