ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടിയകേസ്‌; വര്‍ക്ക്‌ഷോപ്പ്‌ ഉടമകളും തൊഴിലാളിയും റിമാന്‍ഡില്‍

0

പാലാ: ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവിനെയും ശല്യം ചെയ്‌തത്‌ എതിര്‍ത്തപ്പോള്‍ ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്‌ത കേസില്‍ അറസ്‌റ്റിലായ വര്‍ക്ക്‌ ഷോപ്പ്‌ ഉടമകളും തൊഴിലാളിയും റിമാന്‍ഡില്‍.പാലാ തൊടുപുഴ റോഡില്‍ ഞൊണ്ടിമാക്കല്‍ കവലയിലുള്ള കാര്‍ നെസ്‌റ്റ്‌ വര്‍ക്ക്‌ ഷോപ്പിന്റെ ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത്‌ കെ.എസ്‌ ശങ്കര്‍(39), അമ്പാറ നിരപ്പേല്‍ പ്ലാത്തോട്ടത്തില്‍ ജോണ്‍സണ്‍(38),തൊഴിലാളിയായ മേവട വെളിയത്ത്‌ സുരേഷ്‌(55) എന്നിവരെയാണ്‌ പാലാ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തത്‌.
വ്യാഴാഴ്‌ച വൈകിട്ട്‌ ആറിന്‌ പാലാ തൊടുപുഴ റോഡില്‍ ഞൊണ്ടിമാക്കല്‍ കവലയിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ.തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരാണ്‌ തോടനാല്‍ സ്വദേശികളായ ദമ്പതികള്‍. ഇവര്‍ ജോലികഴിഞ്ഞ്‌ പാലാ ഞൊണ്ടിമാക്കല്‍ കവലയിലുള്ള വാടകവീട്ടിലേക്ക്‌പോവുകയായിരുന്നു. ഒന്നാം പ്രതിയായ ശങ്കര്‍ ഗര്‍ഭിണിയായ യുവതിയോട്‌ മോശമായി പെരുമാറുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്‌തപ്പോള്‍ ഭര്‍ത്താവും യുവതിയും ചോദ്യം ചെയ്‌തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ ഭര്‍ത്താവിനെ കയ്യേറ്റം ചെയ്യുകയും ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടുകയുമായിരുന്നു. യുവതിക്ക്‌ രക്‌തസ്രാവം ഉണ്ടായതിനാല്‍ പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി ചേര്‍പ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഗര്‍ഭസ്‌ഥശിശുവിന്റെ ജീവന്‍ അപകടാവസ്‌ഥയിലാണന്ന്‌ പോലീസ്‌ പറയുന്നു.നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന്‌ പോലീസ്‌ സംഭവസ്‌ഥലത്തെത്തിയപ്പോഴേക്കും ഒന്നാംപ്രതി ശങ്കര്‍ വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായിരുന്ന ഒരു കാറില്‍ രക്ഷപ്പെട്ടു.ജില്ലാ പോലീസ്‌ മേധാവി ഡി. ശില്‌പയുടെ നിര്‍ദ്ദേശപ്രകാരം പാലാ ഡി.വൈ.എസ.്‌പി .ഷാജു ജോസ്‌ പ്രതികളെ വേഗം പിടികൂടുന്നതിനായി പ്രത്യേക അനേ്വഷണ സംഘം രൂപവത്‌ക്കരിച്ച്‌അനേ്വഷണംആരംഭിക്കുകയായിരുന്നു.
ശങ്കര്‍,ജോണ്‍സണ്‍ എന്നിവരെ അമ്പാറ നിരപ്പിലുള്ള റബ്ബര്‍തോട്ടത്തില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടുകയായിരുന്നു. ഇവര്‍ ബംഗ്‌ലൂരുവിലേക്ക്‌ കടക്കാനുള്ളതയ്യാറെടുപ്പിലായിരുന്നു.സുരേഷിനെ വീട്ടില്‍ നിന്നുമാണ്‌ പിടികൂടുയത്‌.
പാലാ എസ.്‌എച്ച്‌.ഒ. കെ.പി തോംസണ്‍, എസ്‌. ഐ. അഭിലാഷ്‌ എം.ഡി., എ.എസ്‌. ഐമാരായ ഷാജി , ബിജു കെ. തോമസ്‌, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ഷെറിന്‍ സ്‌റ്റീഫന്‍, ജസ്‌റ്റിന്‍ ജോസഫ്‌,സിവില്‍ പോലീസ്‌ ഓഫീസര്‍ സി.രഞ്‌ജിത്ത്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here