ഉമാ തോമസിന്റെ വോട്ടിന് കാശ്`; പണം വാഗ്ദാനം നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്

0

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് പണം വാഗ്ദാനം നല്‍കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

‘ഉമാ തോമസിന്റെ വോട്ടിന് കാശ്’ പരസ്യം പ്രസിദ്ധീകരിച്ച വെബ് സൈറ്റിന് എതിരെയാണ് കേസെടുത്തത്. തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ബോസ്‌കോ കളമശേരിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉമ തോമസിനെതിരെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മിഷനുമാണ് ബോസ്‌കോ പരാതി നല്‍കിയത്. ഉമയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

‘ഉമാ തോമസിന്റെ വോട്ടിന് കാശ്’ പരസ്യത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ എം. സ്വരാജും ഇന്നലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് നിരീക്ഷകനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും എം.സ്വരാജ് പരാതി നല്‍കിയിട്ടുണ്ട്.

കോണ്‍ഗസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ പേരിലാണ് വോട്ടിന് പ്രതിഫല വാഗ്ദാനം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഉമാ തോമസിന് ഏറ്റവും വലിയ ലീഡ് യുഡിഎഫിന് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മറ്റിയ്ക്ക് 25,001 രൂപാ സമ്മാനം നല്‍കുന്നു എന്നതായിരുന്നു പരസ്യം. ബൂത്ത് കമ്മറ്റി അംഗങ്ങള്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൂടിയായതിനാല്‍ ഈ പരസ്യം വോട്ടിന് പണം വാഗ്ദാനം ചെയ്യുന്നത് തന്നെയാണെന്ന് സ്വരാജ് ചൂണ്ടിക്കാണിച്ചു. പരാജയം ഉറപ്പായപ്പോള്‍ അവിശുദ്ധ മാര്‍ഗങ്ങള്‍ തേടാന്‍ യുഡിഎഫ് ദയനീയമായി നിര്‍ബന്ധിതരായിരിക്കുകയാണെന്ന് സ്വരാജ് പരാതിക്ക് പിന്നാലെ പറഞ്ഞിരുന്നു.

ഇന്‍കാസ് യൂത്ത് വിംഗ് യുഎഇ കമ്മിറ്റിയാണ് 25,001 രൂപ ബൂത്ത് കമ്മിറ്റികള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്. സ്‌നേഹ സമ്മാനമെന്ന പേരിലുള്ള വാഗ്ദാനം കഴിഞ്ഞദിവസങ്ങളിലാണ് കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇന്‍കാസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഏറ്റവും ലീഡ് നേടി കൊടുക്കുന്ന ബൂത്ത് കമ്മിറ്റിക്ക് പണം വാഗ്ദാനം ചെയ്തിരുന്നു. തൃത്താലയില്‍ വി.ടി ബല്‍റാമിന് കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്തിന് 21,001 രൂപയാണ് ഇന്‍കാസ് വാഗ്ദാനം ചെയ്തത്.

അതേസമയം തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. സ്വതന്ത്ര സ്ഥാനാർഥിയായ സി.പി ദിലീപ് നായരാണ് കോടതിയെ സമീപിച്ചത്. ഹർജി തിങ്കളാഴ്‌ച്ച ഹൈക്കോടതി പരിഗണിക്കും.

ഭൂനികുതി കുടിശ്ശിക, പി.ടി. തോമസിന്റ ബാങ്ക് വായ്പ കുടിശ്ശിക തുടങ്ങിയ കാര്യങ്ങൾ നാമനിർദ്ദേശ പത്രികയിൽ പറഞ്ഞില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുനാമനിർദേശ പത്രികയിലെ പിഴവുകൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതി റിട്ടേണിങ് ഓഫീസർ കൃത്യമായി പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.

അതേസമയം നിലവിൽ യുഡിഎഫിന്റെ പ്രചാരണ പരിപാടികൾ തകൃതിയായി പുരോഗമിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ആദ്യം നടത്തിയത് യുഡിഎഫ് ആയിരുന്നു. അന്നു മുതൽ വളരെ വേഗത്തിലാണ് യുഡിഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here