രാമനവമിയോട് അനുബന്ധിച്ചു നടന്ന ഘോഷയാത്രയ്ക്കിടെ ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ നാലു സംസ്ഥാനങ്ങളിൽ വർഗീയ സംഘർഷം.

0

രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമത്തിനും തീയിടലിനും ശേഷം മധ്യപ്രദേശിലെ ഖാർഗോണിന്‍റെ ചില ഭാഗങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്തു വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ഉച്ചഭാഷിണിയിൽനിന്നു സംഗീതം കേൾക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു തലാബ് ചൗക്ക് ഏരിയയിൽനിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്കു നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായതെന്ന് അഡീഷണൽ കളക്ടർ എസ്.എസ്. മുജാൽദെ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിനു കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടി വന്നു.

വാഹനങ്ങൾക്കു തീയിടുന്നതും ചിലർ കല്ലെറിയുന്നതും പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് ചൗധരി ഉൾപ്പെടെ നിരവധി പോലീസുകാർക്കു പരിക്കേറ്റു. നാലു വീടുകൾക്കു തീയിടുകയും ഒരു ക്ഷേത്രം തകർക്കുകയും ചെയ്തു.

ഗുജറാത്തിൽ ആനന്ദ് ജില്ലയിലെ ഖംഭാട്ടിലും സബർകാന്ത ജില്ലയിലെ ഹിമ്മത് നഗറിലും വർഗീയ സംഘർഷം നടന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടിടത്തും കല്ലേറും തീവയ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.

രാമനവമി ഘോഷയാത്രയ്ക്കിടെ ഇരുകൂട്ടരും ഏറ്റുമുട്ടിയ സ്ഥലത്തുനിന്ന് ഏകദേശം 65 വയസ് തോന്നിക്കുന്ന ഒരു അജ്ഞാതന്‍റെ മൃതദേഹം കണ്ടെടുത്തതായി ഖംഭാട്ടിൽ പോലീസ് സൂപ്രണ്ട് അജീത് രാജ്യൻ പറഞ്ഞു.

ഹിമ്മത്നഗറിൽ ഒരു ജനക്കൂട്ടം ചില വാഹനങ്ങൾക്കും കടകൾക്കും കേടുപാടുകൾ വരുത്തി, സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. ഏറ്റുമുട്ടലിനിടെ ചിലർക്ക് കല്ലേറിൽ പരിക്കേറ്റെന്നു സബർകാന്ത പോലീസ് മേധാവി വിശാൽ വഗേല പറഞ്ഞു.

ബംഗാളിലെ ഹൗറയിൽ, ഷിബ്പൂർ മേഖലയിൽ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായെന്ന റിപ്പോർട്ടിനെത്തുടർന്നു വൻതോതിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. സമാധാനാന്തരീക്ഷം നിലനിർത്താനുള്ള നടപടി സ്വീകരിച്ചുവരുന്നതായി പോലീസ് അറിയിച്ചു.

രാമനവമി ഘോഷയാത്രയ്ക്കു നേരെ പോലീസ് അതിക്രമം നടത്തിയെന്നു പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. രാമനവമി ഘോഷയാത്രയിൽ പങ്കെടുത്തവരെ പോലീസ് ഉദ്യോഗസ്ഥർ മർദിച്ചതായി നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.

സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോൾ സംയമനം പാലിക്കണമെന്ന് ഹൗറയിലെ താമസക്കാരോടു പോലീസ് അഭ്യർഥിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.

ജാർഖണ്ഡിലെ ലോഹർദാഗയിൽനിന്നു രാമനവമി ഘോഷയാത്രകൾക്കു നേരെ കല്ലേറും തീവയ്പും ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. നിരവധി പേർക്കു പരിക്കേറ്റതായും ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു.

Leave a Reply