Sunday, January 23, 2022

അനധികൃത പാറമടകൾ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മുക്തരാകും മുമ്പ് തലപുഞ്ചക്കാരെ തേടി അടുത്ത ദുരന്തമെത്തി; കക്കാട്ടുപറമ്പ് മല ഇടിച്ചു നിരത്തുന്ന മണ്ണ് മാഫിയ; മല ഇടിച്ചു നിരത്തിയാലും തീരില്ല ദുരിതം; ലക്ഷ്യം പ്ലൈവുഡ് പശ നിർമാണ ഫാക്ടറി; ഇനി വരുന്ന തലമുറയ്ക്കെക്കെന്നല്ല ഈ തലമുറക്കും തലപുഞ്ചയിൽ ജീവിക്കാനാകില്ലെന്ന് നാട്ടുകാർ

Must Read

പെരുമ്പാവൂർ: ഇനി വരുന്ന തലമുറയ്ക്കെക്കെന്നല്ല ഈ തലമുറക്കും തലപുഞ്ചയിൽ ജീവിക്കാനാകില്ല. അനധികൃത പാറമടകൾ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മുക്തരാകും മുമ്പ് തലപുഞ്ചക്കാരെ തേടി അടുത്ത ദുരന്തമെത്തി. കക്കാട്ടുപറമ്പ് മല ഇടിച്ചു നിരത്തുന്ന മണ്ണ് മാഫിയ. മല തുരക്കുന്നതോ? മറ്റൊന്നിനുമല്ല പ്ലൈവുഡ് ഫാക്ടറിയിലേക്കുള്ള പശ നിർമാണ കമ്പനി തുടങ്ങാനും. മാരകവിഷം പുറംതള്ളുന്ന പ്രക്രീയയാണ് പ്ലൈവുഡ്-പശ നിർമാണം.

അശമന്നൂർ പഞ്ചായത്തിലെ 12-ാം വാർഡിലുൾപ്പെടുന്ന തലപ്പുഞ്ച കക്കാട്ടുപറമ്പ് മലയിൽ നിന്ന് മണ്ണെടുക്കുന്നതിൽ വ്യാപക പ്രതിഷേധമുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ല. മാഫിയ അത്രയ്ക്ക് ശക്തരാണ്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മാഫിയക്കൊപ്പമാണ്.

സമരസമിതി രൂപവത്കരിച്ച് പ്രതിരോധം തീർക്കുകയാണ് നാട്ടുകാർ. ഓടയ്ക്കാലി-മേതല കല്ലിൽ റോഡിനും മുട്ടത്തുമുകൾ-കോട്ടേലപ്പടി റോഡിനും ഇടയ്ക്കുള്ള കുന്നിൻപ്രദേശമാണ് കക്കാട്ടുപറമ്പ്. റവന്യൂ ഭൂമിയും മണ്ണെടുപ്പ് സംഘം കയ്യേറുന്നതായാണ് ആരോപണം. കനത്ത മഴയിൽ കുത്തിയൊഴുകുന്ന ചെളിവെള്ളം പ്രദേശവാസികളുടെ ജലസ്രോതസ്സുകളിലെത്തി കിണറുകൾ മലിനമായി. പാതകളിലൂടെ ഒഴുകിയിറങ്ങിയ ചെളിയിൽപ്പെട്ട്‌ കാൽനട യാത്രികരും വാഹനങ്ങളും അപകടത്തിൽ പെടുന്നു. കോവിഡിനെത്തുടർന്ന് പോലീസിന്റെയും, റവന്യൂ ഉദ്യോഗസ്ഥരുടെയും ശ്രദ്ധ കുറഞ്ഞത് മുതലെടുത്താണ് മണ്ണെടുപ്പ്.

കക്കാട്ടുപറമ്പെന്ന കുന്നിൻചെരിവ് നിരത്തി പശ കമ്പനി തുടങ്ങാനാണ് നീക്കം. കക്കാട്ടുപറമ്പിൽ മണ്ണെടുക്കുന്ന സ്ഥലത്തെ മരങ്ങൾ പൂർണമായി മുറിച്ചുമാറ്റി സ്ഥലം ഭാഗികമായി നിരപ്പാക്കിക്കഴിഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് രാപകൽ ഭേദമില്ലാതെയാണ് കുന്നുതുരന്ന് ടോറസ് ലോറികളിൽ മണ്ണും പാറക്കല്ലും കടത്തുന്നത്.

മുമ്പ് തലപ്പുഞ്ച, കുരീക്കൻപാറ പ്രദേശങ്ങളിൽ ഒരുഡസനിലധികം പാറമടകളുണ്ടായിരുന്നു. തലപ്പുഞ്ച മഹാദേവ ക്ഷേത്രത്തിന്റെ താഴികക്കുടം പാറമടയിലെ സ്‌ഫോടനത്തിൽ കരിങ്കല്ല് വീണ് തെറിച്ചുപോയ സംഭവമുണ്ടായിട്ടുണ്ട്.

നാട്ടുകാരുടെ നിരന്തര പ്രക്ഷോഭങ്ങളെത്തുടർന്നാണ് പാറമടകൾ നിർത്തിയത്. ഒരുവമ്പൻ പാറമടയും ക്രഷറും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അനധികൃത പാറമടകൾ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് തലപ്പുഞ്ച, മുട്ടത്തുമുകൾ, അകത്തറംമാലി, വായ്ക്കര, കുരീയ്ക്കൻപാറ തുടങ്ങിയ പ്രദേശങ്ങൾ മുക്തമാകും മുമ്പേയാണ് വീണ്ടും മല തുരക്കുന്നത്

Leave a Reply

Latest News

സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നൽകിയതെന്നും കേസിനും വർഷങ്ങൾക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാർ

കൊച്ചി: ‌നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക്...

More News