Sunday, December 5, 2021

ശബ്‌ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ പായുന്ന ഹൈപ്പര്‍സോണിക്‌ മിസൈല്‍ പരീക്ഷിച്ച്‌ ചൈനയുടെ പുതിയ കാല്‍വയ്‌പ്‌

Must Read

ബെയ്‌ജിങ്‌: ശബ്‌ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ പായുന്ന ഹൈപ്പര്‍സോണിക്‌ മിസൈല്‍ പരീക്ഷിച്ച്‌ ചൈനയുടെ പുതിയ കാല്‍വയ്‌പ്‌. ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഈ പുതിയ മിസൈല്‍ പതിപ്പ്‌ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ഞെട്ടിക്കുന്നു.
മിസൈല്‍ പരീക്ഷണത്തെക്കുറിച്ചുള്ള വാര്‍ത്ത ഫിനാന്‍ഷ്യല്‍ ടൈംസ്‌ ആണ്‌ പുറത്തുവിട്ടത്‌. നിരവധി വാര്‍ത്താ ഉറവിടങ്ങളെ ഉദ്ധരിച്ചാണ്‌ റിപ്പോര്‍ട്ട്‌. താഴ്‌ന്ന ഭ്രമണപഥത്തില്‍ ഭൂമിയെ മൂന്നുവട്ടം വലംവച്ച്‌ ലക്ഷ്യത്തിലേക്കു കുതിക്കുന്ന മിസൈല്‍ ഓഗസ്‌റ്റില്‍ ചൈന പരീക്ഷിച്ചെന്നാണ്‌ വെളിപ്പെടുത്തല്‍. 32 കിലോമീറ്റര്‍ ഇപ്പുറം ലക്ഷ്യം തെറ്റി.
പരീക്ഷണവിവരം യു.എസ്‌. രഹസ്യാന്വേഷണ വിഭാഗങ്ങളെയടക്കം ഞെട്ടിച്ചിരിക്കുകയാണെന്നും ഫിനാന്‍ഷ്യല്‍ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. ചൈനയ്‌ക്കും യു.എസിനും റഷ്യക്കും പുറമേ അഞ്ചു രാജ്യങ്ങള്‍ കൂടി ഹൈപ്പര്‍ സോണിക്‌ മിസൈല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള അഹോരാത്ര പരിശ്രമത്തിലായിരുന്നു.
സാധാരണ ബാലിസ്‌റ്റിക്‌ മിസൈലുകള്‍ ആകാശത്തേക്ക്‌ പറന്നുയര്‍ന്ന്‌ പിന്നീട്‌ ലക്ഷ്യസ്‌ഥാനത്തേക്കു കുതിച്ചിറങ്ങുകയാണ്‌; മഴവില്ല്‌ ആകൃതിയില്‍. എന്നാല്‍, താഴ്‌ന്ന വായൂമണ്ഡലത്തില്‍ വക്രഗതിയിലുള്ള സഞ്ചാരപഥത്തിലൂടെയാണ്‌ ഹൈപ്പര്‍ സോണിക്‌ മിസൈലിന്റെ കുതിപ്പ്‌. ലക്ഷ്യസ്‌ഥാനത്തേക്കു വേഗത്തിലെത്താന്‍ ഇതിലൂടെ കഴിയും.
ക്രൂസ്‌, ബാലിസ്‌റ്റിക്‌ മിസൈലുകളെ തടയാനുള്ള സാങ്കേതികവിദ്യ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഹൈപ്പര്‍സോണിക്കിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ശത്രുക്കള്‍ക്കു ചൈന ഇതിലൂടെ ഉയര്‍ത്തുന്ന വെല്ലുവിളിയും ചെറുതല്ല.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News