ബിഷപ്‌ ഡോ. ഫ്രാങ്കോ മുളയ്‌ക്കല്‍ പ്രതിയായ ലൈംഗികപീഡനക്കേസില്‍ കോടതിവിധി ഇന്ന്‌

0

കോട്ടയം: ബിഷപ്‌ ഡോ. ഫ്രാങ്കോ മുളയ്‌ക്കല്‍ പ്രതിയായ ലൈംഗികപീഡനക്കേസില്‍ കോടതിവിധി ഇന്ന്‌. കോട്ടയം അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി ജി. ഗോപകുമാറാണു വിധി പറയുക.
ജലന്ധര്‍ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ മിഷനറീസ്‌ ഓഫ്‌ ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തില്‍ തന്നെ പലതവണ പീഡിപ്പിച്ചെന്ന കന്യാസ്‌ത്രീയുടെ പരാതിയിലാണു പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌.
2018 സെപ്‌റ്റംബര്‍ 21- ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ്‌ ചെയ്‌തു. വിചാരണയ്‌ക്കിടെ ജാമ്യത്തിലിറങ്ങിയ ബിഷപ്‌, എട്ടു ദിവസം നീണ്ട അന്തിമവാദത്തിന്റെ അവസാന ദിവസമായിരുന്ന ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. 2020 ഒക്‌ടോബറില്‍ വിചാരണ തുടങ്ങിയ കേസിലാണ്‌ ഇന്നു കോടതി വിധി പറയുന്നത്‌.
കേസിലെ 83 സാക്ഷികളില്‍ 39 പേരെ വിസ്‌തരിച്ചു. സാക്ഷിപ്പട്ടികയില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, രണ്ട്‌ ബിഷപ്പുമാര്‍, വൈദികര്‍, കന്യാസ്‌ത്രീകള്‍ എന്നിവരും ഉണ്ടായിരുന്നു. പ്രോസിക്യൂഷന്‍ 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം ആറു സാക്ഷികളെ വിസ്‌തരിച്ചു.
സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ജിതേഷ്‌ ജെ. ബാബു, അഡ്വ. സുബിന്‍ കെ. വര്‍ഗീസ്‌ എന്നിവര്‍ പ്രോസിക്യൂഷനു വേണ്ടിയും അഡ്വ. ബി. രാമന്‍പിള്ള, അഡ്വ. സി.എസ്‌. അജയന്‍ എന്നിവര്‍ പ്രതിഭാഗത്തിനു വേണ്ടിയും കോടതിയില്‍ ഹാജരായി.

Leave a Reply