സംസ്‌ഥാനത്ത്‌ ഇന്ന്‌ അതിതീവ്ര മഴയ്‌ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌

0

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന്‌ അതിതീവ്ര മഴയ്‌ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ ഇന്ന്‌ റെഡ്‌ അലര്‍ട്ട്‌. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്‌, കാസര്‍ഗോഡ്‌ എന്നീ ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ടും തിരുവനന്തപുരം, പാലക്കാട്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്‌തമായ മഴയ്‌ക്കു സാധ്യതയുണ്ട്‌. താഴ്‌ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
കേരള ലക്ഷദ്വീപ്‌ -കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗത്തില്‍ ശക്‌തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്‌ഥ വകുപ്പ്‌ അറിയിച്ചു. ഇവിടങ്ങളില്‍ മത്സ്യബന്ധനത്തിന്‌ പോകാന്‍ പാടില്ല. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ്‌ ശക്‌തി പ്രാപിക്കുന്നതിനാല്‍ അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും ജിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്‌ധ സമിതിയും അപകട സാധ്യത മേഖലകളെന്നു കണ്ടെത്തിയ സ്‌ഥലങ്ങളിലും അതീവ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്‌

LEAVE A REPLY

Please enter your comment!
Please enter your name here