സംസ്ഥാനത്തെ കോവിഡ് മരണ കണക്കിലെ പിഴവുകൾ പുറത്തായതിനെത്തുടർന്നുള്ള നടപടികളുടെ പേരിൽ ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥപ്പോര്

0

തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോവിഡ് മരണ കണക്കിലെ പിഴവുകൾ പുറത്തായതിനെത്തുടർന്നുള്ള നടപടികളുടെ പേരിൽ ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥപ്പോര്. സുപ്രീംകോടതിയുടെ പുതിയ മാനദണ്ഡം അനുസരിച്ച് കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയ പഴയ മരണങ്ങളിൽ 527 എണ്ണം ആവർത്തിച്ചെന്നു കണ്ടെത്തിയതാണു വിവാദങ്ങൾക്കു തുടക്കം.

ഇരട്ടിപ്പ് കണ്ടെത്തിയ തിരുവനന്തപുരം, ആലപ്പുഴ,എറണാകുളം,തൃശൂർ, കോഴിക്കോട് ജില്ലകളിലെ ഡിഎംഒമാർക്കു കഴിഞ്ഞ ദിവസം കാരണം കാണിക്കൽ നോട്ടിസ് നൽകി. ആരോഗ്യവകുപ്പ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നേരത്തെ പൂഴ്ത്തിയ കണക്കുകൾ ഒരുമിച്ച് റിപ്പോർട്ട് ചെയ്യേണ്ടി വന്നപ്പോൾ സംഭവിച്ച ഡേറ്റ എൻട്രി പിഴവ് ആണെന്നാണ് ഡിഎംഒമാരുമായി ബന്ധപ്പെട്ടവർ ഉന്നയിക്കുന്ന പരാതി. സംഘടനാ തലത്തിൽ ഇതു സംബന്ധിച്ച പ്രതിഷേധം അവർ‌ ഉയർത്തിക്കഴിഞ്ഞു.

സുപ്രീംകോടതി അംഗീകരിച്ച പുതിയ മാനദണ്ഡം അനുസരിച്ച് മുൻപ് സംഭവിച്ച 7023 കോവിഡ് മരണങ്ങൾകൂടി പട്ടികയിൽ ഉൾപ്പെടുത്താനുണ്ടെന്നാണ് മന്ത്രി വീണാ ജോർജ് നിയമസഭയിലടക്കം വ്യക്തമാക്കിയത്. എന്നാൽ പട്ടികയിൽ പഴയ മരണങ്ങൾ ചേർത്തുവന്നപ്പോൾ ഇത് 8500 നു മുകളിലായി. ഇതിനെത്തുടർന്നു നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് 527 പേരുടെ മരണങ്ങൾ ഇരട്ടിപ്പാണെന്നു കണ്ടെത്തിയത്. തുടർന്നായിരുന്നു നടപടി.

Leave a Reply