Thursday, July 29, 2021

രായമംഗലത്ത് വരുന്നു : മത്സ്യ ഗവേഷണ കേന്ദ്രം

Must Read

കുറുപ്പംപടി: കേന്ദ്ര ജനിതക മത്സ്യ വിഭവ ഗവേഷണ ബ്യൂറോ (ഐ.സി.എ.ആർ-എൻ.ബി.എഫ്.ജി.ആർ.)യുടെ നേതൃത്വത്തിൽ ടെക്‌നോളജി ഡവലപ്‌മെന്റ് സെന്റർ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് ഗവേഷക സംഘം രായമംഗലം പഞ്ചായത്ത് സന്ദർശിച്ചു. ബ്യൂറോ ഡയറക്ടർ ഡോ. കുൽദീപ്‌കുമാർ ലാലിന്റെ നേതൃത്വത്തിൽ അഞ്ചംഗ ഗവേഷക സംഘമാണ് പഞ്ചായത്തിലെത്തിയത്.

പുല്ലുവഴി 16-ാം വാർഡിലെ ചെങ്ങൻചിറ, 12-ാം വാർഡിലെ തായ്ക്കരച്ചിറ എന്നിവയും 11-ാം വാർഡിലെ കാരിക്കോട്ട് പാടശേഖരവും സംഘം പരിശോധിച്ചു. ചെങ്ങൻചിറയും അതിനോട് ചേർന്നുള്ള സ്ഥലവും നിർദിഷ്ട ഗവേഷണ കേന്ദ്രത്തിന് അനുയോജ്യമാണെന്ന് സന്ദർശക സംഘം അറിയിച്ചു. കൂടാതെ തനത് മത്സ്യ ഇനങ്ങളിൽപ്പെട്ട ‘മഞ്ഞക്കൂരി’ അടക്കമുള്ള ആറിനം മത്സ്യക്കുഞ്ഞുങ്ങളെ അക്വാ കൾച്ചർ കർഷകർക്കായി വിതരണം ചെയ്തു. കേന്ദ്രം തുടങ്ങാൻ കഴിഞ്ഞാൽ തനത് മത്സ്യങ്ങളുടെ വിത്തുത്‌പാദന സാങ്കേതികവിദ്യ, രോഗനിർണയം, മത്സ്യം വളർത്തുന്നതിനുള്ള പരിശീലനം, തുടങ്ങിയ സേവനങ്ങൾ ഇവിടെ നിന്ന് ലഭ്യമാകും. അഞ്ചുകൊല്ലം കൊണ്ട് രായമംഗലം അലങ്കാരമത്സ്യ, തനതുമത്സ്യ വിപണന കേന്ദ്രം ആക്കുന്നതിനും സാധ്യതകളുണ്ട്. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, എം.സി. റോഡ് എന്നിവയുടെ സാമിപ്യം ഏറെ പ്രയോജനം ചെയ്യുമെന്നും സംഘം വിലയിരുത്തി.

സന്ദർശനത്തിന് ശേഷം അക്വാ കൾച്ചർ കർഷകർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളെ ക്കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഡോ. കുൽദീപ്‌കുമാർ ലാലിനൊപ്പം ഗവേഷകരായ ഡോ. അജിത് കുമാർ, ഡോ. ബഷീർ, ഡോ. രാജാ സ്വാമിനാഥൻ, ഡോ. ചരൺ എന്നിവരും പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. അജയകുമാറിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ദീപ ജോയി, ബിജു കുര്യാക്കോസ്‌, ബിജി പ്രകാശ്, സജി പടയാട്ടിൽ, സുബിൻ എൻ.എസ്‌., സെക്രട്ടറി എൻ. രവികുമാരും കീഴില്ലം പ്രദേശത്തുള്ള മത്സ്യ കർഷക പ്രതിനിധികളും പങ്കെടുത്തു

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News