Sunday, June 20, 2021

കോടിയേരിയുടെ മകൻ ലഹരി കടത്ത് കേസിൽ കുരുങ്ങിയതിലുള്ള പ്രതികാരം തീർക്കാനാണ് കെ.സുരേന്ദ്രന്റെ മകനെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നതെന്ന് ബി.ജെ.പി

Must Read

കൊച്ചി: കോടിയേരിയുടെ മകൻ ലഹരി കടത്ത് കേസിൽ കുരുങ്ങിയതിലുള്ള പ്രതികാരം തീർക്കാനാണ് കെ.സുരേന്ദ്രന്റെ മകനെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ കുടുംബാംഗങ്ങളെയടക്കം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിലൂടെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് സിപിഎം. ബിജെപിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കോടിയേരി ബാലകൃഷ്ണൻ ആദ്യം സ്വന്തം മകന്റെ അക്കൗണ്ടിലുള്ള പണം എവിടെ നിന്ന് വന്നെന്ന് കോടതിയെ ബോധ്യപ്പെടുത്തട്ടെ.

സംസ്ഥാന പോലീസിനെ സിപിഎം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണെന്ന് ബിജെപി. തൃശൂർ കൊടകരയിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് ബിജെപിയെയും നേതാക്കളെയും പൊതുസമൂഹത്തിൽ അവഹേളിക്കാനുള്ള ബോധപൂർവമായ ശ്രമം സിപിഎം നയിക്കുന്ന സർക്കാർ നടത്തുകയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപിത അജൻഡയായ മോദി വിരുദ്ധരാഷ്ട്രീയം കൂടിയാണ് സംസ്ഥാന പാർട്ടിയെ വേട്ടയാടുന്നതിലൂടെ നടപ്പാക്കപ്പെടുന്നതെന്നും പാർട്ടി കൊച്ചിയിൽ ചേർന്ന കോർ കമ്മറ്റി യോഗത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തിരക്കഥ അനുസരിച്ച് നടക്കുന്ന അന്വേഷണ നാടകമാണിത്. സ്വർണ്ണക്കടത്ത് – ഡോളർക്കടത്ത് കേസുകളുടെ ചെളിക്കുണ്ടിൽ നിൽക്കുന്ന സർക്കാർ, മറ്റുള്ളവരുടെ പുറത്ത് കൂടി ചെളി വാരി എറിയാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പാർട്ടി ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിലും കൂടുതൽ മണ്ഡലങ്ങളിൽ ബിജെപിയുടെ സ്വാധീനം വർധിച്ചത് എൽഡിഎഫിനെയും യുഡിഎഫിനെയും ഒരു പോലെ പരിഭ്രാന്തരാക്കുന്നുണ്ട്. അതിന് തടയിടാനാണ് ദിവസവും ഓരോ കള്ളക്കഥകൾ ബിജെപിക്കെതിരെ മെനയുന്നത്.

വാദിയുടെ മാത്രം കോൾ ലിസ്റ്റ് എടുത്തുള്ള ചോദ്യം ചെയ്യൽ നാടകമാണ് നടക്കുന്നത്. അന്വേഷണ സംഘത്തിന് മുന്നിൽ തല ഉയർത്തിപ്പിടിച്ചു തന്നെ ബിജെപി നേതാക്കളും പ്രവർത്തകരും പോകും. പുലർച്ചെ തലയിൽ മുണ്ടിട്ടോ രോഗിയെന്ന് തെളിയിച്ച് സഹതാപം പിടിച്ചു പറ്റാനോ ശ്രമിക്കില്ല. കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട് സംസ്ഥാന അദ്ധ്യക്ഷനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തെ പാർട്ടി ഒറ്റക്കെട്ടായി നേരിടും.

കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള ഇച്ഛാശക്തി ഭാരതീയ ജനതാ പാർട്ടിക്കുണ്ട്. ജിഹാദികളെ പ്രീണിപ്പിക്കാൻ നടത്തുന്ന നിയമവിരുദ്ധ കേസന്വേഷണത്തിൽ മുട്ടിടിക്കുന്നവരല്ല ബിജെപി. ഇത്തരം നിരവധി വെല്ലുവിളികളെ അതിജീവിച്ച് തന്നെയാണ് ഈ പാർട്ടി പാർലെമന്റിൽ രണ്ടു സീറ്റിൽ നിന്ന് 303 സീറ്റെന്ന നിലയിലേക്ക് വളർന്നത്. ബിജെപിക്കെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങൾക്ക് എന്നും മറുപടി കൊടുത്തിട്ടുള്ളത് ഈ രാജ്യത്തെ ജനങ്ങളാണ്. ജനങ്ങളിലുള്ള വിശ്വാസം തുടർന്നും മുന്നോട്ട് നയിക്കും.

ഭൂരിപക്ഷസമുദായത്തിനും ക്രൈസ്തവർക്കും ബിജെപിക്കുമേൽ വർദ്ധിച്ചുവരുന്ന വിശ്വാസം എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ അസ്വസ്ഥരാക്കുന്നതും ഹീനമായ ഈ രാഷ്ട്രീയപ്രചാരവേലകൾക്ക് പിന്നിലുണ്ടെന്ന് അണികൾ തിരിച്ചറിയണമെന്ന് ബിജെപി നേതൃത്വം അഭ്യർത്ഥിച്ചു. കേരള നിയമസഭയെപ്പോലും മോദിവിരുദ്ധ രാഷ്ട്രീയം പറയാനുള്ള വേദിയാക്കി മാറ്റുന്ന കേരളത്തിൽ ബിജെപിയെ ഏതുവിധേനയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ട്. ഇടത് അനുഭാവം പരസ്യമാക്കിയിട്ടുള്ള ചില മാധ്യമപ്രവർത്തകരുടെയും സിപിഎം സൈബർ സംഘത്തിന്റെയും സഹായത്തോടെ നടക്കുന്ന പ്രചാരണങ്ങളിൽ അണികൾ ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതെന്നും ബിജെപി വ്യക്തമാക്കി.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News