ബ്ലാസ്‌റ്റേഴ്‌സ് തോറ്റു , ബംഗളുരു 1 – ബ്ലാസ്‌റ്റേഴ്‌സ് 0

0

പനജി: കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിലെ പത്തു മത്സരങ്ങളുടെ അപരാജിത കുതിപ്പിന്‌ അവസാനം. തിലക്‌ മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗളുരു എഫ്‌.സിയോട്‌ 1-0 ത്തിനാണു ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്‌. 56-ാം മിനിറ്റിലെ റോഷന്‍ സിങ്ങിന്റെ ഫ്രീകിക്ക്‌ ഗോളാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്‌. അവരുടെ സീസണിലെ രണ്ടാമത്തെ മാത്രം തോല്‍വിയാണിത്‌.
ബംഗളൂരു എഫ്‌.സി. ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത്‌ സിങ്‌ സന്ധുവിന്റെ സേവുകളും തടസമായി. ടീമില്‍ കോവിഡ്‌-19 വൈറസ്‌ വ്യാപനം മൂലം 18 ദിവസം കളിക്കാത്തതിന്റെ പ്രശ്‌നം ബ്ലാസ്‌റ്റേഴ്‌സിനെ തുടക്കം മുതല്‍ അലട്ടി. കോച്ച്‌ ഇവാന്‍ വുകമാനോവിച്‌ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ തുറന്നടിച്ചതു ശരിവയ്‌ക്കുന്നായിരുന്നു പ്രകടനം. ഇന്നലെ 4-4-2 ഫോര്‍മേഷനിലാണു ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്‌. ബംഗളുരു കോച്ച്‌ മാര്‍കോ പെസിയൂളി 4-3-3 ഫോര്‍മേഷനിലും ടീമിനെ കളിപ്പിച്ചു. ഒന്നാം പകുതിയില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. ആല്‍വാരോ വാസ്‌ക്വസും പെരേരയും അഡ്രിയാന്‍ ലൂണയും നിരന്തരം മികച്ച മുന്നേറ്റങ്ങള്‍ നടത്തി. നിഷു കുമാറിന്റെ ഒരു മികച്ച ഷോട്ടും കണ്ടെങ്കിലും ഗുര്‍പ്രീതിനെ പരീക്ഷിക്കാനായില്ല. ബംഗളുരുവിന്റെ സൂപ്പര്‍ താരം സുനില്‍ ഛേത്രിക്ക്‌ ഇന്നലെയും തിളങ്ങാനായില്ല.
56-ാം മിനിറ്റില്‍ കിട്ടിയ ഫ്രീകിക്ക്‌ വലയിലെത്തിച്ച്‌ കൊണ്ട്‌ റോഷന്‍ ബംഗളുരുവിനു ലീഡ്‌ നല്‍കി. കളിയിലേക്കു തിരിച്ചു ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞു ശ്രമിച്ചു. 68-ാം മിനിറ്റില്‍ ഖാബ്രയുടെ ഒരു വോളിയും ഗുര്‍പ്രീത്‌ തടഞ്ഞു. 71-ാം മിനിറ്റില്‍ വീണ്ടും ഗുര്‍പ്രീത്‌ ബംഗളുരുവിനെ രക്ഷിച്ചു. അവസാനം വരെ ബ്ലാസ്‌റ്റേഴ്‌സ് പൊരുതിനോക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. ഈ ജയത്തോടെ ബംഗളുരു എഫ്‌.സി. 20 പോയിന്റുമായി നാലാമതായി. രണ്ടു മത്സരം കുറച്ചു കളിച്ച ബ്ലാസ്‌റ്റേഴ്‌സ് 20 പോയിന്റുമായി മൂന്നാം സ്‌ഥാനത്താണ്‌. ഒമ്പത്‌ ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനുശേഷമാണ്‌ ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗങ്ങളില്‍ ചിലര്‍ക്കെങ്കിലും പരിശീലനത്തിനിറങ്ങാനായത്‌. 12 ന്‌ ഒഡീഷ എഫ്‌.സിക്കെതിരേ നടന്ന മത്സരത്തിനു ശേഷമാണ്‌ ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ കോവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. മുംബൈ സിറ്റി, എ.ടി.കെ. മോഹന്‍ ബഗാന്‍ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ മാറ്റി.

Leave a Reply