പുരോഹിതനായിരിക്കെ തൃശൂർ സെന്റ് തോമസ് കോളേജിൽ എസ്എഫ്ഐയുടെ ചെയർമാൻ; പള്ളികളുടെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതോടെ ബൈബിളിനെ വ്യാഖ്യാനിച്ചത് സാമൂഹ്യ-സാംസ്കാരിക പോരാട്ടങ്ങൾക്കു വേണ്ടി; ഫാദർ ജോസ് ചിറ്റിലപ്പിള്ളി വിട പറയുമ്പോൾ ഓർമ്മയാകുന്നത് ക്രൈസ്തവ ആശയങ്ങളെ ഇടത് ചിന്തകളുമായി കോർത്ത് നിർത്തിയ ജീവിതം

0

തൃശൂർ: പുരോഹിതനായിരിക്കെ തൃശൂർ സെന്റ് തോമസ് കോളേജിൽ എസ്എഫ്ഐ പ്രതിനിധിയായി ചെയർമാനായി ചരിത്രം രചിച്ച വ്യക്തിയാണ് ഫാദർ ജോസ് ചിറ്റിലപ്പിള്ളി. എന്നും കഷ്ടപ്പെടുന്നവന്റെയും ഭാരം വലിക്കുന്നവന്റെയും കണ്ണീരൊപ്പാൻ ശ്രമിച്ച നല്ല ഇടയനാണ് ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വിട പറഞ്ഞത്.

1981, 82 വർഷങ്ങളിലാണ് ഫാ ജോസ് സെന്റ് തോമസിൽ എംഎ (ഇക്കണോമിക്സ്) വിദ്യാർഥിയായത്. 1982ലെ യൂണിയൻ തെരഞ്ഞെടുപ്പിലാണ്‌ എസ്‌എഫ്‌ഐ സ്ഥാനാർഥിയായി മത്സരിച്ച്‌ വിജയിച്ചത്‌. ഇതേതുടർന്ന്‌ എംഎ അസാനിച്ചശേഷം പള്ളികളുടെ ചുമതലകളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ബൈബിളിനെ സാമൂഹ്യ-സാംസ്കാരിക പോരാട്ടങ്ങൾക്കു വേണ്ടി അദ്ദേഹം വ്യാഖ്യാനിച്ചു. വിമോചനാശയങ്ങൾ പങ്കുവെച്ചു.

പിന്നീടാണ്‌ ഫാ. ജോസിന്‌ മസ്തിഷ്കത്തിൽ കാൻസർ ബാധിച്ചത്. വെല്ലൂരിൽ ചികിത്സയിലിരിക്കെ അന്നത്തെ ആർച്ച് ബിഷപ്‌ മാർ ജോസഫ് കുണ്ടുകുളം, ജോസച്ചനെ സന്ദർശിച്ചു. അസുഖം മാറി വന്നപ്പോൾ വീണ്ടും പള്ളികളിലെ ചുമതലകളും നൽകി. 1990ൽ സമ്പൂർണ സാക്ഷരതാ കാലത്ത് വിലപ്പെട്ട സേവനങ്ങൾ അദ്ദേഹം നൽകി. ബീഹാറിൽ നടത്തിയ സാക്ഷരതാ പ്രവർത്തനത്തിന് ഭാരത് ഗ്യാൻ – വിഗ്യാൻ സമിതിയുടെ സംസ്ഥാന കോഡിനേറ്ററായി നേതൃത്വം നല്കി. അക്കാലത്ത് ഫാ.സ്റ്റാൻ സ്വാമിയുമായും സൗഹൃദത്തിലായിരുന്നു. രണ്ടു വർഷം മുമ്പ് അഞ്ചേരി സൈമൺ ബ്രിട്ടോ അനുസ്മരണ സമിതി അവാർഡ് നല്കി ആദരിച്ചിരുന്നു.

മറ്റം ചിറ്റിലപ്പിള്ളി വീട്ടിൽ പരേതരായ തോമസ്‌ കത്രീന ദമ്പതികളുടെ മകനാണ്. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ക്യാമ്പസിലെ പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതത്തിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്‌ച പകൽ 2.30ന്‌ മുണ്ടൂർ പള്ളിയിൽ. അതിനു മുന്നോടിയായി രാവിലെ 6.30ന്‌ പ്രീസറ്റ്‌ ഹോമിലും തുടർന്ന്‌ മുണ്ടൂർ പുറ്റേക്കരയിലുള്ള സഹോദരന്റെ വീട്ടിലും മൃതദേഹം പൊതുദർശനത്തിന്‌ വയ്‌ക്കും

Leave a Reply