ബിജെപി നേതാവും അഭിഭാഷകനുമായ ശങ്കു ടി.ദാസിന് ബൈക്കപടത്തിൽ ഗുരുതര പരുക്ക്

0

ബിജെപി നേതാവും അഭിഭാഷകനുമായ ശങ്കു ടി.ദാസിന് ബൈക്കപടത്തിൽ ഗുരുതര പരുക്ക്. ഇന്നലെ രാത്രി ഓഫീസിൽ നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴിക്കാണ് അപകടം. ചമ്രവട്ടം പാലത്തിനു സമീപമുള്ള പെരുന്നല്ലൂരിൽ വച്ചാണ് അപകടമുണ്ടായത്. അപകടകാരണം ഇപ്പോഴും അജ്ഞാതമാണ്. എന്നാൽ വെറുമൊരു സ്വാഭാവിക അപകടമാക്കാനുള്ള ഇടപെടലുകൾ പല കോണിലും നടക്കുന്നുണ്ട്. വെറുമൊരു ബൈക്ക് അപകടമാണെന്ന തരത്തിലാണ് ആദ്യം എത്തിയ റിപ്പോർട്ടുകൾ. പിന്നീട് ജന്മഭൂമിയാണ് നിഗൂഡതകൾ ചർച്ചയാക്കി വാർത്തയുമായി എത്തിയത്.

ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിലോ ഡിവൈഡറിലോ ഇടിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, അപകടത്തിന്റെ ശബ്ദം കേൾക്കുന്നതിന് തൊട്ടു മുൻപ് മറ്റൊരു വലിയ ശബ്ദം കേട്ടതായി പരിസരവാസികൾ പറയുന്നുണ്ട്. വലിയൊരു വാഹനം ഇടിച്ചു വീഴ്്ത്താനുള്ള സാധ്യതയും ഏറെയാണ്. ഒന്നും പൊലീസിനും ഈ ഘട്ടത്തിൽ സ്ഥിരീകരിക്കാൻ കഴിയുന്നില്ല. ബോധമില്ലാത്ത അവസ്ഥയിലാണ് ശങ്കു. അതുകൊണ്ട് തന്നെ ആരോടും ശങ്കു അപകടശേഷം സംസാരിച്ചതുമില്ല. കൊലപാതക ശ്രമാണ് നടന്നതെന്നതാണ് സൂചന. സമാന രീതിയിലെ അപകടമാണ് മാധ്യമ പ്രവർത്തകനായ എസ് വി പ്രദീപിന്റേയും ജീവനെടുത്തത്.

സ്‌ഫോടനം കേട്ടുവെന്ന നാട്ടുകാരുടെ വെളിപ്പെടുത്തൽ ജന്മഭൂമിയാണ് റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെ എങ്കിൽ സ്‌ഫോടനമുണ്ടാക്കിയ ശേഷമുള്ള അപകടമാണ് ശങ്കുവിനെതിരെ ഉണ്ടായതെന്ന് വേണം മനസ്സിലാക്കാൻ. ശക്തമായ പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ ഇത് പുറത്തു വരൂ. നിരവധി രാഷ്ട്രീയ ശത്രുക്കൾ ഉള്ള ശങ്കു മതമൗലികവാദികളുടെ കണ്ണിലേയും കരടാണ്. അതുകൊണ്ടാണ് സ്‌ഫോടന ശബ്ദം കേട്ടുവെന്ന റിപ്പോർട്ടുകൾ അതീവ ഗൗരവമായി മാറുന്നത്. ശങ്കുവിനെതിരെ നടന്നത് ബോംബാക്രമണമാകാം എന്ന സംശയവും ശക്തമാണ്.

അപകടശേഷം കുറച്ചു നേരം ശങ്കു അവിടെ കിടന്നു എന്നാണ് റിപ്പോർട്ടുകൾ. പിന്നീട്, ഒരു ബിജെപി പ്രവർത്തകനാണ് ശങ്കുവിനെ തിരിച്ചറിഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇമ്പിച്ചിബാവ ആശുപത്രിയിൽ നിന്ന് കോട്ടക്കൽ മിംസിലേക്ക് എത്തിച്ച് സ്‌കാനിങ് ഉൾപ്പെടെ പരിശോധനകൾ നടത്തി. പിന്നീട്, വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിന്റെ സ്‌കാനിങ്ങിൽ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ, കരളിന് ഗുരുതരമായ പരുക്കേറ്റതിനെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്. ശങ്കു ഇപ്പോഴും അബോധാവസ്ഥയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തും.

ശബരിമല വ്യാജ ചെമ്പോല അടക്കമുള്ള വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ ആളായിരുന്നു ശങ്കു ടി. ദാസ്. നിരവധി രാഷ്ട്രീയ ശത്രുക്കൾ ശങ്കുവിനുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ തന്നെ വ്യക്തമാക്കുന്നുണ്ട്. പരിവാറിൽ പോലും പലരും ശങ്കുവിന്റെ നിലപാടുകളെ ചോദ്യം ചെയ്തിരുന്നു. സന്ദീപ് വാര്യരേയും ശങ്കു ടി ദാസിനേയുമാണ് പരിവാറിലെ യുവ നേതൃത്വം ബിജെപിയുടെ ഭാവിയായി കണ്ടത്. ഇത് പലർക്കും അസ്വസ്ഥതകളും സൃഷ്ടിച്ചിരുന്നു. ഇതിനൊപ്പം ഹിന്ദുത്വ വിഷയത്തിൽ അടക്കം ശങ്കു എടുത്ത നിലപാടുകൾ മറുഭാഗത്തേയും ചൊടിപ്പിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകനായ എസ് വി പ്രദീപിനെ ടിപ്പിർ ലോറി ആണ് ഇടിച്ചു കൊന്നത്. അപകടത്തിൽ സംശയങ്ങൾ ഏറെയുണ്ടായി. എന്നാൽ ഒന്നും ഗൗരവത്തിലുള്ള അന്വേഷണത്തിന് വഴിവച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here