Monday, June 21, 2021

പ്രജനനകാലത്തായതിനാൽ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു; നിർത്തിക്കൂടെ ഊത്തപിടിത്തം

Must Read

കേരളത്തിൽ ശുദ്ധജല മത്സ്യങ്ങളുടെ പ്രജനന കാലമാണ് ജൂൺ മാസം. മുട്ടയിടാനായി മത്സ്യങ്ങൾ മറ്റു ജലാശയങ്ങളിൽ നിന്ന് വയലിലേക്കും തോട്ടിലേക്കും അരുവികളിലേക്കും കയറി വരുന്നത് ഈ സമയത്താണ്. പുതുമഴയിൽ വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു തോടുകളിലേക്കും അരുവികളിലേക്കുമെല്ലാം പുഴയിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ കയറിവരുന്നത് മൺസൂൺ തുടക്കത്തിലെ പതിവു കാഴ്ചയാണ്. ആ സമയത്ത് വയറുനിറയെ മുട്ടകളുള്ളതിനാൽ ഈ മത്സ്യങ്ങൾ വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു ജലാശയങ്ങളിലേക്കും വരുമ്പോൾ നിസഹായാവസ്ഥയിലായിരിക്കും. മറ്റു സമയങ്ങളിൽ കാണിക്കുന്ന അതിജീവന സാമർത്ഥ്യമൊന്നും ഈ പൂർണ ഗർഭാവസ്ഥയിൽ ഈ മത്സ്യങ്ങൾക്ക് സാധ്യമല്ല. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായാണ് മത്സ്യങ്ങൾ ഇങ്ങനെ ദേശാന്തരഗമനം നടത്തുന്നത്. ഈ പ്രയാണത്തെ ഊത്ത എന്നാണ് വിളിക്കുന്നത്. ഈ വർഷം മെയ് പകുതിയോടെ തന്നെ പല പ്രദേശങ്ങളിലും ഇതാരംഭിച്ചിരിക്കുന്നു. കേരളത്തിലെ എല്ലാ പുഴയോര ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ മത്സ്യ പ്രയാണങ്ങൾ കാണാം. ഊത്തക്കയറ്റം, ഊത്തയിളക്കം, ഊത്തൽ, ഏറ്റീൻ കയറ്റം എന്നിങ്ങനെ ഊത്തയ്ക്ക് പ്രാദേശികമായി വ്യത്യസ്ത പേരുകളുണ്ട്. പ്രജനനകാലത്തെ മത്സ്യങ്ങളുടെ ഈ ദേശാന്തരഗമനം ഇന്ന് അവയുടെ നാശത്തിനുതന്നെ കാരണമായിരിക്കുന്നു. കാരണം ഊത്തകയറ്റത്തിന്റെ സമയത്ത് അവയെ പിടിക്കാൻ വളരെ എളുപ്പമാണ്. പുതുവെള്ളത്തിലേക്കുള്ള മത്സ്യങ്ങളുടെ പാതകളിൽ നിന്നാൽ എളുപ്പത്തിൽ ആർക്കും ഇവയെ പിടിക്കാം. പ്രജനനകാലത്തായതിനാൽ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു. അതുവഴി പല നാടൻ മത്സ്യങ്ങളും ഇന്നു വംശനാശ ഭീഷണിയിലാണ്.

ഏകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശഭീഷണിയിലാണ്. ഏറെ അപകടം പിടിച്ച രീതിയിലാണ് ഇന്ന് ഊത്തപിടുത്തം നടക്കുന്നത്. മീനുകൾ സഞ്ചരിക്കുമ്പോൾ അവയുടെ വഴികളെല്ലാം ചിറകെട്ടിയടച്ച്, അവിടെ പത്താഴം എന്നും കൂട് എന്നും വിളിക്കുന്ന കെണിയൊരുക്കി സകല മീനിനെയും പിടിക്കുന്ന രീതിയാണ് ഏറെ അപകടം. പുഴയിൽനിന്ന് വയലിലേക്ക് മത്സ്യങ്ങൾ കയറുന്ന തോടിലാവും ഈ കെണിയൊരുക്കുന്നത് എന്നതിനാൽ ഒരൊറ്റ മത്സ്യവും ഇതിൽനിന്ന് രക്ഷപ്പെടില്ല. ഇത്തരം കെണികളില്ലാത്ത വഴിയിലൂടെ കയറിവന്ന മത്സ്യങ്ങൾ പിന്നെ പിടിക്കപ്പെടുന്നത് പ്രധാനമായും ഒറ്റാൽ, വല, വെട്ട് എന്നീ രീതികളിലാണ്. രാത്രി വെട്ടുകത്തിയും ടോർച്ചുമായി ഇറങ്ങി വെട്ടിപ്പിടിക്കുന്നവരാണ് ഇന്നു വയലുകളിൽ കൂടുതലായി കാണുന്നത്. മുളയും ഈറ്റയും കൊണ്ടു നിർമ്മിച്ച ഒറ്റാൽ ഉപയോഗിച്ച് തീരെ ആഴംകുറഞ്ഞ ഇടങ്ങളിൽ മീൻ പിടിക്കുന്ന രീതിയും ഇപ്പോൾ കണ്ടുവരുന്നു. വലയുടെ ഉപയോഗത്തിലാണ് ഇന്ന് ഏറെ അപകടം പതുങ്ങിയിരിക്കുന്നത്. ആദ്യകാലങ്ങളിൽ അകന്ന കണ്ണികളുള്ള വലകൾ മാത്രമെ മാർക്കറ്റിൽ ലഭ്യമായിരുന്നുള്ളു. പ്രധാനമായും അവ കൈകൊണ്ട് നെയ്തെടുക്കുന്നവയായിരുന്നു. ഇന്ന് ഫാക്ടറിയിൽനിന്ന് നിർമ്മിച്ചെടുക്കുന്ന കൊതുകുവലയ്ക്കു സമാനമായ വലകൾ വളരെ വ്യാപകമായി ഉപയോഗിക്കുന്നത് കാണാം. ചെറിയ മീനുകളെപ്പോലും നശിപ്പിക്കുന്ന ഈ വലകൾ നിയമം മൂലം നിരോധിച്ചതാണെങ്കിലും പല പ്രദേശങ്ങളിലും ആളുകൾ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി തുടരുന്ന മൺസൂൺ കാലത്തെ ഈ മത്സ്യവേട്ട ഇതുവരെ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലല്ലോ, അത് കർഷകരുടെയും പുഴയോരത്തു താമസിക്കുന്നവരുടെയും ഇഷ്ടവിനോദമായി എത്രയോ കാലം തുടർന്നിട്ടും കുഴപ്പമുണ്ടായിട്ടില്ലല്ലോ എന്നാണ് ചോദ്യമെങ്കിൽ, അത് ഇന്നത്തെ നമ്മുടെ സാഹചര്യങ്ങളക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മയിൽ നിന്നുണ്ടാകുന്നതാണ്.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News