Sunday, January 23, 2022

പുതുവർഷ രാവിൽ ലഹരി നുരയുമെന്ന് റിപ്പോർട്ട്; റിസോർട്ടുകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് നീരീക്ഷണം കർശനമാക്കി അധികൃതർ

Must Read

കോട്ടയം: പുതുവത്സര ദിനാഘോഷത്തിനായി വന്‍തോതില്‍ മയക്കുമരുന്ന് കേരളത്തിലെത്തിയതായി റിപ്പോർട്ട്. യുവാക്കളെ ആകര്‍ഷിക്കാന്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടികളില്‍ വിതരണം ചെയ്ത് ലക്ഷങ്ങൾ കൊയ്യാനാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് തടയുന്നതിനുള്ള എല്ലാ സംവിധാനവും ഒരുക്കിയിരിക്കുകയാണെന്നാണ് പൊലീസും എക്സൈസും വ്യക്തമാക്കുന്നത്. ഇതേത്തുടര്‍ന്ന് പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പരിശോധനയും നിരീക്ഷണവും ശക്തമാക്കും. ഡിജെ പാര്‍ട്ടികള്‍ എക്സൈസിന്റെയും പോലീസിന്റെയും നിരീക്ഷണത്തിലായിരിക്കും.

തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസും എക്സൈസും പരിശോധന ശക്തമാക്കുന്നതിന് മുമ്പേ തന്നെ മയക്കുമരുന്ന് കടത്ത് സംഘം സംസ്ഥാനത്തേക്ക് വന്‍തോതില്‍ ലഹരി വസ്തുക്കള്‍ എത്തിച്ചതായാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും എക്സൈസും കരുതുന്നത്. വനത്തിനോട് ചേര്‍ന്നും മറ്റും നിരവധി റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താത്കാലിക സൗകര്യമൊരുക്കിയും ചിലര്‍ ആഘോഷം നടത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥലങ്ങളിലാണ് കൂടുതലായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പല റിസോര്‍ട്ടുകളും ഉള്‍വനത്തില്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവയുടെ വിവരങ്ങള്‍ ഇതിനകം എക്സൈസ് വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പുതുവത്സരം ആഘോഷിക്കാനെത്തുന്നവരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റിസോര്‍ട്ട് നടത്തിപ്പുകാര്‍ക്കും മറ്റും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, കൊല്ലം, എറണാകുളം, വയനാട് എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് കൂടുതലായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പോലീസിന്റെ നാര്‍ക്കോട്ടിക് സ്‌ക്വാഡും പരിശോധനയും നിരീക്ഷണവുമായി രംഗത്തുണ്ട്.

പുതുവത്സരത്തില്‍ കണ്ണിമവെട്ടാതെ എക്സൈസിന്റെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുണ്ടാവും. എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്ത് മയക്കുമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും ഒഴുക്ക് തടയാനായി സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചത്. സ്വന്തമായി രഹസ്യാന്വേഷണം നടത്തി മയക്കുമരുന്ന് സംഘത്തെ നിയമത്തിന് മുന്നില്‍ എത്തിക്കുന്ന സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എല്ലാ ജില്ലകളിലും നിരീക്ഷണം നടത്തുന്നുണ്ട്. പുതുവത്സരത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് പൊന്‍മുടി, കോവളം, പൊഴിയൂര്‍, വേളി, കാപ്പില്‍, വര്‍ക്കല എന്നിവിടങ്ങളിലാണ്.

ഉത്തരമേഖലയില്‍ സോണല്‍ സ്‌ക്വാഡുകളും പരിശോധിക്കും. ഒറീസ, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപകമായി മയക്കുമരുന്നുകള്‍ കേരളത്തിലെത്തുന്നത്. ഇവിടെയുള്ള കച്ചവടക്കാര്‍ മൊത്തമായാണ് മയക്കുമരുന്നുകള്‍ വില്‍ക്കുന്നത്. ലോറിയിലും കാറിലും ട്രയിന്‍മാര്‍ഗവും മറ്റും കേരളത്തിലെത്തിക്കുന്ന മയക്കുമരുന്നുകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും വില്‍പ്പന നടത്തുകയാണ് പതിവ്. ഇരട്ടിയിലേറെ വില ഈടാക്കിയാണ് വില്‍പ്പന.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള മദ്യം-മയക്കുമരുന്ന് ദുരുപയോഗവും വ്യാജമദ്യ-ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിന് എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും സജ്ജമാണ്. രാത്രികാല പട്രോളിംഗ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളില്‍ ഉടന്‍ നടപടികള്‍ കൈക്കൊള്ളുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളുമാണ് പ്രവര്‍ത്തിച്ചുവരുന്നത്. പരാതിയുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഡിജെ പാര്‍ട്ടികളില്‍ നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് വ്യക്തമാക്കിയിട്ടുണ്ട്. വനത്തിനുള്ളിലും മറ്റുമുള്ള റിസോര്‍ട്ടുകളിലും താത്കാലികമായി തയാറാക്കിയിട്ടുള്ള ആഘോഷ വേദികളിലും എക്സൈസിന്റെ നിരീക്ഷണമുണ്ടാവും. അതിര്‍ത്തികളിലെ ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ‘രാഷ്ട്ര ദീപിക’യോട് പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ എത്താന്‍ സാധ്യതയുള്ളതിനാലാണ് പഴുതടച്ച പരിശോധനയ്ക്ക് എക്സൈസ് കമ്മീഷണര്‍ ഉത്തരവിട്ടത്.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News