Thursday, July 29, 2021

പൈ മാമ വരുന്നതിനു മുമ്പുതന്നെ കടപ്പുറത്ത് നിരവധി കാക്കകൾ എത്തും, ഒപ്പം തെരുവുനായ്ക്കളും; വഴിക്കണ്ണുകളുമായി ഇവർ കാത്തുനിൽക്കും, ആറരയോടെ സുന്ദരേശ പൈ എന്ന പൈ മാമ കടപ്പുറത്തേക്ക് എത്തും അവർക്കുള്ള ഭക്ഷണവുമായി

Must Read

ഫോർട്ടുകൊച്ചിയുടെ പ്രഭാതം വിരിയുന്നത് പൈ മാമയുടെ വരവോടെയാണ്… പൈ മാമ വരുന്നതിനു മുമ്പുതന്നെ കടപ്പുറത്ത് നിരവധി കാക്കകൾ എത്തും, ഒപ്പം തെരുവുനായ്ക്കളും. വഴിക്കണ്ണുകളുമായി ഇവർ കാത്തുനിൽക്കും. ആറരയോടെ സുന്ദരേശ പൈ എന്ന പൈ മാമ കടപ്പുറത്തേക്ക് എത്തും അവർക്കുള്ള ഭക്ഷണവുമായി. കഴിഞ്ഞ 12 വർഷമായി ഈ രീതിക്ക് മാറ്റമില്ല. ചോറും ഗോതമ്പും ബിസ്കറ്റുമൊക്കെ നിറച്ച സഞ്ചികളുമായി സ്കൂട്ടറിലാണ് പൈ മാമയുടെ വരവ്.

വന്നാലുടനെ കാക്കകൾക്കും നായ്‌ക്കൾക്കും ചോറ്്‌ കൊടുക്കും. നായ്‌ക്കകൾക്ക്‌ ബിസ്കറ്റുമുണ്ട്. ഇനി സമയം തെറ്റി വന്ന ആരെങ്കിലും ദൂരെമാറി നിൽക്കുന്നുണ്ടെങ്കിൽ അവരെ വിളിക്കുന്നതിന് പൈ മാമ കൈയിൽ കരുതിയിട്ടുള്ള വിസിൽ ഊതും. അതോടെ ശേഷിക്കുന്ന കാക്കകളും പ്രാവുകളുമെല്ലാം കടപ്പുറത്തെത്തുന്നു.

നായ്ക്കളെല്ലാം നോൺ വെജിറ്റേറിയനാണെങ്കിലും പൈ മാമ ആർക്കും നോൺ വെജ് കൊടുക്കില്ല. വിശന്നിരിക്കുന്നതിനാൽ പൈമാമ വേവിച്ചു കൊടുക്കുന്ന ചോറുതന്നെ നായ്ക്കൾക്ക് ഇഷ്ടമാണ്. ചോറ്‌്‌ തിന്നാത്ത നായ്ക്കൾക്കാണ് ബിസ്കറ്റ് കൊടുക്കുന്നത്. ഗോതമ്പ് കരുതുന്നത് പ്രാവുകൾക്കു വേണ്ടിയാണ്.

ലോക്‌ഡൗൺകാലത്തും സുന്ദരേശ പൈ ഈ ഭക്ഷണവിതരണം മുടക്കിയിട്ടില്ല. കഴിഞ്ഞ 14 വർഷത്തിനിടയിൽ ഒരൊറ്റ ദിവസംപോലും ഈ മിണ്ടാപ്രാണികൾക്കുള്ള ഭക്ഷണത്തിന്‌ ഇദ്ദേഹം മുടക്കംവരുത്തിയിട്ടില്ല.

‘‘എത്ര മഴയായാലും കൊടുങ്കാറ്റായാലും ഞാൻ കടപ്പുറത്തെത്തും. അല്ലെങ്കിൽ ഒരുപാട് ജീവികൾ പട്ടിണിയിലാകും. എനിക്കത് ഓർക്കാൻ പോലും കഴിയില്ല…’’ -സുന്ദരേശ പൈ പറയുന്നു.

ഭാര്യ പ്രേമലതയാണ് ചോറ്്‌ തയ്യാറാക്കുന്നത്. കൂവപ്പാടത്ത് ശാന്തിനഗറിലാണ് സുന്ദരേശ പൈ താമസിക്കുന്നത്. ആദ്യകാലത്ത് കടപ്പുറത്ത് നടക്കാൻ പോകുമായിരുന്നു. അങ്ങനെയാണ് കടപ്പുറത്ത് എത്തുന്ന ജീവികളുമായി ബന്ധം തുടങ്ങുന്നത്. പിന്നീട് കടപ്പുറത്തു തന്നെ എക്സർസൈസുകൾ ചെയ്യാൻ തുടങ്ങി. പുലർച്ചെ മുതൽ അവിടെയുണ്ടാകും. കാക്കകൾ ഭക്ഷണം കിട്ടാതെ അലയുന്നത് ശ്രദ്ധയിൽപ്പെട്ടു. പിന്നീട് അവയ്ക്കുള്ള ഭക്ഷണവുമായി കടപ്പുറത്തെത്തി. ഇപ്പോൾ അതൊരു ശീലമായി മാറി.

‘‘മുമ്പ് സഞ്ചാരികൾ വന്നിരുന്നതിനാൽ ഇവയ്ക്കെല്ലാം ഭക്ഷണം കിട്ടിയിരുന്നു. ഇപ്പോൾ ഫോർട്ടുകൊച്ചിയിൽ ഹോട്ടലുകൾ പോലും പ്രവർത്തിക്കുന്നില്ല. ഭക്ഷണം ലഭിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതായി. ലോക്‌ഡൗൺ കാലത്ത് കടപ്പുറവും അടച്ചിട്ടു. എന്നാലും ഒരു ദിവസം പോലും ഞാൻ മുടങ്ങിയില്ല. പോലീസുകാർ ആദ്യം തടഞ്ഞു. ഞാൻ കാര്യം പറഞ്ഞതോടെ അവർ കടപ്പുറത്ത് പ്രവേശിക്കാൻ എനിക്കു മാത്രം അനുവാദം തന്നു. മിണ്ടാപ്രാണികൾ വിശന്നിരിക്കുന്ന കാര്യം അവർക്കും മനസ്സിലായി. ഞാൻ എത്തുന്നതിന് മുമ്പേ കടപ്പുറത്തു വന്ന് കാക്കകൾ കാത്തിരിക്കും… അതൊരു കാഴ്ചയാണ്. മഴയില്ലെങ്കിൽ ഏതാണ്ട് 500-ഓളം കാക്കകൾ വരും. നല്ല മഴയാണെങ്കിൽ എണ്ണം തീരെ കുറവായിരിക്കും. മറ്റു നോൺ ഭക്ഷണമെന്തെങ്കിലും കിട്ടിയാൽ നായ്ക്കൾ വരില്ല. അല്ലെങ്കിൽ എന്നെ കാണുമ്പോൾ അവരും ഓടിയെത്തും…’’ അദ്ദേഹം പറഞ്ഞു.

പക്ഷികളുടെയും നായ്ക്കളുടെയും ശീലങ്ങളൊക്കെ പൈ മാമയ്ക്ക് അടുത്തറിയാം, അവരുടെ ഇഷ്ടങ്ങളും. നടക്കാൻ കഴിയുന്ന കാലത്തോളം കടപ്പുറത്ത് വന്ന് ഈ ജീവികൾക്ക് ഭക്ഷണം നൽകുമെന്നും സുന്ദരേശ പൈ പറയുന്നു

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News