കോട്ടയം: മകന്റെ സൈക്കിൾ മോഷ്ടിക്കപ്പെട്ട സുനീഷിന്റെ സങ്കടം കണ്ടറിഞ്ഞ് പുതിയത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്തയറിഞ്ഞ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കോട്ടയം ജില്ലാ കലക്ടർ എം.അഞ്ജന സുനീഷിന്റെ ഉരുളികുന്നത്തെ വീട്ടിലെത്തി പുതിയ സൈക്കൾ മകൻ ജസ്റ്റിന് കൈമാറി.
ജന്മനായുള്ള വൈകല്യത്തോട് പൊരുതി സുനീഷ് സ്വരൂക്കൂട്ടിയ സമ്പാദ്യത്തിൽ നിന്ന് മകൻ ജസ്റ്റിനായി വാങ്ങിയ സൈക്കിൾ കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടിരുന്നു. സൈക്കിൾ കണ്ടുകിട്ടുന്നവർ വിവരമറിയിക്കണമെന്ന് അഭ്യർഥിച്ച് സുനീഷ് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു.
ഇത് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. പിന്നീട് സുനീഷിന്റെ മകന് സൈക്കിൾ വാങ്ങി നൽകാമെന്ന് നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇത് മുഖ്യമന്ത്രി കാണുകയും പ്രശ്നത്തിൽ ഇടപെടുകയുമായിരുന്നു.
സൈക്കിൾ മോഷ്ടിക്കപ്പെട്ടപ്പോൾ സുനീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
പ്രിയമുള്ളവരേ,
ഈ ചിത്രത്തിൽ കാണുന്ന സൈക്കിൾ ബുധനാഴ്ച രാത്രിയിൽ ഉരുളികുന്നത്തുള്ള എന്റെ വീട്ടുമുറ്റത്ത് നിന്നും കാണാതായിരിക്കുന്നു.. ഇത് എന്റെ 9 വയസ്സുള്ള മകന്റെ സൈക്കിൾ ആണ്.. അവൻ വളരേ ആശിച്ചു വാങ്ങിച്ച സൈക്കിൾ ആണ്..
ഏതെങ്കിലും ആക്രിക്കടയിലോ ആരുടെയെങ്കിലും കൈയ്യിലോ, ഏതെങ്കിലും കടയിലോ കാണുകയാണെങ്കിൽ ദയവായി ഈ നമ്പറിൽ വിളിച്ച് അറിയിക്കണേ…
Contact number: 9961903662
English summary
Chief Minister Pinarayi Vijayan saw the grief of Suneesh whose son’s bicycle was stolen and gave him a new one