പോപ്പുലര്‍ ഫ്രണ്ട് പാര്‍ട്ടി നേതാക്കളുടെ വീട്ടിലും ഓഫീസിലുമുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് സംസ്ഥാനത്തും റെയ്ഡ് നടക്കുന്നത്.
കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് പരിശോധിക്കുന്നതെന്നും അവര്‍ക്ക് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പതിവ് പരിശോധന മാത്രമാണ് നടക്കുന്നതെന്നും കെ സുരേന്ദ്രന് പറഞ്ഞു. തെരഞ്ഞെടുപ്പ് നോക്കി കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഡല്‍ഹി കലാപത്തെ പോപ്പുലര്‍ ഫ്രണ്ട് സഹായിച്ചു എന്നത് വ്യക്തമാണെന്ന് കെ സുരേന്ദ്രന് മലപ്പുറത്ത് പറഞ്ഞു.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കൊച്ചി, മലപ്പുറം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ പരിശോധന ആരംഭിച്ചത്. കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡുണ്ടായിരുന്നു. നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടക്കുമ്പോള്‍ പുറത്തു അണികള്‍ തടിച്ചു കൂടിയിരുന്നു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള പങ്കാളിത്തമാണ് പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെ എന്‍ഐഎ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് ലഭിച്ച നിര്‍ദേശമെന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ നേതാക്കളുടെ വീടുകളില്‍ പരിശോധന നടത്തുമെന്നും സൂചനയുണ്ട് .BJP state president says Enforcement Directorate raid on home and office of Popular Front party leaders is not politically motivated