Sunday, January 23, 2022

ക്രിസ്ത്യൻ- മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നുവരുന്ന അക്രമങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് ബെന്നി ബഹനാൻ എം പിയുടെ കത്ത്

Must Read

കൊച്ചി: രാജ്യത്ത് ക്രിസ്ത്യൻ- മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നുവരുന്ന അക്രമങ്ങൾക്കെതിരെ ബെന്നി ബഹനാൻ എം പി പ്രധാനമന്ത്രിക്ക് കത്തെഴുതി. രാജ്യത്ത് പലസംസ്ഥാനങ്ങളിലും ക്രിസ്ത്യൻ- മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് നേരെ സംഘടിത ആക്രമണങ്ങള്‍ വർധിച്ച് വരികയാണ് എന്നത് വളരെ ഏറെ ആശങ്ക ഉളവാക്കുന്നതായി കത്തിൽ പറയുന്നു.

ഇക്കഴിഞ്ഞ ഡിസംബർ 17 ന് ‘ധർമ്മ സൻസദ്’ അല്ലെങ്കിൽ ‘മത പാർലമെന്റ്’ എന്ന പേരിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വെച്ച് തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തിയ പരിപാടിയിൽ മുസ്‌ലിംകൾക്കെതിരായ അക്രമത്തിന് പരസ്യമായ ആഹ്വാനമുയർത്തുകയുണ്ടായി. ഇതിന് ചുക്കാൻ പിടിച്ചത് ബിജെപി നേതാവ് അശ്വിനി ഉപാധ്യായയും ബിജെപി മഹിളാ മോർച്ച നേതാവ് ഉദിത ത്യാഗിയുമാണ്. ഇത്തരത്തിൽ ഹിന്ദു വലതുപക്ഷ സംഘടനകൾ തീവ്ര മുസ്‌ളീം വിരുദ്ധത പ്രകടിപ്പിച്ച് അടുത്തിടെ സംഘടിപ്പിച്ച രണ്ട് പരിപാടികൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന എഴുപത്തിയാറ് അഭിഭാഷകർ ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് കത്തയച്ച സ്ഥിതി വരെയുണ്ടായാതായി ബെന്നി ബഹനാൻ കത്തിൽ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ ഉത്തർ പ്രദേശിലെ ആഗ്രയിൽ സന്താ ക്ലോസ് വേഷധാരിയെ രാഷ്ട്രീയ ബജറങ് ദൽ പ്രവർത്തകർ കയ്യേറ്റം ചെയ്ത് സന്താ ക്ലോസ് മൂർദ്ധാബാദ് എന്നുള്ള മുദ്രാവാക്യം മുഴക്കി. വാരണാസിയിലെ ചന്ദ്മാരി ജില്ലയിൽ ക്രിസ്തുമസ് പരിപാടി നടക്കാൻ പോകുന്നിടത്ത് ഒരു കൂട്ടം ആളുകൾ കാവിക്കൊടിയുമായ് എത്തി ജയ്ശ്രീരാം വിളികളോടെ തമ്പടിച്ചു. ഹരിയാനയിലെ അംബാലയി്‌ലെ കന്റോന്‍മെന്റ് ഏരിയയിലെ റെഡീമർ പള്ളിയില്‍ നടന്ന അക്രമത്തില്‍, അക്രമികൾ യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു.

അസമിലെ സില്‍ചാറിലും,കര്‍ണാടകയിലെ മാണ്ഡ്യയിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. ഇതിനെല്ലാം കഴിഞ്ഞ രണ്ടാഴ്ച നമ്മുടെ രാജ്യം സാക്ഷ്യം വഹിച്ചു. ഇതിനെതിരെ മുഖം തിരിക്കുക മാത്രമല്ല, പരക്ഷമായി ഇത്തരം പ്രവർത്തനങ്ങളെ പിന്തുണക്കുന്ന സമീപനമാണ് അതാത് സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളുന്നതെന്ന് ബെന്നി ബഹനാൻ ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുളള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കുറ്റവാളികളെ പിടികൂടുന്നതിനുളള നടപടികള്‍ സ്വീകരിക്കാറില്ല എന്നതാണ്, വീണ്ടും വീണ്ടും ആക്രമങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നത്. രാജ്യത്തെ ക്രിസ്ത്യൻ -മുസ്ലിം മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങൾ തടയുന്നതിന് അടിയന്തര കര്‍ശന നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും,സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിര്‍വഹിക്കാനും ജീവിക്കുന്നതിനുമുളള സാഹചര്യം സൃഷ്ടിക്കാൻ വഴിയൊരുക്കണമെന്നും ബെന്നി ബഹനാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News