കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ്‌ പ്രഫസറായി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിനെ നിയമിച്ചു

0

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ്‌ പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിനെ നിയമിച്ചു. വിവാദങ്ങളെ തുടര്‍ന്ന്‌ മാസങ്ങളായി പൂഴ്‌ത്തിവച്ച റാങ്ക്‌ ലിസ്‌റ്റ്‌ അംഗീകരിച്ചാണ്‌ നടപടി. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ്‌ ആണ്‌ നിയമനത്തിന്‌ അംഗീകാരം നല്‍കിയത്‌.
പ്രിയയ്‌ക്ക്‌ അനുകൂലമായ നിയമോപദേശം വാങ്ങിയ ശേഷമാണ്‌ നിയമനം. മതിയായ യോഗ്യതയില്ലാഞ്ഞിട്ടും മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയുടെ ഭാര്യയെ തെരഞ്ഞെടുത്തു എന്നായിരുന്നു ആരോപണം. വി.സി നിയമനത്തിനുളള പ്രത്യുപകാരമാണിതെന്ന്‌ സെനറ്റ്‌ അംഗം ഡോ. ആര്‍.കെ. ബിജു വിമര്‍ശിച്ചു.
യു.ജി.സി ചട്ടം അനുസരിച്ച്‌ അസോസിയേറ്റ്‌ പ്ര?ഫസര്‍ക്ക്‌ ഗവേഷണ ബിരുദവും എട്ട്‌ വര്‍ഷം അസിസ്‌റ്റന്റ്‌ പ്രഫസര്‍ തസ്‌തികയിലുള്ള അധ്യാപന പരിചയവുമാണ്‌ യോഗ്യത. വിജ്‌ഞാപനത്തിലും ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 2012-ല്‍ തൃശൂര്‍, കേരളവര്‍മ്മ കോളജില്‍ മലയാളം അസിസ്‌റ്റന്റ്‌ പ്രഫസറായി നിയമനം ലഭിച്ച പ്രിയ സര്‍വീസിലിരിക്കെ 3 വര്‍ഷത്തെ അവധിയില്‍ ഗവേഷണം നടത്തിയാണ്‌ പിഎച്ച്‌.ഡി. നേടിയത്‌.
2018 ലെ യു.ജി.സി നിയമം 3- 9 വകുപ്പ്‌ പ്രകാരം ഗവേഷണ ബിരുദം നേടുന്നതിന്‌ വിനിയോഗിച്ച കാലയളവ്‌ അസോസിയേറ്റ്‌ പ്രഫസര്‍, പ്രഫസര്‍, നിയമനങ്ങള്‍ക്ക്‌ അധ്യാപന പരിചയമായി കണക്കുകൂട്ടില്ല. അപ്പോള്‍ പ്രിയയുടെ അധ്യാപന പരിചയം 4 വര്‍ഷം മാത്രമായാണ്‌ കണക്കാക്കാനാകുക. ഇതാണ്‌ വിവാദങ്ങള്‍ക്ക്‌ വഴിവച്ചതും.
ഗവേഷണം കഴിഞ്ഞ്‌ 2019 മുതല്‍ രണ്ട്‌ വര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്‌റ്റുഡന്റ്‌ സര്‍വീസ്‌ ഡയറക്‌ടറായി പ്രിയ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്‌തു. ഭരണപരമായ ഉത്തരവാദിത്വം മാത്രമുളളതിനാല്‍ ഈ തസ്‌തികയും അധ്യാപന പരിചയത്തില്‍ ഉള്‍പ്പെടുത്താനാകില്ല. എന്നിട്ടും എല്ലാ യോഗ്യതയും ഉണ്ടെന്ന്‌ കാണിച്ചാണ്‌ പ്രിയ തുടക്കത്തില്‍ ഒന്നരലക്ഷം രൂപ ശമ്പളമുള്ള അസോസിയേറ്റ്‌ പ്രഫസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിച്ചത്‌.
അഭിമുഖത്തില്‍ പ്രിയയെ പങ്കെടുപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ വിഷയം വിവാദമായിരുന്നു. അഭിമുഖത്തില്‍ പ്രിയ വര്‍ഗീസ്‌ ഒന്നാം റാങ്ക്‌ നേടി. പക്ഷേ നിയമനം നടത്തിയില്ല.
ഫാക്കല്‍റ്റി ഡെവലപ്‌മെന്റ്‌ പ്രോഗ്രാം വഴി പി.എച്ച്‌.ഡി. ചെയ്ാനായയി വിനിയോഗിച്ച കാലയളവ്‌ അധ്യാപന പരിചയമായി കണക്കാക്കണോ എന്നതില്‍ വ്യക്‌തത ഇല്ലെന്നായിരുന്നു അന്ന്‌ വി.സിയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here