കാട്ടാന ശല്യം പരിഹരിക്കുമെന്ന് കളക്ടറുടെ ഉറപ്പ്; റോഡ് ഉപരോധം അവസാനിപ്പിച്ചു

0

തൃശൂർ: അതിരപ്പിള്ളിയിൽ അഞ്ച് വയസുകാരി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു. പ്രശ്നത്തിന് പരിഹാരം കാണുമെന്ന ജില്ലാ കളക്ടറുടെ ഉറപ്പിന്മേലാണ് അഞ്ച് മണിക്കൂർ നീണ്ട റോഡ് ഉപരോധം നാട്ടുകാർ അവസാനിപ്പിച്ചത്.

ജനവാസമേഖലകളിൽ നിന്നും വന്യമൃഗങ്ങളെ തുരത്താൻ ഫലപ്രദമായ സാങ്കേതികവിദ്യ നടപ്പാക്കുമെന്നും കളക്ടർ അറിയിച്ചു. ഇന്ന് വൈകിട്ട് തൃശൂർ കളക്‌ടറേറ്റിൽ സർവകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.

അതിരപ്പിള്ളി ആനമല റോഡാണ് നാട്ടുകാര്‍ ഉപരോധിച്ചത്. ചാലക്കുടിയില്‍ നിന്ന് വാല്‍പ്പാറയിലേക്കുള്ള വാഹനങ്ങളും നാട്ടുകാര്‍ തടഞ്ഞു. പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്നും ജനവാസമേഖലയില്‍ നിന്നും വന്യമൃഗങ്ങളെ തുരത്താന്‍ നടപടി വേണമെന്നുമായിരുന്നു നാട്ടുകാര്‍ ഉന്നയിച്ച പ്രധാന ആവശ്യം.

കണ്ണംകുഴി പാലത്തിനു സമീപം കാട്ടാനയുടെ ആക്രമണത്തിൽ പുത്തൻചിറ കിഴക്കുംമുറി കച്ചട്ടിൽ നിഖിലിന്‍റെ മകൾ അഗ്നീമിയ ആണു കൊല്ലപ്പെട്ടത്. പരിക്കേറ്റ പിതാവ് നിഖിൽ (36), ബന്ധു വെറ്റിലപ്പാറ സ്വദേശി നെടുമ്പ ജയൻ (50) എന്നിവരെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് സംഭവം.

കണ്ണംകുഴിയിലെ അമ്മവീട്ടിൽ അമ്മയുടെ മുത്തശിയുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അഗ്നീമിയയും വീട്ടുകാരും. വൈകുന്നേരം ബൈക്കിൽ പിതാവ് നിഖിലും അഗ്നീമിയയും ബന്ധു ജയനും കൂടി പൂക്കൾ പറിക്കാനായി കണ്ണംകുഴി ക്ഷേത്രത്തിനടുത്തു പോയി മടങ്ങിവരുമ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.

എതിരേ വന്ന കാറിന്‍റെ വെളിച്ചത്തിൽ ഇവർ ആനയെ കണ്ടില്ലെന്നു പറയുന്നു. ബൈക്ക് ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിക്കവേ ആന കുട്ടിയെ എടുത്തെറിഞ്ഞു. തെറിച്ചുവീണ കുട്ടിയെ രക്ഷിക്കാൻ നിഖിൽ ശ്രമിക്കുംമുമ്പേ കാട്ടാന വീണ്ടും ആക്രമിക്കുകയായിരുന്നു.

Leave a Reply