കൊച്ചി: ബംഗളൂരുവിലെ വ്യാപാരി ഗാനശ്രാവൺ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലേക്ക് വഴിപാടായി നൽകാമെന്ന് പറഞ്ഞ 726 കോടി രൂപയുടെ സമർപ്പണപദ്ധതി നിയമക്കുരുക്കിലേക്ക്. ഗാനശ്രാവണനെതിരെ ദേവസ്വം മന്ത്രിക്ക് പരാതി ലഭിച്ചതും ദേവസ്വം ഓംബുഡ്സ് മാന് മുന്നിലെ നടപടികൾ നീളുന്നതുമാണ് പ്രശ്നം.
തിരുവനന്തപുരം കൈമനം സ്വദേശി അഡ്വ. പി.എസ്. ശാന്തിയാണ് പരാതിക്കാരി. ദേവസ്വം മന്ത്രി ചോറ്റാനിക്കരയിൽ വിളിച്ച യോഗത്തിൽ ഗാനശ്രാവണൊപ്പം ഇവർ പങ്കെടുത്തിരുന്നു. ജ്യോതിഷത്തിലൂടെ ഭക്തരെ ആകർഷിച്ച് ക്ഷേത്രത്തിൽ അനധികൃത പൂജകൾ നടത്തുന്ന ഗാനശ്രാവണ് യാതൊരു ബിസിനസ് പശ്ചാത്തലവുമില്ലെന്നാണ് പ്രധാന ആക്ഷേപം. തട്ടിപ്പിനാണ് ശ്രമിക്കുന്നതെന്നും പൊലീസ് അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു. മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയെങ്കിലും, അന്വേഷണം ഇന്റലിജൻസ് വിഭാഗത്തെ ഏൽപ്പിക്കണമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ മറുപടി.
ഗാനശ്രാവൺ സമർപ്പിച്ച വിവരങ്ങളിൽ അവ്യക്തതയുണ്ടെന്നും വിശദാംശങ്ങൾ വേണമെന്നും ദേവസ്വം ഓംബുഡ്സ്മാൻ നിർദേശിച്ചിട്ടുണ്ട്. മുന്നാങ്കി ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് സമർപ്പണപദ്ധതിക്ക് ഫണ്ട് ലഭ്യമാക്കുക. കമ്പനി 2020ൽ രജിസ്റ്റർ ചെയ്തതിനാൽ ബാലൻസ്ഷീറ്റ് ഉൾപ്പടെയുള്ള രേഖകൾ തയ്യാറല്ലെന്ന് ഓംബുഡ്സ്മാനെ അറിയിച്ചിരുന്നു. ഇതാണ് വിശദീകരണം തേടാൻ കാരണമായത്.സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് ഉടമ ഗാനശ്രാവൺ ഒരു വർഷത്തിലേറെയായി പദ്ധതി നടപ്പാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന്റെ അനുമതി കാക്കുകയാണ്. ജനുവരിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചോറ്റാനിക്കരയിൽ വിളിച്ചുചേർത്ത യോഗത്തിനുശേഷമാണ് നടപടിക്രമങ്ങൾ വേഗതയാർജിച്ചതും ദേവസ്വംബോർഡ് നിർദേശങ്ങൾ ഓംബുഡ്സ്മാന് മുന്നിൽ സമർപ്പിച്ചതും.
ധാരണാപത്രം ദേവസ്വം ഓംബുഡ്സ്മാൻ മുഖാന്തരം ഹൈക്കോടതി ദേവസ്വംബെഞ്ചിന് സമർപ്പിച്ച് അംഗീകാരം വാങ്ങണം. ധാരണപത്രത്തിന് അന്തിമരൂപം നൽകുന്ന നടപടിയാണ് ഇനിയുള്ളത്.
വിദേശപണം എത്തിക്കാൻ ദേവസ്വം ബോർഡുമായുള്ള ധാരണപത്രം അനിവാര്യമാണെന്ന് കാട്ടി ഗാനശ്രാവൺ ദേവസ്വം ഓംബുഡ്സ് മാന് ഫെബ്രുവരി 19ന് കത്തുനൽകി. ബ്രിട്ടനിലെ അക്കൗണ്ടിൽനിന്നാണ് തുക വരേണ്ടത്. റിസർവ് ബാങ്ക് അനുമതി ആവശ്യമായതിനാൽ സങ്കീർണമായ നടപടിക്രമങ്ങൾ പാലിക്കണം. സാമ്പത്തികകാര്യങ്ങൾക്ക് രഹസ്യസ്വഭാവമുള്ളതിനാൽ ബ്രിട്ടനിൽനിന്നുള്ള സ്രോതസുകളുടെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ നൽകാൻ തയ്യാറാണ്. ഇതിനായി 60 ദിവസം അനുവദിക്കണമെന്നും കത്തിൽ പറയുന്നു.”ചോറ്റാനിക്കര അമ്മയാണ് എല്ലാം. അമ്മയുടെ ഉപാസകനാണ്. അനുമതി കിട്ടിയാൽ പദ്ധതി വൈകില്ല. പരാതി നൽകിയ ശാന്തിയെ പരിചയമുണ്ട്. അവരുടെ ലക്ഷ്യം എന്തെന്നറിയില്ല. ആരൊക്കെയോ ഇതിനെതിരെ നീങ്ങുന്നുണ്ട്.”-ഗാനശ്രാവൺ
English summary
Bangalore-based businessman Gana Shravan’s donation of Rs 726 crore to Chottanikkara Bhagwati temple