ലാലുപ്രസാദ് യാദവിന്റെ വീടുകളിലും ഓഫീസുകളിൽ സിബിഐ റെയ്ഡ്; പരിശോധന റെയിൽവേ നിയമനത്തിന് കോഴയായി ഭൂമിയെഴുതി വാങ്ങിയെന്ന പുതിയ കേസിൽ

0

ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ വീട്ടിൽ റെയ്ഡ്. യാദവിന്റെയും മകളുടേയും വസതികളിലും ഓഫീസുകളിലുമാണ് സിബിഐ റെയിഡ് നടത്തിയത്. ബിഹാറിലും ഡൽഹിയിലും 17 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ ജോലി ലഭിക്കാൻ ഉദ്യോഗാർത്ഥികളിൽ നിന്ന് ഭൂമി എഴുതി വാങ്ങിയെന്ന പുതിയ കേസിലാണ് സിബിഐ അന്വേഷണ സംഘം പരിശോധന നടത്തുന്നത്. 2004 മുതൽ 2009 വരെയുള്ള കാലയളവിൽ റെയിൽവേ മന്ത്രിയായിരിക്കവേയാണ് കേസിനാസ്പദമനായ സംഭവങ്ങളുണ്ടായത്.

ലാലു പ്രസാദ് യാദവിനൊപ്പം അദ്ദേഹത്തിന്റെ ബന്ധുക്കളും ഈ കേസിൽ പ്രതികളാണ്. ഭൂമികളുമായി ബന്ധപ്പെട്ട രേഖകളടക്കമുള്ള തെളിവുകൾക്ക് വേണ്ടിയാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ മാസം കാലിത്തീറ്റ കേസുകളിലെ അഞ്ചാമത്തെ കേസിലും ലാലു ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ എല്ലാ കാലിത്തീറ്റ കുംഭകോണ കേസുകളിലും ജാമ്യം നേടി കഴിഞ്ഞ മാസം ലാലു പ്രസാദ് യാദവ് ജയിൽ മോചിതനായി. നീണ്ടകാലത്തെ തടവും ശാരീരികപ്രശ്നങ്ങളും കണക്കിലെടുത്താണ് മുൻ ബിഹാര്‍ മുഖ്യമന്ത്രികൂടിയായ ലാലുവിന് ജാമ്യം അനുവദിച്ചത്.

കാലിത്തീറ്റ കുംഭകോണം, അ‌ഞ്ചാം കേസിൽ ലാലുവിന് 5 വർഷം തടവും 60 ലക്ഷം പിഴയും ശിക്ഷ

ദില്ലി: കാലിത്തീറ്റ കുംഭകോണത്തിലെ (Fodder scam) അ‌ഞ്ചാമത്തെ കേസില്‍ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് (Lalu Prasad Yadav) അഞ്ച് വർഷം തടവും അറുപത് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഡോറാൻഡ ട്രഷറിയിലെ ക്രമക്കേട് കേസിലാണ് കോടതി വിധി പറഞ്ഞത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് ലാലു വിചാരണ നടപടികളിൽ പങ്കെടുത്തത്. ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന 1990 കളില്‍ നടന്ന അഴിമതികളില്‍ ഒന്നായിരുന്നു കാലത്തീറ്റ കുംഭകോണം. കാലിത്തീറ്റ, മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവ വാങ്ങിയതിന്‍റെ വ്യാജ കണക്കുകള്‍ ഉണ്ടാക്കി ട്രഷറികളില്‍ നിന്ന് 940 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഇത് വിവിധ കേസുകളായാണ് രജിസ്റ്റർ ചെയ്തിരുന്നത്. അതില്‍ അ‌ഞ്ചാമത്തെ കേസിലാണ് ഇന്ന് വിധി പറഞ്ഞത്. 139 കോടി ഡോറാൻഡ ട്രഷറിയില്‍ നിന്ന് തട്ടിയെടുത്തു എന്നതാണ് കേസ്.

ലാലുവിനൊപ്പം കേസില്‍ പ്രതികളായ മറ്റ് 39 പേരെയും കുറ്റക്കാരായി റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഇതിന് മുന്‍പുണ്ടായിരിന്ന നാല് കേസിലും കോടതി ലാലുവിനെ ശിക്ഷിച്ചിരുന്നു. അതില്‍ 2017 മുതല്‍ ലാലു പ്രസാദ് യാദവ് തടവ് ശിക്ഷ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ശാരീരിക പ്രശ്നങ്ങല്‍ ഉള്ളതിനാല്‍ കുറേ നാളുകളായി ലാലു പ്രസാദ് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ ചികിത്സയിലാണ്. നിലവില്‍ മൂന്ന് വര്‍ഷവും 90 ദിവസവും തടവ് പൂര്‍ത്തിയാക്കിയെന്ന് ചൂണ്ടിക്കാട്ടി ലാലുവിന്റെ അഭിഭാഷകന്‍ ഇപ്പോഴത്തെ ശിക്ഷാവിധിയില്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഒരു കേസുകൂടി പാറ്റ്ന സിബിഐക്ക് മുന്നിലുണ്ട്. അത് ബാങ്ക-ഭഗല്‍പ്പൂര്‍ ട്രഷറിയില്‍ നിന്ന് പണം പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here