തിരുവനന്തപുരം: സ്വകാര്യ ബാർ കൗണ്ടറുകൾ വഴി മദ്യ വിൽക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഉടനെ തീരുമാനമെടുക്കില്ല. അതേ സമയം കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ ബിവറേജസ് അവശ്യസർവ്വീസായി ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ മദ്യവിൽപനശാലകൾ അടച്ചു പൂട്ടാൻ സർക്കാരിന് മേൽ സമ്മർദ്ദമുണ്ടായേക്കും. ദേശീയ ലോക്ക് ഡൗൺ ചർച്ച ചെയ്യാൻ ചേരുന്ന ഇന്നത്തെ മന്ത്രിസഭായോഗം ഇക്കാര്യം ചർച്ച ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പിന്നാലെ കേന്ദ്രസർക്കാരും മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിടുക്കപ്പെട്ട് ഒരു തീരുമാനത്തിലേക്ക് പോകേണ്ടെന്ന് സർക്കാരും തീരുമാനിച്ചത്.
ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബാറുകളും അടച്ചിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ബെവ്കോയുടേയും കൺസ്യൂമർ ഫെഡിന്റേയും വിദേശ മദ്യവിൽപനശാലകൾ അടച്ചിട്ടതുമില്ല. കടുത്ത നിയന്ത്രണങ്ങളോടെ നടപ്പാക്കുന്ന ലോക്ക് ഡൗണിനിടയിലും മദ്യവിൽപനശാലകളിൽ കനത്ത തിരക്കനുഭവപ്പെടുകയും വരുമാനം മുടങ്ങിയ ബാർലോബി സർക്കാരിൽ സമ്മർദ്ദം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്വകാര്യ ബാർ കൗണ്ടറുകൾ വഴി മദ്യം വിൽക്കാനുള്ള ആലോചന സർക്കാരും എക്സൈസ് വകുപ്പും ആരംഭിച്ചത്.
ബെവ്കോ മദ്യവിൽപനശാലകളിലെ അതേ വിലയ്ക്ക് മദ്യം വിതരണം ചെയ്യാൻ തയ്യാറാണെന്ന് ബാർ ഉടമകൾ സർക്കാരിനെ അറിയിച്ചു. ഇതോടെ അടുത്ത രണ്ട് ദിവസത്തിൽ ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുകയും ചെയ്തു. ബാറുകൾ അടയ്ക്കുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാരെ മുൻനിർത്തി ഇത്തരമൊരു കാര്യം സർക്കാർ ആലോചിക്കുന്നുണ്ടെന്ന് എക്സൈസ് മന്ത്രിയാണ് സ്ഥിരീകരിച്ചത്.
ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപകമായി മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.