മേപ്പാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും. ശനിയാഴ്ച രാത്രി എട്ടരയോടെയാണു മേപ്പാടിക്കു സമീപം എളിമ്പിലേരിയിലെ റെയിൻഫോറസ്റ്റ് റിസോർട്ടിൽ കണ്ണൂർ സ്വദേശിനി ഷഹാന (26) കൊല്ലപ്പെട്ടത്. റിസോർട്ടിൽ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്നു സ്ഥലം സന്ദർശിച്ച കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു.
അനുമതിയുണ്ടോയെന്നതും സുരക്ഷാക്രമീകരണങ്ങളിലെ വീഴ്ചയും അന്വേഷിക്കാൻ വൈത്തിരി തഹസിൽദാരെ ചുമതലപ്പെടുത്തി. അതേ സമയം, അനുമതിയില്ലാതെയാണു റിസോർട്ട് പ്രവർത്തിച്ചതെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.
നെഞ്ചിൽ ആനയുടെ ചവിട്ടേറ്റതിനെത്തുടർന്നുണ്ടായ പരുക്കാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങൾക്കു ഗുരുതര പരുക്കുണ്ട്. തലയുടെ പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചതവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ ഉച്ചയോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഭർത്താവ് ലിഷാമും മറ്റു ബന്ധുക്കളും മേപ്പാടിയിലെത്തിയിരുന്നു.
കോഴിക്കോട് പേരാമ്പ്ര ദാറുൽ നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ അധ്യാപികയാണു ഷഹാന. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണു റെയിൻഫോറസ്റ്റ് റിസോർട്ടിൽ പ്രകൃതിക്യാംപിനെത്തിയത്. അസ്വാഭാവിക മരണത്തിനു മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്.
English summary
Collector’s order to close the resort at Elimpileri. Today, the Revenue-Panchayat authorities will come down to the resort