Thursday, January 27, 2022

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു മുന്നിൽ 193 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ സൂപ്പർ കിങ്സ്

Must Read

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ കലാശപ്പോരാട്ടത്തിൽ ആരാധകരുടെ ആകാംക്ഷയേറ്റി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു മുന്നിൽ 193 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ സൂപ്പർ കിങ്സ്. ഈ വേദിയിൽ പൊതുവെ നിർണായകമായ ടോസ് ഭാഗ്യം കൊൽക്കത്തയെ കനിഞ്ഞനുഗ്രഹിച്ചതോടെ ബാറ്റിങ്ങിന് ഇറങ്ങേണ്ടിവന്ന ചെന്നൈ, നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്തത്. നിർണായക മത്സരത്തിൽ ഫോമിലേക്കുയർന്ന ഓപ്പണർ ഫാഫ് ഡുപ്ലേസിയുടെ അർധസെഞ്ചുറിയാണ് ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 59 പന്തുകൾ നേരിട്ട ഡുപ്ലേസി 86 റൺസെടുത്ത് ഇന്നിങ്സിലെ അവസാന പന്തിൽ പുറത്തായി.

ഡുപ്ലേസിക്കു പുറമേ, ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകിയതോടെയാണ് ചെന്നൈ മികച്ച സ്കോറിലെത്തിയത്. ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് (27 പന്തിൽ 32), റോബിൻ ഉത്തപ്പ (15 പന്തിൽ 31), മോയിൻ അലി (20 പന്തിൽ പുറത്താകാതെ 37) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ചെന്നൈയ്ക്കായി ഇന്നു കളത്തിലുണ്ടായിരുന്ന മൂന്നു സഖ്യങ്ങളും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. ഓപ്പണിങ് വിക്കറ്റിൽ ഡുപ്ലേസി – ഗെയ്ക്‌വാദ് സഖ്യം 49 പന്തിൽ 61 റൺസ്, രണ്ടാം വിക്കറ്റിൽ ഡുപ്ലേസി – ഉത്തപ്പ സഖ്യം 32 പന്തിൽ 63 റൺസ്, മൂന്നാം വിക്കറ്റിൽ ഡുപ്ലേസി – മോയിൻ അലി സഖ്യം 39 പന്തിൽ 68 എന്നിങ്ങനെയാണ് ചെന്നൈ താരങ്ങൾ കൂട്ടിച്ചേർത്തത്.

കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അവസാന ഓവറിലെ ഏഴു റൺസ് ഉൾപ്പെടെ നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ശിവം മാവിയുടെ ബോളിങ് പ്രകടനവും ശ്രദ്ധേയമായി. അതേസമയം, നാല് ഓവറിൽ 56 റൺസ് വഴങ്ങിയ ലോക്കി ഫെർഗൂസൻ, നാല് ഓവറിൽ 38 റൺസ് വഴങ്ങിയ വരുൺ ചക്രവർത്തി, മൂന്ന് ഓവറിൽ 33 റൺസ് വഴങ്ങിയ ഷാക്കിബ് അൽ ഹസൻ എന്നിവർ നിരാശപ്പെടുത്തി. ഈ സീസണിൽ ഇത് ആറാം തവണ മാത്രമാണ് കൊൽക്കത്ത ബോളർമാർക്ക് പവർപ്ലേ ഓവറുകളിൽ ഒരു വിക്കറ്റ് പോലും നേടാനാകാതെ പോകുന്നത്. ഇതിനു മുൻപ് അഞ്ച് തവണ ഇങ്ങനെ സംഭവിച്ചതിൽ നാലു തവണയും കൊൽക്കത്ത മത്സരം കൈവിട്ടു.

ഒരിക്കൽക്കൂടി ചെന്നൈ ഇന്നിങ്സിന് അടിത്തറയിട്ട് ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഡുപ്ലേസി–ഗെയ്ക്‌വാദ് സഖ്യമാണ് ധോണിക്കും സംഘത്തിനും കരുത്തായത്. 49 പന്തിൽനിന്ന് ഈ സഖ്യം കൂട്ടിച്ചേർത്തത് 61 റൺസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഈ സീസണിലെ മൂന്നാം മത്സരത്തിലും അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കാൻ ഇവർക്കായി. ലീഗ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിലും ഇവർ കൊൽക്കത്തയ്‌ക്കെതിരെ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തിരുന്നു. മാത്രമല്ല, ഈ സീസണിൽ ഗെയ്ക്‌വാദ് – ഡുപ്ലേസി സഖ്യത്തിന്റെ ഏഴാം അർധസെഞ്ചുറി കൂട്ടുകെട്ടാണിത്. മുൻപ് ഇവർ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ആറു മത്സരങ്ങളും ചെന്നൈ ജയിച്ചു.

ഇതോടെ, ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ സഖ്യമായും ഇവർ മാറി. ഈ സീസണിൽ ഡുപ്ലേസി – ഗെയ്ക്‌വാദ് സഖ്യത്തിന്റെ ആകെ റൺനേട്ടം 756 റൺസാണ്. ഇവർക്കു മുന്നിലുള്ളത് 2016 സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന‌ായി 939 റൺസടിച്ചുകൂട്ടിയ വിരാട് കോലി–എബി ഡിവില്ലിയേഴ്സ് സഖ്യവും 2019ൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 791 റൺസടിച്ച ഡേവിഡ് വാർണർ – ജോണി ബെയർസ്റ്റോ സഖ്യവും മാത്രം

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News