ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം

0

റിയോഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് മഞ്ഞപ്പട പരാഗ്വയെ തകര്‍ത്തത്.28-ാം മിനുട്ടില്‍ റാഫിഞ്ഞയിലൂടെയാണ് ബ്രസീല്‍ ഗോള്‍വേട്ട തുടങ്ങിയത്.

62-ാം മിനുട്ടില്‍ ഫിലിപ്പോ കുട്ടീനോയും 86-ാം മിനുട്ടില്‍ ആന്റണിയും മഞ്ഞപ്പടയ്ക്കായി പരാഗ്വെ ഗോള്‍വല ചലിപ്പിച്ചു. 88-ാം മിനുട്ടില്‍ റോഡ്രിഗോയിലൂടെ ബ്രസീല്‍ ഗോള്‍വേട്ട പൂര്‍ത്തിയാക്കി.

ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ 32-ാം വിജയമാണിത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ വിജയക്കുതിപ്പെന്ന റെക്കോഡും ബ്രസീല്‍ ടീം സ്വന്തമാക്കി.

അതേ സമയം അർജൻ്റീന വിജയകുതിപ്പ് തുടർന്നു. കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു.29-ാം മിനുട്ടില്‍ ലൗട്ടെറൊ മാര്‍ട്ടിനെസ് ആണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്.

രാജ്യാന്തരമത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുന്ന അര്‍ജന്റീനയുടെ 29-ാമത്തെ തുടര്‍ വിജയമാണിത്. 2019 ജൂലൈക്കു ശേഷം അര്‍ജന്റീന ഇതുവരെ പരാജയപ്പെട്ടിട്ടില്ല. ഖത്തറില്‍ നടക്കുന്ന ലോകകപ്പിലേക്ക് ലാറ്റിനമേരിക്കയില്‍ നിന്നും, പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ബ്രസീലും അര്‍ജന്റീനയും ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു.

പട്ടികയിലെ ആദ്യ നാലുസ്ഥാനക്കാരാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് യോഗ്യത നേടുക. 24 പോയിന്റുമായി പട്ടികയില്‍ മൂന്നാമതുള്ള ഇക്വഡോര്‍ മേഖലയില്‍ നിന്നും യോഗ്യത നേടാന്‍ സാധ്യതയേറെയാണ്. പെറു, ചിലി, ഉറുഗ്വെ തുടങ്ങിയ ടീമുകളാണ് തൊട്ടുപിന്നിലുള്ളത്

Leave a Reply