Monday, October 18, 2021

പേരാവൂരില്‍ കോ ഓപ്പറേറ്റീവ്‌ ഹൗസ്‌ ബില്‍ഡിങ്‌ സൊസെറ്റിയിലെ ചിട്ടിതട്ടിപ്പു വിവാദത്തെത്തുടര്‍ന്ന്‌ സെക്രട്ടറിയെ സഹകരണ വകുപ്പ്‌ അന്വേഷണ വിധേയമായി നീക്കി

Must Read

കണ്ണൂര്‍ : പേരാവൂരില്‍ കോ ഓപ്പറേറ്റീവ്‌ ഹൗസ്‌ ബില്‍ഡിങ്‌ സൊസെറ്റിയിലെ ചിട്ടിതട്ടിപ്പു വിവാദത്തെത്തുടര്‍ന്ന്‌ സെക്രട്ടറിയെ സഹകരണ വകുപ്പ്‌ അന്വേഷണ വിധേയമായി നീക്കി. ഇടപാടുകാര്‍ പരസ്യപ്രതിഷേധത്തിനിറങ്ങിയതോടെയാണ്‌ സെക്രട്ടറിക്കെതിരേ സഹകരണവകുപ്പ്‌ നടപടി സ്വീകരിച്ചത്‌.
സി.പി.എം. നിയന്ത്രിക്കുന്ന പേരാവൂര്‍ സഹകരണ ഹൗസ്‌ ബില്‍ഡിങ്‌ സൊസൈറ്റി സാമ്പത്തികക്രമക്കേടില്‍ ആരോപണ വിധേയനായ സെക്രട്ടറി പി.വി. ഹരിദാസിനെയാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. സൊസൈറ്റിയിലെ സീനിയര്‍ സ്‌റ്റാഫിന്‌ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ടെന്നും അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ പ്രദോഷ്‌ കുമാര്‍ അറിയിച്ചു.
മുന്‍ പ്രസിഡന്റ്‌ പ്രിയന്‍, സെക്രട്ടറി പി.വി. ഹരിദാസ്‌ എന്നിവരില്‍നിന്നു നഷ്‌ടം ഈടാക്കാനും നോട്ടീസ്‌ നല്‍കി. സെക്രട്ടറിയെ ചുമതലകളില്‍നിന്നുമാറ്റി നിര്‍ത്താന്‍ അസിസ്‌റ്റന്റ്‌ രജിസ്‌ട്രാറുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്‌ച നടന്ന അടിയന്തര ഭരണസമിതി യോഗം ശിപാര്‍ശ ചെയ്‌തിരുന്നു.
സൊസൈറ്റിയുടെ ലോക്കറിന്റെയും അലമാരകളുടെയും താക്കോല്‍ കാണാനില്ലെന്ന്‌ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാനും യോഗം തീരുമാനിച്ചു. താക്കോലുകള്‍ ഓഫീസില്‍ നിന്ന്‌ തന്നെ ലഭിച്ച സാഹചര്യത്തിലാണിത്‌. രാത്രി ഫയലുകള്‍ സെക്രട്ടറി കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കേണ്ടെന്നും യോഗം തീരുമാനിച്ചു.
അതേ സമയം, സൊസൈറ്റിക്ക്‌ ഇടപാടുകാരില്‍ നിന്നും ലഭിക്കാനുള്ള വായ്‌പാ കുടിശിക ഉടന്‍ പിരിച്ചെടുത്ത്‌ ബാധ്യതകള്‍ തീര്‍ക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്‌. ഇതിനിടെ ചിട്ടി തുക ലഭിക്കാത്ത ഇടപാടുകാര്‍ ബുധനാഴ്‌ച രാവിലെ സെക്രട്ടറിയുടെ വീട്ടിലേക്ക്‌ മാര്‍ച്ച്‌ നടത്തിയിരുന്നു. വിവാദമായ ബിനാമി ചിട്ടി ഇടപാടുകളില്‍ പാര്‍ട്ടി ഏരിയാ നേതൃത്വത്തിലെ ചിലര്‍ക്ക്‌ പങ്കുണ്ടെന്ന സൂചന പുറത്തുവന്നതോടെ കടുത്ത സമ്മര്‍ദ്ദത്തിലാണ്‌ സി.പി.എം. ജില്ലാ നേതൃത്വം. സി.പി. എം പേരാവൂര്‍ ഏരിയാ സമ്മേളനം നടക്കാനിരിക്കെ കുറ്റാരോപിതരായ നേതാക്കള്‍ക്കെതിരെ സംഘടനാ തലത്തിലും അച്ചടക്ക നടപടിയെടുത്ത്‌ മുഖം രക്ഷിക്കാനാണ്‌ പാര്‍ട്ടി നേതൃത്വം നീക്കം നടത്തുന്നത്‌. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ുന്നതിനയായി സി.പി. എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ സാന്നിധ്യത്തില്‍ പേരാവൂരില്‍ യോഗം ചേര്‍ന്നു.
മൂന്ന്‌ വര്‍ഷം മുന്‍പ്‌ പേരാവൂര്‍ ആശുപത്രിയുടെ വില്‍പനയുമായി ബന്ധപ്പെട്ടു സാമ്പത്തിക ആരോപണമുയര്‍ന്നതോടെ സി.പി.എം ചില നേതാക്കള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചുവെങ്കിലും അതു ശാസനയില്‍ ഒതുങ്ങി. തുടര്‍ന്ന്‌ അതൃപ്‌തരായ പ്രവര്‍ത്തകരില്‍ ചിലര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തന്നെ അവസാനിപ്പിച്ചിരുന്നു. ഇതിനു സമാനമായ പ്രതിസന്ധിയാണ്‌ ഇപ്പോള്‍ പേരാവൂര്‍ ബില്‍ഡിങ്‌ സൊസെറ്റിയുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്നിട്ടുള്ളത്‌. ആരോപണത്തില്‍ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്നാണ്‌ സഹകരണവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. പോലിസും ഇതു സംബന്ധിച്ചു കേസെടുത്ത്‌ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌.
തുടക്കത്തില്‍ നറുക്കു വീഴുന്ന ചിട്ടികള്‍ ചില ഉന്നതരുടെ ബിനാമികള്‍ക്കാണ്‌ ലഭിച്ചതെന്നാണ്‌ ആരോപണം. ഇതു സംബന്ധിച്ചു സഹകരണ വകുപ്പ്‌ അന്വേഷണം നടത്തിവരികയാണ്‌.ഹൗസിങ്‌ സൊസെറ്റി ചിട്ടി നടത്തിപ്പില്‍ നടന്ന സാമ്പത്തിക വെട്ടിപ്പാണ്‌ ചിട്ടി പൊളിയാനിടയാക്കിയതെന്നാണ്‌ സഹകരണ വകുപ്പ്‌ അന്വേഷണത്തില്‍ തെളിയുന്നത്‌. നാലുകോടിയോളം രൂപയുടെ അഴിമതിയാണ്‌ ഇവിടെ നടന്നതെന്നാണ്‌ ആരോപണമുയര്‍ന്നിരിക്കുന്നത്‌. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്‌ പൂര്‍ത്തിയായാലേ സാമ്പത്തിക ക്രമക്കേടിന്റെ പൂര്‍ണമായ ചിത്രം പുറത്തുവരികയുള്ളൂ.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News