ബെലോ ഹൊറിസോണ്ടെ: ദക്ഷിണ അമേരിക്കന്‍ മേഖലാ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ജയം തുടര്‍ന്ന് ബ്രസീലും അര്‍ജന്റീനയും.
നെയ്മര്‍ ഇല്ലാതെയിറങ്ങിയ ബ്രസീലിനും ലയണല്‍ മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീനയും തകര്‍പ്പന്‍ ജയം കുറിച്ചു. ബ്രസീല്‍ 4-0 ത്തിനു പരാഗ്വേയുടെ വല നിറച്ചു. കരുത്തരായ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. 15 കളികളില്‍നിന്നു 39 പോയിന്റുമായി ബ്രസീല്‍ ഒന്നാമതും 35 പോയിന്റുമായി അര്‍ജന്റീന രണ്ടാമതും തുടരുകയാണ്. മറ്റു മത്സരങ്ങളില്‍ യുറുഗ്വേ 4-1 നു വെനസ്വേലയെയും ചിലി 3-2 നു ബൊളീവിയയെയും തോല്‍പ്പിച്ചു. ഇക്വഡോറും പെറുവും തമ്മില്‍ നടന്ന മത്സരം 1-1 നു സമനിലയില്‍ അവസാനിച്ചു.
ബെലോ ഹൊറിസോണ്ടെയില്‍ നടന്ന മത്സരത്തില്‍ ബ്രസീലിന്റെ സമഗ്ര ആധിപത്യമായിരുന്നു. 4-3-3 ഫോര്‍മേഷനിലാണു കോച്ച് ടിറ്റെ ടീമിനെയിറക്കിയത്. കനത്ത തോല്‍വിയോടെ പരാഗ്വേ ലോകകപ്പ് യോഗ്യത നേടില്ലെന്ന് ഉറപ്പായി. 16 കളികളില്‍നിന്നു 13 പോയിന്റാണ് അവര്‍ നേടിയത്്. ഒന്നാം സ്ഥാനത്തുള്ള ബ്രസീല്‍ നേരത്തെ തന്നെ യോഗ്യത ഉറപ്പിച്ചിരുന്നു. ഇന്നലെ പരാഗ്വേയ്ക്ക് ഒരു അവസരവും നല്‍കാതെയാണ് അവര്‍ ജയിച്ചത്. 28-ാം മിനിറ്റില്‍ റാഫിനയാണ് ബ്രസീലിനു വേണ്ടി ആദ്യ ഗോളടിച്ചത്. 62-ാം മിനിറ്റില്‍ ഫിലിപ്പെ കുടീഞ്ഞോയും 86-ാം മിനിറ്റില്‍ ആന്റണിയും രണ്ട് മിനിറ്റുകള്‍ക്കു ശേഷം റോഡ്രിഗോയും പട്ടിക തികച്ചു.
അര്‍ജന്റീനയും അപരാജിത കുതിപ്പ് തുടരുകയാണ്. തോല്‍വിയോടെ കൊളംബിയയുടെ ലോകകപ്പ് യോഗ്യത പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. 16 കളികളില്‍നിന്നു 17 പോയിന്റ് നേടിയ കൊളംബിയ ഏഴാം സ്ഥാനത്താണ്. അഞ്ചില്‍ കടന്നാലേ പ്ലേ ഓഫില്‍ കളിക്കാനാകു. അര്‍ജന്റീന നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. 29-ാം മിനിറ്റില്‍ ലൗറ്റാറോ മാര്‍ട്ടിനസിന്റെ ഗോളിലാണ് അര്‍ജന്റീന ലീഡ് നേടിയത്. രണ്ടാം പകുതിയില്‍ കൊളംബിയ ഉണര്‍ന്നു കളിച്ചെങ്കിലും അര്‍ജന്റീന വല കുലുക്കാനായില്ല. ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്റര്‍ കോണ്ടിനെന്റല് പ്ലേ ഓഫ് യോഗ്യതക്ക് മൂന്ന് പോയിന്റ് പിറകിലാണ് അവര്‍. അര്‍ജന്റീനയുടെ തോല്‍വി അറിയാതെയുള്ള തുടര്‍ച്ചയായ 29-ാം മത്സരം ആയിരുന്നു അത്.
മറ്റൊരു നിര്‍ണായക പോരാട്ടത്തില്‍ വെനസ്വേലയെ തോല്‍പ്പിച്ചതോടെ യുറുഗ്വേയുടെ സാധ്യതകള്‍ സജീവമായി. റോഡ്രിഗോ ബെന്റാകൂര്‍, ജിയോര്‍ജിയാന്‍ ഡി അരാസ്കെയ്റ്റ, എഡിന്‍സണ്‍ കാവാനി, ലൂയി സുവാരസ് എന്നിവരാണ് വെനസ്വേലന്‍ വല കുലുക്കിയത്. ജോസെഫ് മാര്‍ട്ടിനസ് ഒരു ഗോള്‍ മടക്കി. പുതിയ കോച്ച് ഡീഗോ അലോണ്‍സോക്ക് കീഴില്‍ യുറുഗ്വേ നേടുന്ന രണ്ടാം ജയമാണിത്. 22 പോയിന്റ് നേടിയ യുറുഗ്വേ നാലാം സ്ഥാനത്താണ്. ബൊളീവിയയെ 3-2 നു തോല്‍പ്പിച്ച് ചിലിയും പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. വെറ്ററന്‍ താരം അലക്സി സാഞ്ചസിന്റെ ഇരട്ട ഗോളുകളാണു ചിലിയുടെ രക്ഷയ്ക്കെത്തിയത്. സാഞ്ചസ് 14, 85 മിനിറ്റുകളിലും മാഴ്സെലോ നൂനസ് 77-ാം മിനിറ്റിലും ഗോളടിച്ചു. മാര്‍ക് എനൗബ, മാഴ്സലോ മാര്‍ട്ടിന്‍സ് മോറീനോ എന്നിവര്‍ ബൊളീവിയയ്ക്കു വേണ്ടിയും ഗോളടിച്ചു. ആദ്യം ലീഡ് നേടിയതു ചിലിയായിരുന്നെങ്കിലും 37-ാം മിനിറ്റില്‍ മാര്‍ക്ക് എനൗബയിലൂടെ ബൊളീവിയ ഒപ്പമെത്തി. 88-ാം മിനിറ്റില്‍ മാഴ്സെലോ മൊറേനോ രണ്ടാം ഗോളടിച്ച് ആവേശകമാക്കിയെങ്കിലും ചിലി പിടിച്ചുനിന്നു.