ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമേൽ സ്ഥാനമൊഴിയാൻ സമ്മർദം

0

ലണ്ടൻ: ലോക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് നൂറിലേറെപ്പേരെവെച്ച് പാർട്ടി നടത്തിയെന്ന വിവരം പുറത്തുവന്നതിനുപിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമേൽ സ്ഥാനമൊഴിയാൻ സമ്മർദമേറുന്നു. ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമെർ, സ്കോട്ടിഷ് ടോറി നേതാവ് ഡഗ്ലസ് റോസ്സ് തുടങ്ങിയവർ ജോൺസന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗികവസതിയിൽ പാർട്ടി നടത്തിയതിന് ബുധനാഴ്ച ജനപ്രതിനിധിസഭയിൽ അദ്ദേഹം മാപ്പുചോദിച്ചിരുന്നു. എന്നാൽ, തെറ്റുചെയ്തിട്ടില്ലെന്നും മഹാമാരിക്കാലത്ത് കഠിനപ്രയത്നം നടത്തിയവർക്ക് നന്ദിയറിയിക്കാനാണ് പാർട്ടി നടത്തിയതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. അതേസമയം, നിലവിൽ മന്ത്രിമാരുടെ പൂർണപിന്തുണ ജോൺസണുണ്ട്. രാജിയാവശ്യപ്പെടുന്നവരോട് അന്വേഷണം പൂർത്തിയാവുംവരെ കാത്തിരിക്കാനാണ് മന്ത്രിമാരുടെ പ്രതികരണം.

രാജിവെച്ചാൽ ആരാകും അടുത്ത പ്രധാനമന്ത്രി

ബോറിസ് ജോൺസൺ സ്ഥാനമൊഴിഞ്ഞാൽ ആരാവും അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് ഇന്ത്യൻ വംശജരടക്കമുള്ളവരുടെ പേരുകളാണ് ഉയർന്നുവരുന്നത്.

  • ചാൻസലർ റിഷി സുനക് -ഇദ്ദേഹത്തിന്റെ പേരാണ് പട്ടികയിൽ മുൻപന്തിയിൽ. കിഴക്കേ ആഫ്രിക്കയിൽനിന്നുള്ള ഇന്ത്യക്കാരായ ഡോക്ടർ-ഫാർമസിസ്റ്റ് ദമ്പതിമാരുടെ മകനാണ് 41-കാരനായ സുനക്. പഠനത്തിനായി ബ്രിട്ടനിലെ വിൻചെസ്റ്റെറിലെത്തി. പിന്നാലെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. സാമ്പത്തികനയങ്ങളിൽ ജോൺസനൊപ്പം പ്രവർത്തിച്ചു. അതേസമയം, അന്തിമതീരുമാനമെടുക്കേണ്ട ടോറി അംഗങ്ങൾക്കിടയിൽ അദ്ദേഹത്തിനുള്ള മതിപ്പ് അല്പം ഇടിഞ്ഞിരിക്കുകയാണ്.
  • പ്രീതി പട്ടേൽ -ഹോം സെക്രട്ടറിയായ പ്രീതി പട്ടേലിന്റെ (49) വലതുപക്ഷ ചായ്വുള്ള കാഴ്ചപ്പാടുകൾക്കും കുടിയേറ്റത്തെക്കുറിച്ചുള്ള കർശനമായ നിലപാടുകൾക്കും ടോറി അംഗങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ട്. പക്ഷേ, ഒട്ടേറെ വിവാദങ്ങളും അവരുടെ പേരിലുണ്ട്. 2010 മുതൽ എം.പി.യാണ്. ഏതാനും മന്ത്രിസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പ്രീതിയുടെ മുത്തച്ഛൻ ജനിച്ചുവളർന്നത് ഗുജറാത്തിലാണ്. പിന്നീട് യുഗാൺഡയിലേക്ക് കുടിയേറി.

Leave a Reply