Tuesday, May 18, 2021

ബെവ്കോ – കൺസ്യൂമർഫെഡ് ഔട്ട്‌ലൈറ്റുകൾക്കും ഗോഡൗണുകൾക്കും കർശന സുരക്ഷ; ശർക്കരയും താതിരിപ്പൂവും കറുകപട്ടയും കിട്ടാനില്ല; മദ്യക്കച്ചവടം നടത്തുന്നവരെയും കണ്ടെത്താൻ പ്രത്യേക സംഘം

Must Read

കൊച്ചി: മദ്യശാലകൾ അടച്ചതോടെ ശർക്കരയ്ക്ക് ആവശ്യക്കാർ കൂടി. സ്വന്തമായും വാണിജ്യാവശ്യത്തിനും വാറ്റുചാരായം നിർമിക്കുന്നവർ ശർക്കര വാങ്ങി കൂട്ടുകയാണ്. ശർക്കരയ്ക്ക് പുറമെ താതിരിപ്പൂവിനും കറുകപടയ്ക്കും ഡിമാൻ്റ് കൂടിയിട്ടുണ്ടെന്ന് വിൽപ്പനക്കാർ പറയുന്നു.

പലചരക്ക് കടകളിലും മറ്റും ചാരായം വാറ്റുന്നതിനുള്ള സാമഗ്രികൾ ഉൾപ്പെടുത്തി ‘വാറ്റ് കിറ്റു’കൾ വിൽക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു.

കോവിഡ് വ്യാപനത്തെ തുടർന്നു മദ്യവിൽപന നിർത്തിയതോടെ ബെവ്കോ – കൺസ്യൂമർഫെഡ് ഔട്ട്‌ലൈറ്റുകൾക്കും ഗോഡൗണുകൾക്കും കർശന സുരക്ഷ ഏർപ്പെടുത്തി. മോഷണം ഉൾപ്പെടെയുള്ളവ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണിത്. ബെവ്കോ എംഡിയും ഇക്കാര്യത്തിൽ പൊലീസ് സഹായം തേടിയിട്ടുണ്ട്. രാവിലെയും വൈകിട്ടും രാത്രിയും പ്രത്യേക പട്രോളിങ് സംഘം ഔട്ട്‌ലെറ്റുകളുള്ള മേഖലകളിൽ പ്രത്യേക പരിശോധന നടത്തും. ബെവ്കോ ഗോഡൗണുകളുടെ പുറത്തു പാർക്കു ചെയ്തിരുന്ന ലോഡ് നിറച്ച ലോറികൾ അകത്തേക്കു കയറ്റി സുരക്ഷിതമായി പാർക്കു ചെയ്തു കഴിഞ്ഞു. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലാണു ഗോഡൗണുകളുള്ളത്.

വ്യാജമദ്യവും വാറ്റും ഉൾപ്പെടെ സജീവമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് എക്സൈസും സ്പെഷൽ പട്രോളിങ് സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. ഈ സംഘം രാവിലെയും വൈകിട്ടും പ്രത്യേക പരിശോധനകൾ നടത്തും. കായലോരങ്ങൾ, വയലുകൾ, പറമ്പുകൾ തുടങ്ങി ഒഴിഞ്ഞു കിടക്കുന്ന മേഖലകളിലാണു കൂടുതൽ ശ്രദ്ധ വയ്ക്കുക.

സ്റ്റോക്കിനു സമയം കിട്ടിയില്ല

മദ്യവിൽപനശാലകൾ അപ്രതീക്ഷിതമായി അടച്ചതിനാൽ അധികം മദ്യം ആർക്കും സംഭരിച്ചു വയ്ക്കാനായിട്ടില്ലെന്ന വിലയിരുത്തലിലാണ് എക്സൈസ്. എന്നാൽ, നേരത്തെ കയ്യിലുള്ള മദ്യം കൂടിയ വിലയ്ക്കു വിൽക്കുന്നവരെയും മദ്യക്കച്ചവടം നടത്തുന്നവരെയും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വീടുകൾ കേന്ദ്രീകരിച്ചു വാറ്റുന്നവരെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതിർത്തി മേഖലകളിൽ പരിശോധന വർധിച്ചതിനാൽ ജില്ലയിലേക്കു കാര്യമായി സ്പിരിറ്റും എത്തിയിട്ടില്ല. ഇതു മൂലം വാറ്റുന്നവർക്കു വൻ ഡിമാൻഡ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പരിശോധന കർശനമാക്കുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.

കള്ളുഷാപ്പിൽ പാഴ്സൽ മാത്രം

കള്ളുഷാപ്പുകളിൽ നിലവിൽ പെർമിറ്റുള്ള കള്ളിന് അനുസരിച്ച് പാഴ്സൽ നൽകാം. എന്നാൽ, ഷാപ്പിലിരുന്നു കുടിക്കാൻ അനുമതിയില്ല. കുപ്പി സ്വയം വീട്ടിൽ നിന്നു കൊണ്ടു പോകണം. കള്ളുഷാപ്പുകളിൽ സാനിറ്റൈസർ, കൈകൾ കഴുകാനുള്ള വെള്ളം, സോപ്പ് എന്നിവ നി‍ർബന്ധമായും ഉണ്ടാകണമെന്നും എക്സൈസ് നിർദേശിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ഇവിടെ പരിശോധനയും നടക്കും

Leave a Reply

Latest News

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് ഡോ. കെ കെ അഗർവാൾ കൊവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് പത്​​മശ്രീ ഡോ. കെ കെ അഗർവാൾ കൊവിഡ്​ ബാധിച്ച്​ മരിച്ചു. 62 വയസ്സായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം...

More News