കപ്പല്‍ശാല നോര്‍വെയ്‌ക്കു വേണ്ടി നിര്‍മിച്ച മാരിസ്‌, തെരേസ എന്നീ സ്വയംനിയന്ത്രിത ഇലക്‌ട്രിക്‌ വെസലുകള്‍ കയറ്റിയയച്ച്‌ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനു ചരിത്രനേട്ടം

0

കപ്പല്‍ശാല നോര്‍വെയ്‌ക്കു വേണ്ടി നിര്‍മിച്ച മാരിസ്‌, തെരേസ എന്നീ സ്വയംനിയന്ത്രിത ഇലക്‌ട്രിക്‌ വെസലുകള്‍ കയറ്റിയയച്ച്‌ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനു ചരിത്രനേട്ടം. ലോകത്തെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സ്വയംനിയന്ത്രിത കപ്പലുകളാണിത്‌. നോര്‍വെയിലേക്കു കൊണ്ടുപോകാനായി ഇവയെ യാട്ട്‌ സെര്‍വന്റ്‌ എന്ന കൂറ്റന്‍ മദര്‍ഷിപ്പില്‍ കയറ്റിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ്‌ ഒരു കപ്പല്‍ശാലയില്‍ നിര്‍മിച്ച വെസലുകള്‍ മറ്റൊരു കപ്പലില്‍ കയറ്റി കൊണ്ടുപോകുന്നത്‌.
കപ്പലുകള്‍ കയറ്റുമതി ചെയ്യുന്ന ഡച്ച്‌ കമ്പനിയായ യാട്ട്‌ സെര്‍വന്റിന്റെ കൂറ്റന്‍ കപ്പലിലേക്ക്‌ 67 മീറ്റര്‍ നീളവും 600 ടണ്‍ ഭാരവുമുള്ള ഇലക്‌ട്രിക്‌ വെസലുകള്‍ കയറ്റിയത്‌ എട്ടു മണിക്കൂര്‍ നീണ്ട ശ്രമത്തിലൂടെയാണ്‌. 210 മീറ്റര്‍ വലിപ്പമുള്ള മദര്‍ഷിപ്പ്‌ 8.9 മീറ്റര്‍ കായലിലേക്കു താഴ്‌ത്തി വെള്ളം നിറച്ച ശേഷം ടഗ്‌ ഉപയോഗിച്ച്‌ രണ്ട്‌ ഇലക്‌ട്രിക്‌ വെസലുകളും വലിച്ചുകയറ്റി. തുടര്‍ന്ന്‌ കപ്പല്‍ ഉയര്‍ത്തി വെസലുകള്‍ കയറ്റിയ ഭാഗത്തെ വെള്ളം ഒഴുക്കിക്കളഞ്ഞ്‌ പൂര്‍വസ്‌ഥിതിയിലാക്കി.
മാരിസും തെരേസയുമായി മദര്‍ഷിപ്പ്‌ ഇന്നു വൈകുന്നേരം യാത്ര തിരിക്കും. തുടര്‍ന്ന്‌ ഒരു മാസം കടലിലൂടെ സഞ്ചരിച്ച്‌ കപ്പല്‍ നോര്‍വെയിലെത്തും. നോര്‍വെയിലെ മലയിടുക്കുകളിലേക്കു കയറിക്കിടക്കുന്ന ലോകപ്രശസ്‌ത അഴിമുഖപ്പാതയായ ഫ്യോര്‍ദിലായിരിക്കും കൊച്ചി കപ്പല്‍ശാലയുടെ സൃഷ്‌ടിയായ മാരിസും തെരേസയും സര്‍വീസ്‌ നടത്തുക. നോര്‍വെയിലെ സൈപ്ല ചെയിന്‍ കമ്പനിയായ ആസ്‌കോ മാരിടൈമിനു വേണ്ടിയാണ്‌ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ഇലക്‌ട്രിക്‌ കപ്പലുകള്‍ നിര്‍മിച്ചു കൈമാറിയത്‌. നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ഭാഗിക ധനസഹായത്തോടെയാണ്‌ ആസ്‌കോ മാരിടൈം ഇവ നിര്‍മിച്ചത്‌. കൊച്ചി കപ്പല്‍ശാലയിലെ ഉദ്യോഗസ്‌ഥരും ആസ്‌കോ മാരിടൈമിന്റെ ഉദ്യോഗസ്‌ഥരും സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here