ബെന്നിച്ചൻ തോമസ് കേരളത്തിന്റെ പുതിയ മുഖ്യ വനം മേധാവി

0

തിരുവനന്തപുരം: ബെന്നിച്ചൻ തോമസ് കേരളത്തിന്റെ പുതിയ മുഖ്യ വനം മേധാവി. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡനായി സേവനമനുഷ്ഠിച്ച് വരുകയാണ് അദ്ദേഹം. മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറി കേസിൽ ബെന്നിച്ചൻ തോമസിനെതിരെ ആരോപണം ഉയർന്നിരുന്നു. കേസിൽ സർക്കാർ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

മരം മുറിക്കാൻ ഉള്ള അനുമതി തമിഴ്നാടിന് നൽകിയതുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടായത്. എന്നാൽ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ക്ലീൻ ചിറ്റ് നൽകിയതോടെയാണ് നിയമന ശുപാർശ മന്ത്രിസഭ അം​ഗീകരിച്ചത്. 1988 ബാച്ച് കേരള കേഡർ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ് ബെന്നിച്ചൻ തോമസ്. തുടർച്ചയായി 34 വർഷക്കാലം വനംവകുപ്പിൽ തന്നെ അദ്ദേഹം സേവനമനുഷ്ഠിച്ചു എന്നതും പുതിയ വനം മേധാവിയുടെ പ്രത്യേകതയാണ്.

ഐഎഫ്എസ് പ്രൊബേഷന് ശേഷം മൂന്നാർ എഡിസിഎഫ് ആയി സർവ്വീസിൽ പ്രവേശിച്ച ഇദ്ദേഹം വനം വകുപ്പിൽ മാങ്കുളം , നിലമ്പൂർ, മൂന്നാർ,കോന്നി, കോട്ടയം എന്നിവിടങ്ങളിൽ ഡിഎഫ്ഓ ആയി സേവനം അനുഷ്ഠിച്ചിരുന്നു. പിടിപി നഗറിലുള്ള സാമൂഹ്യ വനവത്ക്കരണ വിഭാഗം മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷൻ ഡിസിഎഫ്, തേക്കടി വൈൽഡ് ലൈഫ് പ്രിസർവേഷൻ ഓഫീസർ, തേക്കടി ഇക്കോ ഡവലപ്മെന്റ് ഓഫീസർ, തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിസിഎഫ് , സിസിഎഫ് ഇക്കോ ഡവലപ്മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ,വർക്കിംഗ് പ്ലാൻ ആന്റ് റിസർച്ച് എന്നിങ്ങനെയുള്ള സ്ഥാനങ്ങളും കൈകാര്യം ചെയ്തിരുന്നു. കോട്ടയം പ്രോജക്റ്റ് ടൈഗർ ഫീൽഡ് ഡയറക്ടർ, എബിപി കൺസർവേറ്റർ, ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ, സംസ്ഥാന വനവികസന കോർപ്പറേഷൻ ചെയർമാൻ – മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്. പിസിസിഎഫ് (എഫ്.എൽ.ആർ), പിസിസിഎഫ് ഫോറസ്റ്റ് മാനേജ്മെന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1997-2000 കാലത്ത് തേക്കടി ഇക്കോ ഡവലപ്മെന്റ് ഓഫീസറായിരിക്കെ നടപ്പാക്കിയ പെരിയാർ മോഡൽ (ഇന്ത്യാ ഇക്കോ ഡവലപ്മെന്റ് പ്രോജക്റ്റ്) രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.

സുവോളജി, ലൈഫ് സയൻസ്, ഫോറസ്ട്രി എന്നീ വിഷയങ്ങളിൽ ബിരുദാന്തര ബിരുദധാരിയാണ് ബെന്നിച്ചൻ തോമസ്. രണ്ടു വർഷം കൊച്ചി സർവ്വകലാശാല പരിസ്ഥിതി വകുപ്പിൽ എൻവയേൺമെന്റൽ ബയോ കെമിസ്ട്രി എന്ന വിഷയത്തിൽ യുജിസി ഫെല്ലോ ആയി ഗവേഷണവും നടത്തിയിട്ടുണ്ട്. മികച്ച സേവനത്തിന് നിരവധി ഗുഡ് സർവ്വീസ് എൻട്രികളും ദേശീയ അവാർഡുകളും ലഭിച്ചിട്ടുണ്ട്.കോട്ടയം കിടങ്ങൂർ ചെമ്പിളാവ്കര പുല്ലാട്ടുകുന്നേൽ കെ.വി.തോമസ്, കുട്ടിയമ്മ ദമ്പതികളുടെ ഏഴുമക്കളിൽ നാലാമനാണ് ബെന്നിച്ചൻ തോമസ്. ഭാര്യ ജോളി ബെന്നിച്ചൻ. മക്കൾ ബിറ്റോ, ജ്യുവൽ,ദിൽ എന്നിവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here