കോഴിക്കോട്: വീട്ടുജോലിക്കെത്തിയ സ്ത്രീയെ ആക്രമിച്ചതിന് ഗൃഹനാഥനെതിരെ കേസ്. പയമ്പ്ര സ്വദേശി സുധീഷിനെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. കോഴിക്കോട് കാരപ്പറമ്പിലെ ഒരു ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്നയാളാണ് സുധീഷ്. ഇവിടെ ജോലിക്ക് വരുന്ന സ്ത്രീയോട് സുധീഷ് കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും വെള്ളം നൽകാൻ വൈകിയതിന് ഇവരെ അടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
പിന്നീട് ജോലിക്കാരിയെ മുറിയിൽ പൂട്ടിയിട്ട് സുധീഷ് പുറത്ത് പോയി. സ്ത്രീ ഫ്ലാറ്റിന്റെ ബാൽക്കണയിൽ എത്തി ബഹളം വെച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടക്കാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഫ്ലാറ്റിലെത്തി. പൊലീസ് സുധീഷിന്റെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഫോൺ എടുക്കാത്തതിനാൽ വാതിൽ പൊളിച്ചാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. ഇവരെ കോഴിക്കോട് ബീച്ചാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
സുധീഷിനെതിരെ ജോലിക്കാരിയെ മർദ്ദിച്ചതിനും മുറിയിൽ പൂട്ടിയിട്ടതിനും കേസെടുത്തിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ സ്ത്രീയെ ഇവരെ ജോലിക്കായി കൊണ്ടുവന്നയാളുടെ സംരക്ഷണയിൽ വിട്ടയച്ചു. സംഭവ ശേഷം കാണാതായ സുധീഷിനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഇയാൾക്കായുള്ള അന്വേഷണം നടക്കുകയാണെന്നും നടക്കാവ് പൊലീസ് അറിയിച്ചു.
English summary
Case filed against landlord for assaulting housemaid