വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്‌തെന്ന് ആരോപണം; ക്രിസ്ത്യൻ മിഷനറി സ്കൂളിന് നേരെ ബജ്റംഗ് ദൾ ആക്രമണം

0

വിദിഷ: വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്‌തെന്ന് ആരോപിച്ച് മധ്യപ്രദേശിലെ ക്രിസ്ത്യൻ മിഷനറി സ്കൂളിന് നേരെ ബജ്​റംഗ്​ ദൾ ആക്രമണം. ബസോദ പട്ടണത്തിലെ സെന്റ് ജോസഫ് സ്കൂളിലാണ് സംഭവം. ബജ്​റംഗ്​ ദൾ പ്രവർത്തകരും നൂറു കണക്കിന് നാട്ടുകാരും സ്കൂളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്നായിരുന്നു കല്ലേറുണ്ടായത്. സംഭവസമയത്ത് പ്ലസ്​ടു വിദ്യാർത്ഥിളുടെ കണക്ക് പരീക്ഷ നടക്കുകയായിരുന്നു.

എട്ട്​ വിദ്യാർഥികളെ സ്​കൂൾ അധികൃതർ മതംമാറ്റിയെന്ന്​ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ്​ ആക്രമണം ഉണ്ടായത്​. സ്​കൂൾ കോമ്പൗണ്ടിൽ വൻ ജനക്കൂട്ടം മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്​. അകത്തുണ്ടായിരുന്ന വിദ്യാർഥികളും സ്‌കൂൾ ജീവനക്കാരും തലനാരിഴക്കാണ്​ അക്രമകാരികളിൽനിന്ന്​ രക്ഷപ്പെട്ടത്​. ജനക്കൂട്ടം ചില്ലുകൾക്ക് നേരെ കല്ലെറിഞ്ഞതോടെ എല്ലാവരും പരിഭ്രാന്തരായെന്ന് ഒരു​ വിദ്യാർഥി പറഞ്ഞു. പരീക്ഷ വീണ്ടും നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

പ്രാദേശിക മാധ്യമങ്ങളിലൂടെയാണ്​ ആക്രമണത്തിന്‍റെ വിവരം ലഭിച്ചതെന്നും തുടർന്ന് പൊലീസിനെയും സംസ്ഥാന ഭരണകൂടത്തെയും അറിയിച്ചതായും സ്‌കൂൾ മാനേജർ ബ്രദർ ആന്‍റണി വ്യക്​തമാക്കി. പോലീസ് കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതപരിവർത്തനം നടത്തിയെന്ന ആരോപണവും മാനേജർ നിഷേധിച്ചു.

അതേസമയം, മതപരിവർത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രാദേശിക ബജ്‌റംഗ്ദൾ യൂനിറ്റ് നേതാവ് നിലേഷ് അഗർവാൾ ആവശ്യപ്പെട്ടു. സംഭവം സത്യമാണെങ്കിൽ സ്‌കൂൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കൂടാതെ ആരോപണ വിധേയമായ മതപരിവർത്തനത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. സ്കൂൾ മാനേജ്മെന്‍റിനെ ചോദ്യം ചെയ്യുമെന്ന്​ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് റോഷൻ റായ് പറഞ്ഞു. സ്കൂളിനെതിരായ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നേരത്തെ വിദിഷ ജില്ല കലക്ടർക്ക് കത്തയച്ചിരുന്നു.

Leave a Reply