ഇരുമുന്നണികളും ഭയക്കുന്നത്‌ ബി.ജെ.പിയെ: മുരളീധരന്‍

0

കൊച്ചി : ഇടതു-വലതുമുന്നണികള്‍ ഭയക്കുന്നതു ബി.ജെ.പിയെയാണെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഉജ്വലനേട്ടം കൈവരിക്കുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. മുരളീധരന്‍. ഇടതുപക്ഷം വികസനവിഷയത്തെപ്പറ്റിയുള്ള ചര്‍ച്ച നിര്‍ത്തി വര്‍ഗീയവിഷം വിളമ്പുകയാണെന്നും മുഖ്യമന്ത്രി പച്ചയായ വര്‍ഗീയതയാണ്‌ പ്രചാരണത്തിലുടനീളം നടത്തുന്നതെന്നും അതിനു തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദികളുടെ താവളം

കേരളം ഭീകരവാദികളുടെ സങ്കേതമായിക്കഴിഞ്ഞു. ഇടതു സര്‍ക്കാര്‍ ഇക്കൂട്ടരെ പ്രോത്സാഹിപ്പിക്കുകയാണ്‌. സംസ്‌ഥാനത്തെ ഒരു വിഭാഗത്തെപ്പറ്റി പറയുമ്പോള്‍ മുഖ്യമന്ത്രിക്കു സഹിക്കാന്‍ കഴിയുന്നില്ല. ഞങ്ങള്‍ ആ വിഭാഗത്തിന്‌ എതിരല്ല. അവരിലെ തീവ്രവാദികളെ സര്‍ക്കാര്‍ സഹായിക്കുന്നത്‌ അവസാനിപ്പിക്കണമെന്നാണ്‌ പറയുന്നത്‌.

ജോര്‍ജിന്റെ അറസ്‌റ്റ്‌ തീവ്രവാദികളെ പ്രീണിപ്പിക്കാന്‍

പി.സി. ജോര്‍ജിന്റെ അഭിപ്രായത്തെ വളച്ചൊടിച്ച്‌ തിടുക്കത്തില്‍ കേസ്‌ എടുത്തു. തീവ്രവാദികളെ പ്രീണിപ്പിക്കാനായിരുന്നു ജോര്‍ജിന്റെ അറസ്‌റ്റ്‌. ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന്‌ ഭീകരവാദിയെപ്പോലെയാണ്‌ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തത്‌.
അതേ സമയം, ആലപ്പുഴയില്‍ തീവ്രവാദ സ്വഭാവമുള്ള മുദ്രാവാക്യം മുഴക്കിയ കൂട്ടര്‍ക്കെതിരേ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയതേ ഇല്ല. ഇതാണ്‌ ബി.ജെ.പി. ചോദ്യം ചെയ്യുന്നത്‌. മതതീവ്രവാദികള്‍ക്കെതിരേ നടപടിവേണമെന്ന്‌ പി.സി. ജോര്‍ജ്‌ പറഞ്ഞത്‌ സ്വന്തം അനുഭവത്തില്‍നിന്നാണ്‌. ഈരാറ്റുപേട്ടക്കാരായ ചിലരാണ്‌ രാജ്യം പോലും ശ്രദ്ധിച്ച വാഗമണ്‍ സിമി തീവ്രവാദ ക്യാമ്പ്‌ കേസിലെ പ്രതികള്‍. ഉത്തരവാദപ്പെട്ട രാഷ്‌ട്രീയക്കാരനായ ജോര്‍ജിന്റെ വാക്കുകളെ സംസ്‌ഥാന സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്‌ മറ്റൊരു വിഭാഗത്തെ പ്രീണിപ്പിക്കാനാണ്‌.

തൃക്കാക്കരയില്‍ വികസനം മറന്നു

തൃക്കാക്കരയില്‍ കെ- റെയിലും വികസനവും ചര്‍ച്ചയാക്കി വോട്ടുതേടുമെന്ന്‌ ആദ്യം പറഞ്ഞ ഇടതുപക്ഷം അതേപ്പറ്റി ഇപ്പോഴെന്തേ മൗനം പാലിക്കുന്നു? ആറുവര്‍ഷമായി സംസ്‌ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിന്‌ ഏതെങ്കിലും ഒരു വികസന പദ്ധതി മുന്നില്‍ വയ്‌ക്കാനുണ്ടോ? നേട്ടങ്ങളൊന്നും പറയാനില്ലാത്തത്‌ ഇടതു സര്‍ക്കാര്‍ പരാജയമായിരുന്നുവെന്നതിനു തെളിവാണ്‌.
അതുകൊണ്ടാണ്‌ അവര്‍ വികസനചര്‍ച്ച തന്ത്രപൂര്‍വം നിര്‍ത്തി പകരം വര്‍ഗീയ വിഷയം എടുത്തിട്ട്‌ വോട്ടുതട്ടാന്‍ ശ്രമമാരംഭിച്ചത്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തിവച്ചു. കാരണം നാടിനുവേണ്ടാത്ത പദ്ധതിയെപ്പറ്റി ആവര്‍ത്തിച്ചാല്‍ ജനം തള്ളിപ്പറയുമെന്ന്‌ മുഖ്യമന്ത്രിക്ക്‌ അറിയാം. കൊച്ചി നഗരത്തിലും അതിന്റെ ഭാഗമായ തൃക്കാക്കരയിലും ഒരു വികസന പദ്ധതിയും ഇടതുപക്ഷത്തിനു പറയാനില്ല.

കൂളിമാടും പാലാരിവട്ടവും തുല്യം

പാലാരിവട്ടം പാലം നിര്‍മാണത്തില്‍ അഴിമതി ആരോപിച്ച ഇടതുപക്ഷത്തിന്‌ കൂളിമാടില്‍ നിര്‍മാണത്തിലിരുന്ന പാലം പൊളിഞ്ഞുവീണപ്പോള്‍ ഒന്നും പറയാനില്ല. പാലാരിവട്ടത്തുണ്ടായതിനു സമാനമാണ്‌ കൂളിമാടുമുണ്ടായത്‌. എന്നാല്‍, ഉത്തരവാദികള്‍ക്കെതിരേ ഒരുനടപടിയും സ്വീകരിച്ചില്ല.

ൈക്രസ്‌തവര്‍ക്കെതിരല്ല ബി.ജെ.പി.

ൈക്രസ്‌തവര്‍ക്കെതിരേയാണ്‌ ബി.ജെ.പി. എന്നാണ്‌ പ്രചാരണം. മുഖ്യമന്ത്രി തന്നെയാണ്‌ ഇതിനു നേതൃത്വം കൊടുത്തുവരുന്നത്‌. എവിടെയാണ്‌ ബി.ജെ.പി. ൈക്രസ്‌തവര്‍ക്കെതിരേ നിലകൊണ്ടിട്ടുള്ളതെന്ന്‌ ആരോപണം ഉന്നയിക്കുന്നവര്‍ പറയണം. ഓരോ സംസ്‌ഥാനങ്ങളിലും ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം പറയേണ്ടത്‌ കേന്ദ്രം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി. സര്‍ക്കാരുമാണോ? മുഖ്യമന്ത്രിമാര്‍ക്കാണ്‌ അതിന്റെ ഉത്തരവാദിത്വം. ഒരു ബിഷപ്പിനെ നികൃഷ്‌ട ജീവിയെന്നു വിശേഷിപ്പിച്ചതു പിണറായിയാണ്‌. പാലാ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിച്ചത്‌ ഇടതുപക്ഷമാണ്‌. വാസ്‌തവം ഇതായിരിക്കെയാണ്‌ ബി.ജെ.പിക്കെതിരേ മുഖ്യമന്ത്രി നട്ടാല്‍കുരുക്കാത്ത നുണകള്‍ പറയുന്നത്‌.

ഇടതുപ്രചാരണത്തില്‍ വീഴില്ല

പ്രചാരണത്തില്‍ വര്‍ഗീയ- തീവ്രവാദ വിഷയങ്ങള്‍ കൊഴുപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നുണ്ടെങ്കിലും അതില്‍ വീഴുന്നവരല്ല തൃക്കാക്കരയിലെ വോട്ടര്‍മാര്‍. ശക്‌തമായ രാഷ്‌ട്രീയ പോരാട്ടമാണ്‌ ബി.ജെ.പി. മുന്നോട്ടുവയ്‌ക്കുന്നത്‌. ബി.ജെ.പി. വര്‍ഗീയ പ്രചാരണം നടത്തിയിട്ടില്ല. കോണ്‍ഗ്രസും സി.പി.എം. നേതൃത്വം നല്‍കുന്ന ഇടതുപക്ഷവും ബി.ജെ.പിയെ ഭയക്കുകയാണ്‌. ഇവിടെ ഇടതുപക്ഷവും കോണ്‍ഗ്രസും പരസ്‌പര ധാരണയിലാണ്‌.

വ്യക്‌തിഹത്യ പാടില്ല

പാര്‍ട്ടി ഏതായാലും വ്യക്‌തിഹത്യ പാടില്ലെന്നാണു ബി.ജെ.പിയുടെ നിലപാട്‌. സി.പി.എമ്മാണ്‌ എക്കാലത്തും വ്യക്‌തിഹത്യയില്‍ മുന്നില്‍ നില്‍ക്കുന്നത്‌. മുഖ്യമന്ത്രിയോടു ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്‌്. ഗുണ്ടായിസത്തിന്‌ നേതൃത്വം നല്‍കുന്ന പാര്‍ട്ടികൂടിയാണ്‌ സി.പി.എം.

ബി.ജെ.പി. മുന്നേറും

തൃക്കാക്കരയില്‍ ബി.ജെ.പിക്ക്‌ മുന്നേറാന്‍ കഴിയുമോ എന്നു ശങ്കിച്ചവരുണ്ട്‌. അവരെപ്പോലും അതിശയിപ്പിക്കുന്ന വന്‍ മുന്നേറ്റമാണ്‌ ബി.ജെ.പി. കാഴ്‌ചവയ്‌ക്കുന്നത്‌. ഒരു സമുദായത്തോടും ബി.ജെ.പിക്ക്‌ എതിര്‍പ്പില്ല. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനത്തിന്റെ പിന്തുടര്‍ച്ച കേരളത്തിലുണ്ടാക്കാനാണ്‌ ബി.ജെ.പിയുടെ ശ്രമം. ശുഭപ്രതീക്ഷയോടെയാണ്‌ യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here