പയ്യന്നൂര്‍ സൗരോര്‍ജ പദ്ധതിയുടെ ഉദ്‌ഘാടനം ഇന്നു രാവിലെ 11 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

0

നെടുമ്പാശേരി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ (സിയാല്‍) നിര്‍മാണം പൂര്‍ത്തിയാക്കിയ പയ്യന്നൂര്‍ സൗരോര്‍ജ പദ്ധതിയുടെ ഉദ്‌ഘാടനം ഇന്നു രാവിലെ 11 നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത്‌ ഏറ്റുകുടുക്കയിലാണ്‌ സിയാല്‍ സൗരോര്‍ജ നിലയം സ്‌ഥാപിച്ചിട്ടുള്ളത്‌. 12 മെഗാവാട്ടാണ്‌ സ്‌ഥാപിതശേഷി. സൗരോര്‍ജ പ്ലാന്റിന്‌ അടുത്തുള്ള വേദിയില്‍ നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി അധ്യക്ഷത വഹിക്കും.
രാജ്യത്ത്‌ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമഘടനാനുസൃത സോളാര്‍ പ്ലാന്റാണ്‌ പയ്യന്നൂരിലേത്‌. ഭൂമിയുടെ ഘടനയെ കൃത്യതയോടെ ഉപയോഗിക്കുന്നതിനാല്‍ ഇത്തരം പ്ലാന്റ്‌ുകള്‍ക്കു നിരപ്പാര്‍ന്ന സ്‌ഥലത്തെ പ്ലാന്റുകളേക്കാള്‍ 35 ശതമാനത്തിലധികം പാനലുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. പയ്യന്നൂര്‍ പ്ലാന്റില്‍നിന്നുമാത്രം പ്രതിദിനം 48,000 യൂണിറ്റ്‌ വൈദ്യുതി ലഭിക്കും. പയ്യന്നൂര്‍ പ്ലാന്റ്‌ പ്രവര്‍ത്തനക്ഷമമാകുന്നതോടെ സിയാലിന്റെ സോളാര്‍ പ്ലാന്റുകളുടെ സ്‌ഥാപിതശേഷി 50 മെഗാവാട്ടായി വര്‍ധിക്കും. ഇവയിലൂടെ പ്രതിദിനം രണ്ടു ലക്ഷത്തിലധികം യൂണിറ്റ്‌ വൈദ്യുതിയാണ്‌ സിയാലിനു ലഭിക്കുക.
വിമാനത്താവളത്തിന്റെ പ്രതിദിന ഊര്‍ജ ഉപഭോഗം 1.6 ലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌. വിമാനത്താവള പരിസരത്തുള്ള പ്ലാന്റുകളും പയ്യന്നൂര്‍ സൗരോര്‍ജ നിലയവും ഉത്‌പാദിപ്പിക്കുന്ന അധിക വൈദ്യുതി കെ.എസ്‌.ഇ.ബിയുടെ പവര്‍ ഗ്രിഡിലേക്കു നല്‍കുകയും ആവശ്യമുള്ളപ്പോള്‍ തിരിച്ചുലഭിക്കുകയും ചെയ്യുന്ന പവര്‍ ബാങ്കിങ്‌ സമ്പ്രദായമാണ്‌ സിയാല്‍ നടപ്പിലാക്കുന്നത്‌.

Leave a Reply