ബാര്‍ട്ടന്‍ഹില്‍ കൊലപാതകം; പ്രതികള്‍ക്ക് ജീവപര്യന്തം, ഒന്നാം പ്രതിക്ക് 15 വര്‍ഷത്തേക്ക് പരോളില്ല, അനിയുടെ ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി

0

തിരുവനന്തപുരം: ബാര്‍ട്ടന്‍ഹില്‍ കോളനിയില്‍ ഓട്ടോ ഡ്രൈവര്‍ അനില്‍ കുമാറിനെ (അനി) കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒന്നും രണ്ടും പ്രതികളായ വിഷണു, മനോജ് എന്നിവര്‍ക്കാണ് തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 1,45,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. നാലുപ്രതികള്‍ക്ക് എതിരെയാണ് മ്യൂസിയം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്നും നാലും പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു.
അനില്‍കുമാറിന്റെ ഭിന്നശേഷിക്കാരിയായ ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഒന്നാംപ്രതി ജീവന്‍ എന്നു വിളിക്കുന്ന വിഷ്ണുവിന് 15 വര്‍ഷത്തേക്ക് പരോളിന് അനുമതിയില്ല. കേസില്‍ കൂറുമാറിയ എട്ടു സാക്ഷികള്‍ക്ക് എതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടു. 

2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ അനിയെ വിഷ്ണുവും സംഘവും വെട്ടിക്കൊല്ലുകയായിരുന്നു. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് അനയും സംഘവും വിഷ്ണുവിന്റെ വീട്ടില്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പകവീട്ടാനാണ് അനിയെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം ഗുണ്ടുകാട് കോളനിയിലെ ഒറ്റമുറി വീട്ടിലാണ് അനിയും കേള്‍വി, സംസാര ശേഷി കുറവുള്ള ഭാര്യ സീമയും താമസിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here