തിരുവനന്തപുരം/തൃശൂര്‍: എസ്.ഐമാരുടെ പാസിങ് ഔട്ട് പരേഡിലെ പതിവില്ലാത്ത ചില പുതിയ ചടങ്ങുകളില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രസേനയിലേതിനു സമാനമായ ചില ചടങ്ങുകളാണു മുഖ്യമ്രന്തിയെ ചൊടിപ്പിച്ചത്. പാസിങ് ഔട്ട് പരേഡിനു നിയതമായ കാര്യങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടെ ചില പുതിയരീതികള്‍ കണ്ടു. പല ഘട്ടത്തിലും മാറ്റങ്ങള്‍ വരുന്നു. അതു പോലീസിലെ ഉത്തരവാദപ്പെട്ടവര്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി താക്കീത് നല്കി.
കേരളാ പോലീസിന്റെ പാസിങ് ഔട്ട് പരേഡുകളില്‍ സേനാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കു മുമ്പ് ദേശീയപതാകയെ അഭിവാദ്യം ചെയ്യുന്ന ചടങ്ങുണ്ട്. അതിന് അധികസമയമെടുക്കാറില്ല. ആദ്യം ദേശീയപതാക പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ദേശീയഗാനം ആലപിക്കും. ദേശീയപതാകയുമായി സേനാംഗങ്ങള്‍ മടങ്ങുമ്പോള്‍ ബാന്‍ഡ് സംഘം ഗാനമാലപിക്കും. ഇതില്‍നിന്നു വ്യത്യസ്തമായി ഇന്നലത്തെ പരേഡില്‍ ചില മാറ്റങ്ങളുണ്ടായിരുന്നു.
ദേശീയപതാകയുമായി സേനാംഗങ്ങളെ വലംവച്ചതോടെ ചടങ്ങ് നീണ്ടു. പരേഡിനെ അഭിസംബോധന ചെയ്യാന്‍ മുഖ്യമന്ത്രി കൃത്യം എട്ടരയ്ക്കുതന്നെ ഓണ്‍ലൈനില്‍ എത്തിയിരുന്നു.
ചടങ്ങ് നീണ്ടതോടെയാണു പുതിയ രീതികളെ അദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശിച്ചത്. കേന്ദ്രസേനയില്നിന്നു ഡെപ്യൂട്ടേഷനില്‍ എത്തിയ ഉദ്യോഗസ്ഥനായിരുന്നു പരേഡിന്റെ ചുമതലയെന്നാണു പോലീസിന്റെ വിശദീകരണം. സംഭവത്തോടു പ്രതികരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് തയാറായില്ല.പുരുഷന്മാര്ക്കൊപ്പം സ്ത്രീകള്‍ക്കും എസ്.ഐ. തസ്തികയിലേക്കു പ്രവേശനം നല്കുന്ന അഞ്ചാം ഗ്രൂപ്പായ 30 സി. ബാച്ചിലെ 164 എസ്.ഐമാരും ആദിവാസി ഗോത്രവിഭാഗങ്ങളില്നിന്നു സ്പെഷല്‍ റിക്രൂട്ട്മെന്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട 123 പോലീസുകാരുമാണു പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.
ഡോഗ് സ്ക്വാഡില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 23 ശ്വാനന്മാരും അണിചേര്‍ന്നു. പരിശീലനത്തില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള പുരസ്കാരവിതരണം ഡി.ജി.പി. അനില്‍കാന്ത് നിര്‍വഹിച്ചു. പോലീസ് അക്കാഡമി ട്രെയിനിങ് ഡയറക്ടര്‍ എ.ഡി.ജി.പി. ബല്‍റാംകുമാര്‍ ഉപാധ്യായ, ഐ.ജി. സേതുരാമന് തുടങ്ങിയവര്‍ പങ്കെടുത്തു.