സഹപ്രവര്‍ത്തകന്‍ നിറയൊഴിച്ചു; ബി.എസ്‌.എഫ്‌. ക്യാമ്പില്‍ 5 മരണം

0

ന്യൂഡല്‍ഹി: അതിര്‍ത്തി രക്ഷാ സേനാ(ബി.എസ്‌.എഫ്‌) ക്യാമ്പില്‍ സഹപ്രവര്‍ത്തകര്‍ക്കു നേരേ ഉദ്യോഗസ്‌ഥന്‍ നടത്തിയ വെടിവയ്‌പ്പില്‍ അഞ്ചു ജവാന്‍മാര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ വെടിയുതിര്‍ത്തയാളും.
പഞ്ചാബിലെ അമൃത്സറിനു സമീപം ഖാസയില്‍ ഇന്നലെ രാവിലെയാണ്‌ സേനാനേതൃത്വത്തെ ഞെട്ടിച്ച സംഭവം. എസ്‌.കെ. സട്ടപ്പയെന്ന കോണ്‍സ്‌റ്റബിളാണു സര്‍വീസ്‌ റിവോള്‍വര്‍ ഉപയോഗിച്ചു സഹപ്രവര്‍ത്തകര്‍ക്കുനേരേ നിറയൊഴിച്ചത്‌. രാവിലെ ഒന്‍പതരയ്‌ക്കും 9.45 നും ഇടയില്‍ നടന്ന വെടിവയ്‌പ്പില്‍ സട്ടപ്പയും മരിച്ചു. ഇയാള്‍ ജീവനൊടുക്കിയതാണോ മറ്റാരെങ്കിലും വെടിയുതിര്‍ത്തതാണോയെന്ന്‌ വ്യക്‌തമായിട്ടില്ല. അഞ്ചുവട്ടം സട്ടപ്പ നിറയൊഴിച്ചെന്നാണു വിവരം. വെടിവയ്‌പ്പില്‍ ഗുരുതരപരുക്കേറ്റ ഒരു ജവാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. മരിച്ചവരെല്ലാം കോണ്‍സ്‌റ്റബിള്‍, ഹെഡ്‌കോണ്‍സ്‌റ്റബിള്‍ റാങ്കിലുള്ളവരാണ്‌. സംഭവം അറിഞ്ഞയുടന്‍ ബി.എസ്‌.എഫ്‌. ഉന്നതര്‍ സ്‌ഥലത്തെത്തി. പ്രകോപനത്തിനും വെടിവയ്‌പ്പിലേക്കും നയിച്ച കാരണങ്ങള്‍ വെളിപ്പെടുത്താന്‍ ബി.എസ്‌.എഫ്‌. നേതൃത്വം വിസമ്മതിച്ചു. ഇന്ത്യ-പാക്‌ അതിര്‍ത്തിയായ അട്ടാരി-വാഗ മേഖലയില്‍നിന്ന്‌ 13 കിലോമീറ്റര്‍ മാത്രം അകലെയാണ്‌ സംഭവമുണ്ടായ ബി.എസ്‌.എഫ്‌. ക്യാമ്പ്‌.

Leave a Reply