Sunday, January 23, 2022

തുടർച്ചയായി മഴ പെയ്യുന്നതോടെ ആശങ്കയിലായിരിക്കുകയാണ് ഹൈറേഞ്ചിലെ ഏലം, കാപ്പി കർഷകർ

Must Read

തുടർച്ചയായി മഴ പെയ്യുന്നതോടെ ആശങ്കയിലായിരിക്കുകയാണ് ഹൈറേഞ്ചിലെ ഏലം, കാപ്പി കർഷകർ. കറുത്തഴുകലും ഞെട്ടഴുകലുമാണ് കാപ്പി കർഷകരെ അലട്ടുന്നതെങ്കിൽ അഴുകൽ തട്ടമറിച്ചിൽ രോഗങ്ങളാണ് ഏലം കർഷകർക്ക് ഭീഷണിയായിരിക്കുന്നത്.

രോഗം നിയന്ത്രിക്കാനാവുന്നില്ല

തുടർച്ചയായ മഴ കാരണം കർഷകരിൽ വലിയ വിഭാഗത്തിന് കാപ്പിച്ചെടികൾക്ക് വർഷകാലത്തും മഴയ്ക്ക് മുൻപും ചെയ്തുവന്നിരുന്ന രോഗ കീട നിയന്ത്രണമാർഗങ്ങൾ ചെയ്യുവാൻ സാധിച്ചിരുന്നില്ല. കാലവർഷം പ്രതീക്ഷിച്ചതിലും മുൻപ് ആരംഭിച്ചതിനാൽ മഴയ്ക്ക് മുൻപ് അറബിക്കാപ്പിക്ക്‌ ബോർഡോമിശ്രിതം തളിക്കുവാനൊ അറബി, റോബസ്റ്റ ഇനങ്ങൾക്ക് വേണ്ടവിധത്തിൽ വളപ്രയോഗം നടത്തുവാനോ കഴിഞ്ഞില്ല. ഇത് കാപ്പിച്ചെടികൾക്ക് കറുത്തഴുകൽ, ഞെട്ടഴുകൽ, കായപൊഴിച്ചിൽ തുടങ്ങിയ രോഗങ്ങൾ ബാധിക്കുവാൻ കാരണമായി. ഈർപ്പമുള്ള കാലാവസ്ഥയിൽ കറുത്തഴുകലും ഞെട്ടഴുകലും നിയന്ത്രിക്കുന്നതിന് മരുന്ന് തളിക്കലും സാധ്യമല്ല. ഇത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി. വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ കാപ്പിച്ചെടികൾക്ക് രോഗബാധ വർധിക്കുമെന്ന് കർഷകർ പറയുന്നു.

രോഗബാധയകറ്റാം

കറുത്തഴുകൽ, ഞെട്ടഴുകൽ രോഗങ്ങൾ ബാധിച്ച ചെടികളിലെ ഇലകളും കായകളും കുഴിച്ചുമൂടുകയൊ കത്തിച്ചുകളയുകയൊ ചെയ്യണം. ആരോഗ്യമുള്ള ചെടികൾക്ക് വായുസഞ്ചാരം കൂടുതലായി ലഭ്യമാക്കണം. ഇതിനായി കാപ്പിച്ചെടികളിൽ വീണുകിടക്കുന്ന തണൽ മരങ്ങളുടെ ഇലകളും ഉണങ്ങിയ ശാഖകളും വെട്ടിമാറ്റണം. കാപ്പിച്ചെടികളുടെ ചുവട്ടിലെ മണ്ണിൽ കാറ്റും വെളിച്ചവും ലഭ്യമാകുന്നരീതിയിൽ മാത്രം പുതയിടുക. നീർവാഴ്ചയും വേരുകൾക്ക് വായുസഞ്ചാരവും ലഭിക്കണം. ഇതിനായി നീർക്കുഴികളും നീർച്ചാലുകളും വൃത്തിയാക്കണം. മഴയ്ക്ക് ഇടവേള ലഭിച്ചാൽ കറുത്തഴുകൽ രോഗം ബാധിച്ച സ്ഥലങ്ങളിൽ 120 ഗ്രാം ബാവിസ്റ്റിൻ 200 ലിറ്റർ വെള്ളത്തിൽ കലർത്തി ലിറ്ററിന് ഒരു മില്ലി ലിറ്റർവരെ പശ ചേർത്ത് ചെടികളിൽ തളിക്കണം. ഞെട്ടഴുകൽ രോഗത്തിന് 160 ഗ്രാം ബാവിസ്റ്റിൻ 200 ലിറ്റർ വെള്ളത്തിൽ കലർത്തി ലിറ്ററിന് ഒരു മില്ലിലിറ്റർ വരെ പശ ചേർത്ത് രോഗബാധയുള്ള ബ്ലോക്കുകളിൽ തളിക്കണം. കാലവർഷത്തിന്റെ ഇടവേളയിൽ ഏക്കറിന് 50 കിലോ യൂറിയ എന്ന തോതിൽ വളപ്രയോഗം നടത്തുന്നത് കായ പൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

ഏലം വിലയിടിവ് പിന്നാലെ രോഗബാധയും

മഴ ശക്തമാകുമ്പോൾ അഴുകലും തട്ടമറിച്ചിലുമാണ് ഏലച്ചെടിയെ ബാധിക്കുക. കുമിളുകളുടെ ആക്രമണമാണ് കാരണം. ശ്രദ്ധിച്ചാൽ ഏലക്കാടുകളിൽനിന്നു രോഗവാഹകരായ കുമിളുകളെ തുരത്താം. മഴക്കാലം ആരംഭിക്കുമ്പോൾ തന്നെ മണ്ണ് പരിശോധിച്ച് പി.എച്ച്.മൂല്യം 5.7-ൽ നിലനിർത്തണം ഇതിനായി കുമ്മായം ഉപയോഗിക്കാം.

പ്രതിരോധം: വളപ്രയോഗത്തിനൊപ്പം തന്നെ രോഗം വരാതിരിക്കാൻ വേണ്ട കരുതലെടുക്കാം. രോഗബാധയില്ലാത്ത തോട്ടങ്ങളിൽ 90 കിലോ ചാണകത്തിനും 10 കിലോ വേപ്പിൻപിണ്ണാക്കിനുമൊപ്പം ഒരു കിലോ ട്രൈക്കോഡർമ ചേർത്ത് വളപ്രയോഗം നടത്തിയാൽ രോഗബാധയെ പ്രതിരോധിക്കാം. ഇലകളിൽ ബോർഡോ മിശ്രിതമൊ, സ്യുഡോമോണസ് ഫ്‌ളോറസെൻസൊ ഒരു ശതമാനം എന്ന നിരക്കിൽ വെള്ളത്തിൽ ചേർത്ത് തളിക്കണം.

അതിജീവനം: രോഗബാധ കണ്ടെത്തുന്ന തോട്ടങ്ങളിൽ സി.ഒ.സി. ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം എന്ന അളവിലൊ അല്ലെങ്കിൽ ഫോസ്‌ഫേറ്റ് അലുമിനിയം ഒരു ലിറ്റർ വെള്ളത്തിൽ ഒരു ഗ്രാം എന്ന നിലയിലോ ചേർത്ത് പ്രയോഗിച്ചാൽ രോഗബാധ നിയന്ത്രിക്കാം. മഴയുള്ള സമയത്താണെങ്കിൽ കുമിൾനാശിനിക്കൊപ്പം പശ കൂടി ചേർത്ത് പ്രയോഗിക്കണം. വിലയിടിഞ്ഞപ്പോൾ ഏലച്ചെടിക്ക്‌ രോഗം ബാധിച്ചത് കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. ഏലത്തിന് ഡിസംബർവരെ 1900-2000 രൂപ വില ലഭിച്ചിരുന്നു എന്നാൽ പിന്നീട് വില താഴ്ന്ന് 900 രൂപ വരെയെത്തി. ഓണക്കിറ്റിൽ ഏലക്കായ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനത്തെ തുടർന്ന് വില നേരിയ തോതിൽ ഉയർന്നെങ്കിലും നിലവിൽ 950-1050 രൂപയാണ് ശരാശരി വിലയായി ലഭിക്കുന്നത്.

Leave a Reply

Latest News

സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നൽകിയതെന്നും കേസിനും വർഷങ്ങൾക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാർ

കൊച്ചി: ‌നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക്...

More News