Thursday, May 13, 2021

മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം: പൂർണ വിവരങ്ങൾ

Must Read

ഇന്ന് സംസ്ഥാനത്ത് 26,685 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,31,155 പരിശോധനകളാണ് നടന്നത്. 25 മരണങ്ങളുണ്ടായി. 1,98,576 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ഇന്ന് പൊസിറ്റീവായവരുടെ എണ്ണം ജില്ല തിരിച്ച് പറയുന്നത് ഏകദേശ ചിത്രം മനസ്സിലാക്കാന്‍ സഹായകമാകും.

കോഴിക്കോട്- 3767, എറണാകുളം- 3320, മലപ്പുറം- 2745, തൃശൂര്‍- 2584, തിരുവനന്തപുരം- 2383, കോട്ടയം- 2062, കണ്ണൂര്‍- 1755, ആലപ്പുഴ- 1750, പാലക്കാട്- 1512, കൊല്ലം- 1255, പത്തനംതിട്ട-933, കാസര്‍കോട്- 908, വയനാട്- 873, ഇടുക്കി- 838.

സംസ്ഥാനത്തിന്‍റെ എല്ലാ മേഖലകളിലും വ്യാപനമുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിള്‍ കോവിഡ് വിതയ്ക്കുന്ന വിപത്തുകളെ പറ്റിയുള്ള വാര്‍ത്തകള്‍ നമ്മുടെ സംസ്ഥാനത്തും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. അത്തരത്തില്‍ ഭയചകിതമാകേണ്ട സ്ഥിതിവിശേഷം നിലവില്‍ കേരളത്തിലില്ല. ജാഗ്രത പുലര്‍ത്തിയാല്‍ നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വസ്തുതാവിരുദ്ധമായ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെക്കൂടി ജാഗ്രത പുലര്‍ത്തണം.
ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ആരോഗ്യവകുപ്പ് നല്‍കുന്ന വിവരങ്ങളേയും ആധികാരികമായ സംവിധാനങ്ങളേയുമാണ് ആശ്രയിക്കേണ്ടത്. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ജനങ്ങളില്‍ അനാവശ്യമായ ആശങ്ക പടര്‍ത്താതിരിക്കാന്‍ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ആദ്യ തരംഗത്തെ പിടിച്ചുനിര്‍ത്താന്‍ ഉപയോഗിച്ച അടിസ്ഥാന തത്വങ്ങളിലേയ്ക്ക് ശക്തമായി തിരിച്ചു പോകേണ്ടിയിരിക്കുന്നു. മാസ്ക് കൃത്യമായി ധരിക്കാനും, കൈകള്‍ ശുചിയാക്കാനും, ശാരീരിക അകലം പാലിക്കാനും വീഴ്ച വരുത്തരുത്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. അടഞ്ഞ സ്ഥലങ്ങളില്‍ കൂടാനോ, അടുത്ത് ഇടപഴകാനോ പാടില്ല. ഇതൊക്കെ താരതമ്യേന മികച്ച രീതിയില്‍ പാലിച്ചതുകൊണ്ടാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രോഗവ്യാപനം കുറഞ്ഞതും മരണങ്ങള്‍ അധികം ഉണ്ടാകാതിരുന്നതും.

ഇക്കാര്യത്തില്‍ സ്വയമേവയുള്ള ശ്രദ്ധ നല്‍കുന്നതില്‍ ചെറിയ വീഴ്ചകള്‍ ഇപ്പോള്‍ കാണുന്നുണ്ട്. പോലീസോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളോ ഇടപെട്ടില്ലെങ്കില്‍ തോന്നുന്നതു പോലെ ആകാമെന്നൊരു ധാരണ ഉള്ളവര്‍ അതു തിരുത്തണം. നമുക്കും, നമുക്കു ചുറ്റുമുള്ളവര്‍ക്കും വേണ്ടി രോഗം തനിയ്ക്ക് പിടിപെടാന്‍ അനുവദിക്കില്ല എന്ന് ദൃഢനിശ്ചയം ചെയ്യണം. ഇത്തരത്തില്‍ നമ്മള്‍ തീരുമാനിച്ചില്ലെങ്കില്‍ നമ്മുടെ നാടും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കെത്തിയേക്കാം.

സ്വകാര്യ ആശുപത്രികള്‍
രോഗവ്യാപന തോത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തി. കോവിഡിന്‍റെ ഒന്നാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും മികച്ച സഹകരണം ലഭിച്ചിരുന്നു.
കോവിഡ് ചികിത്സക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് പൂര്‍ണ്ണ സഹകരണമാണ് ഇന്നത്തെ യോഗത്തിലും സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ വാഗ്ദാനം ചെയ്തത്.
വ്യാപനതോത് രൂക്ഷമാകുന്ന ഘട്ടത്തെ മുന്നില്‍ കണ്ടുള്ള നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ മുന്നോട്ടുവെച്ചത്.
എല്ലാ ആശുപത്രികളും കിടക്കകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തം കിടക്കകളുടെ 25 ശതമാനം ഈ ഘട്ടത്തില്‍ കോവിഡ് ചികിത്സയ്ക്ക് മാറ്റിവയ്ക്കണം. പലരും 40-50 ശതമാനം കിടക്കകള്‍ ഇപ്പോള്‍ തന്നെ മാറ്റി വെച്ചിട്ടുണ്ട്.
ഓരോ ദിവസവും കിടക്കകളുടെ സ്ഥിതിവിവരക്കണക്ക് ജില്ലാ ആരോഗ്യ വകുപ്പ് മേധാവിക്ക് കൈമാറണം. കിടക്കകൾ ഉള്ളിടത്ത് രോഗികളെ അയക്കാൻ ഇത് സഹായിക്കും.

ഗുരുതര അവസ്ഥയിലുള്ള രോഗികള്‍ വന്നാല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം നല്‍കാന്‍ കഴിയണം. മികച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, കോവിഡ് ചികിത്സയിൽ പ്രവീണ്യം നേടിയവർ എന്നിവരുടെ സേവനം അനിവാര്യ ഘട്ടങ്ങളില്‍ ഡിഎംഒ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണം.

ഐസിയുകളും വെന്‍റിലേറ്ററുകളും എത്രയും വേഗം പൂര്‍ണതോതില്‍ സജ്ജമാക്കണം. അറ്റകുറ്റപ്പണികളുണ്ടെങ്കില്‍ ഉടനെ തീര്‍ക്കണം. ഗുരുതര രോഗികള്‍ക്കായി ഐസിയു കിടക്കകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ ഐസിയു കിടക്കകള്‍ അനാവശ്യമായി നിറഞ്ഞ് പോകുന്നത് പരിശോധിക്കുന്നത് നന്നാകും.

108 ആംബുലന്‍സ്, ഐഎംഎ, സ്വകാര്യ ആബുലന്‍സ് എന്നിവ യോജിച്ച നിലയില്‍ പ്രവര്‍ത്തിക്കാനാകണം.

ഇപ്പോള്‍ കോവിഡ് ഇതര രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണം.
ഒരാശുപത്രിയും അമിതമായ ചികിത്സാ ഫീസ് ഈടാക്കരുത്. ചില ആശുപത്രികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചിത നിരക്ക് അംഗീകരിച്ചിട്ടുണ്ട്. അതേനിരക്ക് എല്ലാവരും സ്വീകരിക്കണം. സ്വകാര്യ ആശുപത്രികള്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുമായി എംപാനല്‍ ചെയ്യുന്നത് നന്നാകും. 15 ദിവസത്തിനകം കോവിഡ് ചികിത്സയ്ക്കുള്ള മുഴുവന്‍ ചെലവും കൈമാറുന്ന അവസ്ഥയുണ്ടാകും. ഇതുസംബന്ധിച്ച് സ്വകാര്യ ആശുപത്രികള്‍ ഉന്നയിച്ച പരാതികള്‍ക്ക് ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും നടപടി സ്വീകരിക്കും.

നാം ജാഗ്രതയോടെ നീങ്ങിയാല്‍ മാത്രമേ രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കൂ. സര്‍ക്കാര്‍, സര്‍ക്കാരിതര വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ആരോഗ്യ മേഖലയാകെ നീങ്ങണമെന്ന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയോട് വളരെ അനുകൂലമായാണ് എല്ലാവരും പ്രതികരിച്ചത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സൗജന്യമായ കോവിഡ് ചികിത്സ നല്‍കി വരുന്ന സംസ്ഥാനമാണ് കേരളം. അതോടൊപ്പം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒന്നാമത്തെ കോവിഡ് തരംഗത്തില്‍ 60.47 കോടി രൂപ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്കായി ചെലവഴിച്ചു. കാരുണ്യ പദ്ധതിയുടെ ഗുണഭോക്താക്കളായ 4936 പേര്‍ക്കും, റഫര്‍ ചെയ്ത 13,236 പേരുടേയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുകയുണ്ടായി. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങള്‍ കുറേക്കൂടെ ഫലപ്രദമായി ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ആലോചിച്ചത്. അതിന്‍റെ വിശദാംശങ്ങള്‍ അധികം വൈകാതെ ലഭ്യമാക്കും.

കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രഖ്യാപിച്ച വാരാന്ത്യ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് പൊതുവെ കര്‍ശനമായി നടപ്പാക്കുന്നുണ്ട്. പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍, വോട്ടെണ്ണലിനു നിയോഗിച്ചിരിക്കുന്ന ജീവനക്കാരുടെ പരിശീലനം, അവശ്യ സര്‍വീസുകള്‍ തുടങ്ങിയവ യാതൊരു തടസവും കൂടാതെ നടക്കുന്നുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ തൃശൂര്‍ പൂരത്തിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തില്‍ 2 പേര്‍ മരിക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ദാരുണമായ സംഭവമാണ്.

കോവിഡ് രോഗവ്യാപനത്തിന്‍റെ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രസവ ചികിത്സ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നടപടി സ്വീകരിച്ചു. കോവിഡ് ബാധിതരാകുന്ന ഗര്‍ഭിണികളുടെ പ്രസവത്തിനായി ജില്ലയിലെ പ്രധാന ആശുപത്രികളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും പുതുതായി ലേബര്‍ റൂം ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ മാസ്ക് ധരിക്കാത്തതിന് 22,703 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 9,145 പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പിഴയായി ഈടാക്കിയത് 62,91,900 രൂപയാണ്.
പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിലക്ക് ലംഘിച്ചും കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയും ഇരുപതോളം കുതിരകളെ പങ്കെടുപ്പിച്ചു കുതിരയോട്ട മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഇതില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കമ്മിറ്റിക്കാര്‍ക്കെതിരെ കേസെടുത്തതില്‍ 25 പ്രതികളില്‍ 8 പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍വിട്ടു. കുതിര ഓട്ടക്കാരായ 57 പേര്‍ക്ക് എതിരെയും കാണികളായ 200 പേര്‍ക്കെതിരെയും കേസെടുത്തു. തൃശൂര്‍ പൂരം ഏറെ പ്രശ്നങ്ങളില്ലാതെ നടത്തിയ അനുഭവത്തിനിടയിലാണ് ഇത്തരമൊന്നുണ്ടാകുന്നത്. ജനങ്ങളെയാകെ അപകടത്തിലാക്കുന്ന ഇങ്ങനെയുള്ള സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കും.

ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം രണ്ടാം തരംഗത്തില്‍ ശക്തമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ കര്‍ശനമായി ക്വാറന്‍റൈന്‍ പാലിക്കേണ്ടതിന്‍റെ ആവശ്യകതയിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും.

ബ്രേയ്ക് ദ ചെയിന്‍ ക്യാമ്പെയിന്‍ ഗ്രാമ പ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. അതിന്‍റെ ഉത്തരവാദിത്വം അതാത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതും മാസ്കുകള്‍ ധരിക്കുന്നതും ഉള്‍പ്പെടെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെല്ലാം കൃത്യമായി നടപ്പില്‍ വരുത്തുന്നു എന്നുറപ്പിക്കാന്‍ ഓരോ തദ്ദേശഭരണ സ്ഥാപനവും ആരോഗ്യകരമായ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കണം. അത്തരത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നടത്താനാകണം.

എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു അഗ്നിപര്‍വതത്തിനു മുകളിലാണ് നമ്മള്‍ ഇരിക്കുന്നതെന്ന് മനസ്സിലാക്കണം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വളരെ യാന്ത്രികമായി അനുസരിക്കുന്നതിനു പകരം, അവ നമ്മളേവരും സ്വയം ഏറ്റെടുക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. മാറ്റിവെയ്ക്കാന്‍ സാധിക്കുന്ന പരിപാടികള്‍ ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞു നടത്താന്‍ തീരുമാനിക്കാം. സര്‍ക്കാര്‍ അനുവദിച്ചത് പരമാവധി 75 ആളുകള്‍ ആണെങ്കില്‍, ഇനിയും ചുരുക്കാം. ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ മറ്റ് നടപടികൾ ഭയന്നോ ചെയ്യുന്നതിനു പകരം ഇതെല്ലാം അവനവന്‍റെ ഉത്തരവാദിത്വമാണെന്ന് കണ്ടുകൊണ്ട് സാഹചര്യത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ എല്ലാവരും സന്നദ്ധരാകണം.
അല്ലെങ്കില്‍ രോഗവ്യാപന വേഗത നമ്മള്‍ വിചാരിക്കുന്നതിലും വേഗം കൈവരിക്കുകയും, നമ്മുടെ ആരോഗ്യ സംവിധാനത്തിന്‍റെ സര്‍ജ് കപ്പാസിറ്റിക്ക് അപ്പുറം പോവുകയും ചെയ്യും.

സംസ്ഥാനമൊട്ടുക്കും 15000ത്തോളം വരുന്ന വിഎച്ച്എസ്സി എന്‍എസ്എസ് ഒന്നാം വര്‍ഷ വോളണ്ടിയര്‍മാര്‍ അവരവരുടെ പ്രദേശവാസികള്‍ക്ക് വേണ്ടി കോവിഡ് വാക്സിന്‍ ഓണ്‍ലൈന്‍ രജിസ്ടേഷനു ടെലി ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.

എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ സൗജന്യമായി ലഭിക്കേണ്ടതിന്‍റെ മാനുഷികവും സാമൂഹികവുമായ പ്രത്യേക തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് നമ്മുടെ സഹോദരങ്ങള്‍. ഇന്നത്തെ ദിവസം മാത്രം വൈകുന്നേരം നാല് മണിവരെ ഒരു കോടി 15 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കെത്തിയത്.

മുന്‍ കാലങ്ങളിലുണ്ടായ പോലെ ഹൃദയസ്പര്‍ശിയായ നിരവധി അനുഭവങ്ങളും ഇവിടെ
ഉണ്ടാകുന്നുണ്ട്. അവയില്‍ ചിലത് പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുമാണ്.

കണ്ണൂര്‍ ജില്ലയിലെ ഒരു ബാങ്കില്‍ നടന്ന സംഭവം ജനങ്ങള്‍ക്കുള്ള വൈകാരികത വ്യക്തമാക്കുന്നതാണ്. തന്‍റെ സേവിങ്ങ് അക്കൗണ്ടിലുള്ള 2,00,850 രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്ന ആവശ്യവുമായി ഒരു ബീഡി തൊഴിലാളി കഴിഞ്ഞ ദിവസം ബാങ്കിലെത്തി.
സമ്പാദ്യം കൈമാറിയാല്‍ പിന്നീട് ഒരാവശ്യത്തിന് എന്തുചെയ്യുമെന്ന ജീവനക്കാരന്‍റെ ചോദ്യത്തിന് തനിക്ക് ഒരു തൊഴിലുണ്ടെന്നും കൂടാതെ ഭിന്നശേഷി പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം മറുപടി പറയുന്നു. സഹോദരങ്ങളുടെ ജീവനേക്കാള്‍ വലുതല്ല തന്‍റെ സമ്പാദ്യമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത്തരത്തില്‍ നിരവധി സംഭാവനകളാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത്. കുടുക്ക സമ്പാദ്യം കൈമാറി കുട്ടികളടക്കം ചലഞ്ചിന്‍റെ ഭാഗമാവുകയാണ്. കേരള പൊലീസിന്‍റെ ഭാഗമായ രാജേഷ് മണിമല എന്ന ഉദ്യോഗസ്ഥന്‍ സംഭാവന നല്‍കുന്നവര്‍ക്ക് ചിത്രങ്ങള്‍ വരച്ചു നല്‍കി ചലഞ്ചിന് തന്‍റെ ശക്തമായ പിന്തുണ അറിയിക്കുന്നു.

നൂറ്റിയഞ്ചാം വയസില്‍ കൊവിഡിനെ അതിജീവിച്ച അസ്മാബീവി, കെപിസിസി വൈസ് പ്രസിഡന്‍റ് ശരത്ചന്ദ്ര പ്രസാദ് ഇത്തരത്തില്‍ നിരവധി പേരാണ് ചലഞ്ചിന്‍റെ ഭാഗമായത്.

യുവജന സംഘടനയായ എഐവൈഎഫ് അതിനായി പ്രത്യേക കാമ്പയിന്‍ പ്ലാന്‍ ചെയ്തിരിക്കുന്നു. സഹകരണമേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.
കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ടി പത്മനാഭന്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി മകളുടെ വിവാഹത്തിന് മാറ്റിവെച്ച തുകയില്‍നിന്ന് 50,000 രൂപ, കൊല്ലം എന്‍എസ് സഹകരണ ആശുപ്രതി 25 ലക്ഷം രൂപ, ഏറാമല സര്‍വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ, കേപ്പ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഒരു ലക്ഷം രൂപ, റിട്ട. ജസ്റ്റിസ് മോഹന്‍ 83,200 രൂപ, ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ താമസിക്കുന്ന മുഹമ്മദ് ഹുസൈനും ഷിറാസ് ഇബ്രാഹിമും ചേര്‍ന്ന് 67,000 രൂപ- ഇങ്ങനെ നിരവധി പേരുടെ സംഭാവനകള്‍ എടുത്തുപറയേണ്ടതുണ്ട്.

സിനിമ രംഗത്തുള്ളവരും മാധ്യമ പ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ സഹായ പ്രവാഹമുണ്ടായിരുന്നു.

മഹാമാരിക്കാലത്ത് ആരും ഒറ്റക്കലെന്നും ഒന്നിച്ചുനിന്നാല്‍ അതിജീവനം പ്രയാസകരമല്ലെന്നുമുള്ള സന്ദേശമായി മാറുകയാണ് ഈ കാമ്പയിന്‍.

English summery

CM’s press conference: Full details

Leave a Reply

Latest News

സംസ്ഥാനത്ത് മെയ് 16വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് മെയ് 16വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദമാണ് മഴയ്ക്ക് കാരണം. നാളെ വൈകുന്നേരത്തോടെ ലക്ഷദ്വീപിൽ...

More News