Tuesday, July 27, 2021

മദ്യലഹരിയിൽ ടാങ്കർ ലോറി ഓടിച്ചു റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി

Must Read

കാസർകോട് :മദ്യലഹരിയിൽ ടാങ്കർ ലോറി ഓടിച്ചു റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ഒഴിവായതു വൻ ദുരന്തം. തമിഴ്നാട് സേലം സ്വദേശി മഞ്ചുനാഥനാ(32)ണു പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് കളനാട് കട്ടക്കാലിലാണു സംഭവം.

മംഗളൂരുവിൽ നിന്നു പാചകവാതകവുമായി ദിശ തെറ്റിച്ചോടുന്ന ലോറിയെ നാട്ടുകാർ പിൻതുടരുകയായിരുന്നു. ഇതിനിടെ കെഎസ്ആർടിസി ബസിനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ റോഡിരികിലെ കലുങ്കിൽ ഇടിച്ചു ലോറി നിന്നു. വീണ്ടും ലോറി ഓടിക്കാനുള്ള ഡ്രൈവറുടെ ശ്രമത്തെ നാട്ടുകാർ തടഞ്ഞു. സഹായി പോലുമില്ലാതെയാണു ഇത്രയും ദൂരം സഞ്ചരിച്ചത്. ഡ്രൈവറെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു വൈദ്യ പരിശോധനനയ്ക്കു വിധേയമാക്കി.

ഇന്ധനം നിറച്ച ടാങ്കർ ലോറികൾ ജനവാസ മേഖലയിലൂടെ അശ്രദ്ധയോടെ പോകുന്നതു ഭീതി സൃഷ്ടിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ടാങ്കറുകളിലെ ഡ്രൈവർമാർക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. കണ്ണൂർ ചാലയിൽ വർഷങ്ങൾക്കു മുൻപ് ഉണ്ടായതുപോലുള്ള അപകടങ്ങൾ ഒഴിവാക്കണമെങ്കിൽ ടാങ്കർ ലോറികളുടെ പരിശോധന ശക്തമാക്കുകയും വേഗത നിയന്ത്രിക്കുകയും അത്യാവശ്യം. തലപ്പാടി അതിർത്തി കടന്നു ദിവസവും അൻപതിലേറെ പാചക വാതക ടാങ്കർ ലോറികളാണു കേരളത്തിലേക്കെത്തുന്നത്.

എന്നാൽ ചില ദിവസങ്ങളിൽ ഇത് 70 മുതൽ 80 വരെയാകും. ഇതിനു പുറമേ പാമോയിലും സ്പിരിറ്റും മറ്റ് ഇന്ധനങ്ങളുമായി 50 ലേറെ ടാങ്കർ ലോറികൾ വേറെയും ഇതു വഴി പോകുന്നുണ്ട്. രാപകൽ വ്യത്യാസമില്ലാതെ ദേശീയ–സംസ്ഥാന പാതകളിൽ പൊലീസ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്താറുണ്ടെങ്കിലും ടാങ്കർ ലോറികൾ പരിശോധനകൾക്കായി കൈ കാണിച്ചു നിർത്തുന്നതു കുറവാണ്. അതിനാൽ മദ്യത്തിന്റെയും മറ്റും ലഹരിയിൽ ടാങ്കർ ലോറി ഓടിക്കുന്നവരെ കണ്ടെത്താനുമാകുന്നില്ല. ഉദ്യോഗസ്ഥ സംഘം പരിശോധിക്കാത്തതിനാൽ ടാങ്കർ ലോറി വാഹനങ്ങൾ ‘സ്വയം ഗ്രീൻ ചാനൽ’ പാതയിലൂടെയാണു പോകുന്നത്.


ഡ്രൈവർ ഒരാൾ മതിയോ?

പാചക വാതക ടാങ്കർ ലോറികളിൽ 2 ഡ്രൈവർമാർ വേണമെന്ന നിർദേശം സംസ്ഥാനത്തു കർശനമാക്കിയത് ‘കണ്ണൂർ ചാല ’ ദുരന്തത്തിനു ശേഷമാണ്. ആദ്യമൊക്കെ സംസ്ഥാനത്ത് ഇതു പാലിച്ചിരുന്നു. പിന്നീട് പാചക വാതക ടാങ്കർ ലോറി ഉടമകളുടെ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിന്റെയും മറ്റു ഭാഗമായി ഇപ്പോൾ ഒരാൾ തന്നെ മതിയെന്ന ഇളവു നൽകിയതായി മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. അതിനാൽ സംസ്ഥാനത്ത് ഓടുന്ന മിക്ക ടാങ്കർ ലോറികളിലും സഹായി പോലുമില്ലാതെ ഒരു ഡ്രൈവർ മാത്രമാണ് ഉണ്ടാകുന്നത്.

” മംഗളൂരുവിൽ നിന്നു പാചക വാതകവുമായി കൊച്ചി അല്ലെങ്കിൽ കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കു വൈകിട്ട് പുറപ്പെട്ടാൽ 10 മുതൽ 12 മണിക്കൂറിനുള്ളിൽ എത്തുന്ന തരത്തിലാണ് ഓടുന്നത്. രാത്രിയിലെ ഓട്ടമായതിനാൽ പലപ്പോഴും ഉറക്കമില്ലാതെയാണ് ഡ്രൈവിങ്.ഉറക്കം തൂങ്ങി ഓടിക്കാൻ പറ്റാതെ വരുമ്പോൾ അൽപസമയം പാതയോരങ്ങളിൽ നിർത്തിയിട്ട് വിശ്രമിക്കും. ജിപിഎസ് ഘടിപ്പിച്ചതിനാൽ കൂടുതൽ സമയം എവിടെയും നിർത്താനാകില്ല. അപ്പോഴേക്കും കമ്പനി ഓഫിസിൽ ഫോൺ വിളിയെത്തും. വളരെ പ്രയാസമാണ് ഈ ഓട്ടം. എന്നാൽ ചില ഡ്രൈവർമാർ മദ്യപിക്കാറുണ്ട്. ഇതു അപകടത്തിനിടയാക്കും.”  ഗണേശൻ, പാലക്കാട് ടാങ്കർ ലോറി ഡ്രൈവർ

” ദേശീയ–സംസ്ഥാനപാതകളിൽ ഓടുന്ന പാചകവാതക ടാങ്കർ ലോറികൾ പരിശോധിക്കാൻ പൊലീസിനു നിർദേശം നൽകും. മദ്യലഹരിയിൽ ഡ്രൈവർമാർ ടാങ്കർ ലോറികൾ ഓടിക്കുന്നുവെന്ന പരാതികൾ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ദേശീയപാതകളിൽ ഹൈവേ പൊലീസ് ഇവരെ പരിശോധിക്കും. മദ്യപിച്ചും ആശ്രദ്ധയോടെയും വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.” പി.ബി.രാജീവ് ജില്ലാ പൊലീസ് മേധാവി കാസർകോട്

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News