ആകാശ അപകടങ്ങളില്‍ പൊലിഞ്ഞ പ്രമുഖർ

0

ഇന്ദിരാ​ഗാന്ധിയുടെ പിന്തുടര്‍ച്ചകാരനായി കോണ്‍​ഗ്രസിനെ നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സഞ്ജയ്​ഗാന്ധി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡി, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യ എന്നിവരടക്കം നിരവധി പ്രമുഖര്‍ രാജ്യത്ത് ആകാശ അപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആ പട്ടികയില്‍ ഒടുവിലത്തെയാളായി സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്‌.

സഞ്ജയ് ഗാന്ധി

1980 ജൂൺ 23നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ​ഗാന്ധിയുടെ ഇളയ മകന്‍ സഞ്ജയ് ​ഗാന്ധി വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത്. ആകാശപ്പറക്കലുകളില്‍ ഏറെ അഭിനിവേശം ഉണ്ടായിരുന്ന അദ്ദേഹം ഡല്‍ഹി ഫ്ലയിങ് ക്ലബ്ബിന്റെ പുതിയ വിമാനം പറത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീഴുകയായിരുന്നു

വൈ എസ് രാജശേഖര റെഡ്ഡി

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡി 2009 സെപ്തംബര്‍ രണ്ടിനാണ്‌ കൊല്ലപ്പെട്ടത്. ചിറ്റൂരിലെ ഗ്രാമങ്ങളില്‍ സന്ദർശനത്തിനുള്ള യാത്രയ്ക്കിടെ വനപ്രദേശത്തുവച്ചായിരുന്നു ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ടത്.

ദോര്‍ജി ഖണ്ഡു

2011 ഏപ്രിൽ 30ന് അരുണാചൽപ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവും മറ്റ് നാല് പേരും സഞ്ചരിച്ചിരുന്ന പവന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ തവാങ്ങില്‍നിന്ന് ഇറ്റാനഗറിലേക്കുള്ള യാത്രാമധ്യേ കാണാതായി. നാലുദിവസത്തിനുശേഷമാണ്‌ മരണം സ്ഥിരീകരിച്ചത്‌.

മോഹൻ കുമാരമംഗലം

കോൺഗ്രസ് നേതാവും എംപിയുമായിരുന്ന മോഹൻ കുമാരമംഗലം 1973 മെയ് 30നാണ്ന്യൂഡല്‍ഹിക്ക് സമീപം വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത ശ്രവണസഹായിയും പാർക്കർ പേനയുമാണ് മരണം സ്ഥിരീകരിക്കാന്‍ സഹായിച്ചത്.
ഒ പി ജിൻഡാല്‍, സുരേന്ദ്ര സിങ്

2005 മാർച്ച് 31നാണ് ഹരിയാനയിലെ അന്നത്തെ വൈദ്യുതി മന്ത്രിയും പ്രമുഖ വ്യവസായിയുമായ ഒ പി ജിൻഡാലും സംസ്ഥാന കൃഷിമന്ത്രി സുരേന്ദ്ര സിങ്ങും കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ സഹരൻപുരിന് സമീപം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കോപ്റ്റർ തകർന്നുവീഴുകയായിരുന്നു.

സി സാങ്മ

മേഘാലയ കമ്യൂണിറ്റി വികസന മന്ത്രിയായിരുന്ന സി സാങ്മ 2004 സെപ്തംബറിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. സാങ്മയ്‌ക്കൊപ്പമുണ്ടായിരുന്ന മൂന്ന് നിയമസഭാംഗങ്ങളും മറ്റ് ആറുപേരും അപകടത്തിൽ കൊല്ലപ്പെട്ടു.

ജി എം സി ബാലയോഗി

ആന്ധ്രപ്രദേശില്‍ 2002 മാർച്ച് മൂന്നിനുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ലോക്‌സഭാ സ്പീക്കറും തെലുങ്ക് ദേശം പാർടി (ടിഡിപി) നേതാവുമായ ജി എം സി ബാലയോഗി കൊല്ലപ്പെട്ടു. കൃഷ്ണ ജില്ലയിലെ കൈകലൂരിനടുത്തുള്ള മത്സ്യക്കുളത്തില്‍ കോപ്റ്റർ തകര്‍ന്നു വീഴുകയായിരുന്നു.

മാധവറാവു സിന്ധ്യ

മധ്യപ്രദേശിലെ പ്രമുഖ കോണ്‍​ഗ്രസ് നേതാവും മുൻ റെയില്‍വേ മന്ത്രിയുമായ മാധവറാവു സിന്ധ്യ 2001 സെപ്തംബർ 30ന് ഉത്തർപ്രദേശിലെ കാൺപുരിലേക്ക് കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്യുന്നതിനായി പോകുന്നതിനിടെ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.

ജയൻ

കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16ന് മലയാളികളുടെ പ്രിയ നടന്‍ ജയൻ കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച അപകടം.

സൗന്ദര്യ

2004 ഏപ്രിൽ 17ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാൻ കരിംനഗറിൽനിന്ന് ബംഗളൂരുവിലേക്ക് പോകവെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് തെന്നിന്ത്യൻ താരസുന്ദരി സൗന്ദര്യ കൊല്ലപ്പെട്ടത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയും തകര്‍ന്നുവീഴുകയുമായിരുന്നു.

തരുണി സച്ദേവ്

വെള്ളിനക്ഷത്രം ഒറ്റ ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന തരുണി സച്ദേവ് 2012 മെയ് 14ന് നേപ്പാളിൽ ഒരു വിമാനാപകടത്തിൽ മരിച്ചു. തന്റെ പതിനാലാം ജന്മദിനത്തിലായിരുന്നു തരുണി കൊല്ലപ്പെട്ടത്. വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന ആദ്യ ഇന്ത്യന്‍ രാഷ്ട്രീയനേതാവാണ് സ്വാതന്ത്ര്യസമര സേനാനിയായ സുഭാഷ് ചന്ദ്രബോസ്. 1945 ആഗസ്ത്‌ 18-ന് ബോസ് തയ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചെന്നും അദ്ദേഹം അപകടത്തിനിരയായിട്ടില്ലെന്നും വാദമുണ്ട്

Leave a Reply