Sunday, December 5, 2021

കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്നു മാഫിയാത്തലവന്‍ പിടിയില്‍

Must Read

ബൊഗോട്ട: കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്നു മാഫിയാത്തലവന്‍ പിടിയില്‍. ഒട്ടോണിയന്‍ എന്ന്‌ അറിയപ്പെടുന്ന ദെയ്‌റോ അന്റോണിയോ ഉസുഗയാണു വലയിലായത്‌. പനാമയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ കൊളംബിയയിലെ അന്റിയോക്വിയ മേഖലയിലെ ഒളിത്താവളത്തില്‍നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. അന്‍പതു വയസു പിന്നിട്ട ഒട്ടോണിയന്റെ തലയ്‌ക്കു യു.എസ്‌. 50 ലക്ഷം ഡോളറും ഇയാളെ സംബന്ധിച്ച വിവരം കൈമാറുന്നവര്‍ക്ക്‌ കൊളംബിയന്‍ സര്‍ക്കാര്‍ എട്ടുലക്ഷം ഡോളറും ഇനാം പ്രഖ്യാപിച്ചിരുന്നു.
അഞ്ഞൂറോളം സൈനികരെ ഉള്‍പ്പെടുത്തി സര്‍വസന്നാഹങ്ങളുമായി നടത്തിയ സൈനിക നീക്കത്തിനൊടുവിലാണ്‌ അറസ്‌റ്റ്‌. ഇരുപതിലധികം ഹെലികോപ്‌ടറുകളും ദൗത്യത്തില്‍ പങ്കെടുത്തു. അമേരിക്ക, യു.കെ. എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹകരണവും നീക്കത്തിനുണ്ടായിരുന്നു. സൈനികനീക്കം ചെറുക്കാന്‍ ഒട്ടോണിയന്റെ അനുയായികളായ സായുധസംഘം ആവതു ശ്രമിച്ചെങ്കിലും വിഫലമായി. ഏറ്റുമുട്ടലില്‍ ഒരു പോലീസ്‌ ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ചു. എതിര്‍പക്ഷത്തെ ആള്‍നാശം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മയക്കുമരുന്നു വ്യാപാരത്തിനു പുറമേ, മനുഷ്യക്കടത്ത്‌, അനധികൃത സ്വര്‍ണഖനനം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ക്രിമിനല്‍ സംഘത്തിന്റെ തലവന്‍ കൂടിയായിരുന്നു ഒട്ടോണിയന്‍. വിവിധ മേഖലകളിലായി 1,500-ല്‍ അധികം അംഗങ്ങള്‍ സംഘത്തിലുണ്ടെന്നാണ്‌ അനുമാനം. കൊളംബിയയില്‍നിന്ന്‌ യു.എസ്‌. അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള മയക്കുമരുന്നു കടത്ത്‌ നിയന്ത്രിച്ചിരുന്നത്‌ ഈ സംഘമായിരുന്നു.
തലവന്‍ വലയിലായതോടെ രാജ്യത്തെ ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാമെന്ന പ്രതീക്ഷയാണ്‌ കൊളംബിയന്‍ ഭരണകൂടത്തിനുള്ളത്‌. മയക്കുമരുന്നു സംഘങ്ങള്‍ക്കു രാജ്യമേല്‍പ്പിച്ച ഏറ്റവും വലിയ പ്രഹരമെന്നാണ്‌ ഒട്ടോണിയന്റെ അറസ്‌റ്റിനെ കൊളംബിയന്‍ പ്രസിഡന്റ്‌ ഇവാന്‍ ഡ്യൂക്‌ വിശേഷിപ്പിച്ചത്‌.

Leave a Reply

Latest News

കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപന ഭീതി ഉയരുന്നതിനിടെ കർണാടക ആരോഗ്യവകുപ്പ് കടുത്ത അനാസ്ഥ കാണിച്ചെന്ന് കോൺഗ്രസ്

കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപന ഭീതി ഉയരുന്നതിനിടെ കർണാടക ആരോഗ്യവകുപ്പ് കടുത്ത അനാസ്ഥ കാണിച്ചെന്ന് കോൺഗ്രസ്. ബംഗളൂരുവിൽ ഒരാഴ്ചയ്ക്കിടെ എത്തിയത് 466 വിദേശികളെന്നാണ് റിപ്പോർട്ട്....

More News