Monday, December 6, 2021

ചെറിയാന്‍ ഫിലിപ്പ്‌ ഇന്നു ഭാവിപരിപാടി പ്രഖ്യാപിക്കും

Must Read

തിരുവനന്തപുരം : കഴിഞ്ഞ കുറേനാളുകളായി രാഷ്‌ട്രീയനിലപാടില്‍ അനിശ്‌ചിതത്വം പ്രകടിപ്പിച്ചുകൊണ്ടിരുന്ന ചെറിയാന്‍ ഫിലിപ്പ്‌ ഇന്നു ഭാവിപരിപാടി പ്രഖ്യാപിക്കും. സി.പി.എമ്മുമായി അകന്നുനില്‍ക്കുന്ന അദ്ദേഹം കോണ്‍ഗ്രസിലേക്കു മടങ്ങുമെന്ന്‌ ഏറെക്കുറെ വ്യക്‌തമായിട്ടുണ്ട്‌. ഇന്നു രാവിലെ എ.കെ. ആന്റണിയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും. തുടര്‍ന്നു പ്രസ്‌ക്ലബില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം നിലപാട്‌ വിശദീകരിക്കുമെന്നാണു സൂചന.
നേതൃമാറ്റത്തെയും ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തെയും തുടര്‍ന്നുണ്ടായ കൊഴിഞ്ഞുപോക്കിനെ നേരിടാനുള്ള ആശ്വാസമാണ്‌ ചെറിയാന്റെ മടങ്ങിവരവിനെ കോണ്‍ഗ്രസ്‌ കാണുന്നത്‌. സി.പി.എമ്മുമായി ഇടഞ്ഞതുമുതല്‍ ചെറിയാനെ മടക്കികൊണ്ടുവരാന്‍ കോണ്‍ഗ്രസ്‌ വലിയ ശ്രമമാണു നടത്തിയത്‌. ആന്റണി തന്നെ ചര്‍ച്ചയ്‌ക്ക്‌ മുന്‍കൈയെടുക്കുകയായിരുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഇടതുമുന്നണിയുമായി ചെറിയാന്‍ ഫിലിപ്പ്‌ ഇടഞ്ഞുനില്‍ക്കുകയായിരുന്നു. കഴിഞ്ഞതവണ രാജ്യസഭാസീറ്റില്‍ ഒഴിവുവന്നപ്പോള്‍ അതു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാല്‍, ആ സിറ്റിലേക്കു ജോണ്‍ ബ്രിട്ടാസിനെയാണ്‌ സി.പി.എം പരിഗണിച്ചത്‌. ഖാദിബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ സ്‌ഥാനം നല്‍കിയെങ്കിലും പുസ്‌തകമെഴുത്തിന്റെ പേര്‌ പറഞ്ഞ്‌ ചെറിയാന്‍ അത്‌ നിരസിച്ചു. പിന്നീട്‌ പരോക്ഷമായി പിണറായി വിജയനെ വിമര്‍ശിച്ചു രംഗത്തുവരികയും ചെയ്‌തു. ഇതോടെ പിണറായിയും ചെറിയാനെ കൈവെടിഞ്ഞു. താന്‍ ആരുടെയൂം രക്ഷകര്‍ത്താവല്ലെന്ന്‌ അദ്ദേഹം വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.
2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവശ്യപ്പെട്ട സീറ്റ്‌ നല്‍കിയില്ലെന്നതിന്റെ പേരിലാണു ചെറിയാന്‍ ഫിലിപ്പ്‌ കോണ്‍ഗ്രസ്‌ വിട്ടത്‌. അന്നുമുതല്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച ചെറിയാന്‍ ആ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ മത്സരിക്കുകയും ചെയ്‌തു. അതിനുശേഷം ഇടതുസഹയാത്രികനായി സി.പി.എമ്മുമായി അടുത്ത അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചുമില്ല. ആദ്യം കൈരളി ടി.വിയില്‍ അദ്ദേഹത്തിന്‌ സി.പി.എം സ്‌ഥാനം നല്‍കി. തുടര്‍ന്ന്‌ നടന്ന രണ്ടു നിയമസഭാതെരഞ്ഞെടുപ്പുകളിലും ചെറിയാന്‍ ആഗ്രഹിച്ച സീറ്റുകള്‍ നല്‍കിയെങ്കിലും അദ്ദേഹത്തിന്‌ വിജയിക്കാനായില്ല. 2006 വി.എസ്‌. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ചെറിയാന്‌ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്‌ഥാനം നല്‍കി. 2016ല്‍ പിണറായി സര്‍ക്കാരിന്റെ കൊടിയടയാള പദ്ധതികളായ നാലുമിഷനുകളുടെ ഏകോപന ചുമതലനല്‍കി. സെക്രട്ടേറിയറ്റില്‍ ഓഫീസും നല്‍കി.
കഴിഞ്ഞ രണ്ടുതവണ രാജ്യസഭയിലേക്ക്‌ ഒഴിവുകള്‍ വന്നപ്പോഴും ചെറിയാന്‍ അതില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ സി.പി.എം അത്‌ പരിഗണിച്ചില്ല. ചെറിയാന്‍ ഫിലിപ്പ്‌ പോകുന്നതുകൊണ്ട്‌ തങ്ങള്‍ക്ക്‌ ഒരുപ്രശ്‌നവുമില്ലെന്നാണു സി.പി.എം. കേന്ദ്രങ്ങള്‍ പറയുന്നത്‌.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News